Connect with us

National

ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയും വി ടി ദേവഗൗഡയും നേര്‍ക്കുനേര്‍

Published

|

Last Updated

ബെംഗളൂരു: മൈസൂരു ജില്ലയിലെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ജനതാദള്‍- എസിലെ വി ടി ദേവഗൗഡയും നേര്‍ക്കുനേര്‍ പോരാട്ടം കാഴ്ചവെക്കും. സിദ്ധരാമയ്യ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. തന്റെ മണ്ഡലമായ വരുണ ഒഴിവാക്കിയാണ് സിദ്ധരാമയ്യ ഇത്തവണ ചാമുണ്ഡേശ്വരിയില്‍ നിന്ന് മത്സരിക്കുന്നത്. 1983 മുതല്‍ 2008 വരെ സിദ്ധരാമയ്യയുടെ മണ്ഡലമായിരുന്നു ഇത്. 2013 ലാണ് അദ്ദേഹം വരുണ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചത്. ഇത്തവണ വരുണയില്‍ നിന്ന് മകന്‍ ഡോ. യതീന്ദ്രയെ മത്സരിപ്പിക്കാനാണ് തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ട് ചൂടുപിടിച്ചിരിക്കെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍ നേതാക്കള്‍ പരക്കം പായുന്നതിനിടയിലാണ് സ്വന്തം മണ്ഡലം തന്നെ മകന് മത്സരിക്കാന്‍ സിദ്ധരാമയ്യ വിട്ടുനല്‍കിയിരിക്കുന്നത്. രമണഹള്ളിയില്‍ മൂന്ന് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണ് സിദ്ധരാമയ്യ പ്രചാരണത്തിന് ഔപചാരികമായ തുടക്കം കുറിച്ചത്. ഇന്നലെ സിദ്ധരാമയ്യ നടത്തിയ റോഡ് ഷോക്ക് സാക്ഷികളാവാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഒഴുകിയെത്തിയത്. ആദ്യഘട്ടത്തില്‍ അഞ്ച് ദിവസത്തെ പ്രചാരണ പരിപാടിയാണ് മണ്ഡലത്തില്‍ സിദ്ധരാമയ്യ നടത്തുന്നത്.

സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും അക്കമിട്ട് നിരത്തിയാണ് സിദ്ധരാമയ്യ വോട്ടര്‍മാരെ അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ നാല് തവണകളായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ദക്ഷിണ കര്‍ണാടകയില്‍ നടത്തിയ പ്രചാരണം കോണ്‍ഗ്രസിന് ഏറെ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ജനാശിര്‍വാദ യാത്ര എന്ന് നാമകരണം ചെയ്തായിരുന്നു കോണ്‍ഗ്രസ് റാലികള്‍ സംഘടിപ്പിച്ചത്. ഏപ്രില്‍ നാലിന് രാഹുല്‍ വീണ്ടും സംസ്ഥാനത്തെത്തുന്നതോടെ പ്രചാരണം ഉച്ചസ്ഥായിയിലാവും.

സിദ്ധരാമയ്യയുടെ എതിരാളിയായ വി ടി ദേവഗൗഡ നിലവില്‍ ചാമുണ്ഡേശ്വരി മണ്ഡലം എം എല്‍ എയും മുന്‍മന്ത്രിയുമാണ്. കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസിനെതിരെ ഉയരുന്ന ചെറിയ ആരോപണങ്ങള്‍ പോലും വലിയ രീതിയില്‍ പ്രചാരണായുധമാക്കാനാണ് ബി ജെ പിയുടെ നീക്കം. പാര്‍ട്ടി ടിക്കറ്റ് ലഭിക്കാത്തവരുടെ അസംതൃപ്തിയിലും ബി ജെ പിക്ക് നോട്ടമുണ്ട്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം മുതിര്‍ന്ന നേതാക്കള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഈ അവസരത്തില്‍ മകന് സീറ്റ് നല്‍കുന്നതിലൂടെ മക്കള്‍ രാഷ്ട്രീയമെന്ന ആരോപണം എതിരാളികള്‍ ഉയര്‍ത്തിയേക്കുമെങ്കിലും തന്റെ വ്യക്തിപ്രഭാവത്തില്‍ ഇതെല്ലാം മറികടക്കാനാവുമെന്ന അടിയുറച്ച വിശ്വാസത്തിലാണ് സിദ്ധരാമയ്യ.

Latest