Connect with us

Kerala

അരുണ്‍ രാജിന്റെ അവയവങ്ങള്‍ ഏഴ് പേരില്‍ തുടിക്കും

Published

|

Last Updated

അങ്കമാലി: റോഡപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച അങ്കമാലി വേങ്ങൂര്‍ സ്വദേശി അരുണ്‍രാജി(28)ന്റെ അവയവങ്ങള്‍ ഇനിയും ജീവിക്കും. വേര്‍പാടിന്റെ തീരാവേദനക്കിടയിലും മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ പിതാവ് രാജന്റെ തീരുമാനം ഏഴ് പേര്‍ക്കാണ് പുതുജീവന്റെ പ്രത്യാശ പകരുന്നത്. കേരളത്തില്‍ ഏറ്റവും അധികം അവയങ്ങള്‍ ദാനം ചെയ്ത വ്യക്തികൂടിയാകും അരുണ്‍.

ചൊവ്വാഴ്ച രാവിലെ അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെയാണ് അരുണ്‍ രാജിന്റെ ഹൃദയവും വൃക്കകളും കണ്ണുകളും കൈകളും കരളും എടുത്തത്. അനുയോജ്യമായ ഹൃദയം വെക്കാന്‍ കേരളത്തില്‍ ആളില്ലാത്തതിനാല്‍, ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയില്‍ ഹൃദയത്തിനായി ഐ സിയുവില്‍ കഴിയുന്ന പതിനെട്ട് വയസ്സുകാരന്‍ പൊള്ളാച്ചി സ്വദേശി മനോജ്കുമാറിനാണ് ഹൃദയം വെച്ചുപിടിപ്പിച്ചത്. പത്തനംതിട്ട ജില്ലയിലെ ചണ്ടനാപ്പിള്ളി സ്വദേശി ജോര്‍ജ് വര്‍ഗീസി (60) നാണ് കരള്‍ ലഭിച്ചത്. കാഞ്ഞിരപ്പിള്ളി കനകമല സ്വദേശി ജോബീസ് ഡേവീസ്(32), എറണാകുളം കുമാരപുരം സ്വദേശി അഖില്‍ മോഹന്‍ എന്നിവര്‍ക്ക് വൃക്കകള്‍ നല്‍കി. നേത്രപടലത്തിന്റെ തകരാറുമൂലം ഇരുട്ടില്‍ കഴിയുന്ന രണ്ട് പേര്‍ക്ക് ഇന്ന് രാവിലെ ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ നടക്കുന്ന ശസ്ത്രക്രിയയില്‍ കണ്ണുകള്‍ വെച്ചുപിടിപ്പിക്കും. രണ്ട് കൈകളും വെച്ചുപിടിപ്പിക്കുന്നത് തമിഴ്‌നാട് സ്വദേശി വീട്ടമ്മയായ ലിങ്ക സെല്‍വി (49) നാണ്. ഇവര്‍ ആറ് മാസമായി അമൃത ആശുപത്രിയില്‍ കൈകള്‍ കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു.

ഇന്നലെ രാവിലെ പത്ത് മണിക്കാണ് ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ ഡോക്ടര്‍ മോഹനന്റെ നേതൃത്വത്തില്‍ ഹൃദയമെടുക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചത്. 12 മണിയോടെ പൂര്‍ത്തിയായി. ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തില്‍ കൈകളും ഡോ. ബിനോജ്, ഡോ. ബിജു എന്നിവരുടെ നേതൃത്വത്തില്‍ വൃക്കകളും കരളും എടുത്തു. ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഡോ. അര്‍ജുന്‍ ചാക്കോ, കാര്‍ഡിയോളജി മേധാവി ഡോ. സ്റ്റിജി ജോസഫ്, ഡോ. എ കെ റഫീഖ്, സര്‍ജ്ജറി വിഭാഗം മേജര്‍ ഡോ. രാജേഷ്, യൂറോളജിസ്റ്റ് ഡോ. ജോണ്‍ എബ്രഹാം, ഡോ. ജോസഫ് പോള്‍ എന്നിവരും ശസ്ത്രക്രിയകളില്‍ പങ്കുചേര്‍ന്നു. ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലെ നേത്രബാങ്കിലെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ കണ്ണുകളുമെടുത്തു.

ഹൃദയം ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലേക്ക് വിമാനമാര്‍ഗം എത്തിക്കുന്നതിന് ഉച്ചക്ക് 12.15ന് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ആംബുലന്‍സ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടു. ഒരു മണിയോടെ വിമാനം ചെന്നൈയിലേക്ക് തിരിച്ചു. തുടര്‍ന്ന് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഒമ്പത് മണിയോടെ പൂര്‍ത്തിയായി. ഏറെ താമസിയാതെ അരുണിന്റെ ഹൃദയം മനോജ്കുമാറില്‍ സ്പന്ദിച്ചുതുടങ്ങി. ഉച്ചക്ക് ഒന്നരയോടെ അരുണിന്റെ ഒരു വൃക്കയും കരളുമായി ആംബുലന്‍സ് അമൃത ആശുപത്രിയിലേക്കും ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലേക്കും പുറപ്പെട്ടു. വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ച ശസ്ത്രക്രിയകള്‍ ഏഴര മണിയോടെ പൂര്‍ത്തിയായി. വൃക്കകളും കരളും കൈകളും സ്വീകരിച്ചവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

നെടുമ്പാശ്ശേരിക്കടുത്ത് ഉണ്ടായ വാഹനപകടത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ അരുണിനെ ഞായറാഴ്ച വൈകിട്ടോടെയാണ് അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കാനിംഗിംല്‍ ഗുരുതരമായ രക്തസ്രാവവും പരുക്കും ഉണ്ടെന്ന് കണ്ടെത്തി. ശസ്ത്രക്രിയ നടത്താനാവാത്തവിധം പരുക്ക് അതീവ ഗുരുതരമായതിനാല്‍ അരുണിനെ വെന്റിലേറ്ററിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയോടെ മസ്തിഷ്‌കമരണം സംഭവിച്ചതായി സ്ഥിരീകരിച്ചു.

അങ്കമാലി വേങ്ങൂര്‍ അംബേദ്കര്‍ കോളനിയില്‍ ചേരാമ്പിള്ളി വീട്ടില്‍ രാജന്‍-സീത ദമ്പതികളുടെ മൂത്തമകനാണ് അരുണ്‍. അരുണിന്റെ അമ്മയും അച്ഛനും കൂലിപ്പണിക്കാരാണ്. അനിയന്‍ അഖില്‍ രാജ് സിംഗപൂരിലാണ്. നെടുമ്പാശ്ശേരി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ കാര്‍ഗോ ജീവനക്കാരനായിരുന്നു അരുണ്‍.

 

Latest