Connect with us

Gulf

ഉപഭോക്താക്കള്‍ക്ക് മികച്ച കുടിവെള്ളം ഉറപ്പു വരുത്തി ദുബൈ

Published

|

Last Updated

ലേസര്‍കോഡ് പതിച്ച ബോട്ടില്‍

ദുബൈ: ദുബൈയില്‍ നിങ്ങളുടെ പടിക്കല്‍ എത്തുന്ന അഞ്ചു ഗാലന്‍ വെള്ളം ഇനി നഗരസഭയുടെ നിരീക്ഷണ വലയത്തില്‍. വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തുന്ന സ്മാര്‍ട് നിരീക്ഷണ സംവിധാനം വികസിപ്പിച്ചതായി നഗരസഭാ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ദാവൂദ് അല്‍ ഹാജിരി അറിയിച്ചു. ഏപ്രില്‍ ഒന്നിന് ഇത് പ്രവര്‍ത്തന ക്ഷമമാകും. എല്ലാ ജലവിതരണ കമ്പനികളും കുടിവെള്ളം നിറക്കുന്ന പ്ലാന്റുകളും സ്മാര്‍ട് കണ്‍ട്രോള്‍ സംവിധാനത്തിന്റെ ഭാഗമാകണം.

പ്രത്യേക മാര്‍ക് ആലേഖനം ചെയ്ത “ലേസര്‍ കോഡ്” ബോട്ടിലില്‍ പതിക്കണം. ഇത് മായ്ക്കാനോ നീക്കം ചെയ്യാനോ പാടില്ല.
ബോട്ടിലിന്റെ അടപ്പിലും സ്റ്റിക്കര്‍ പതിക്കണം. വെള്ളം നിറച്ചു കഴിഞ്ഞു അടപ്പ് ഘടിപ്പിക്കുമ്പോഴാണ് പ്രധാനമായും സ്റ്റിക്കര്‍ പതിക്കേണ്ടത്.
വെള്ളം അശുദ്ധം അല്ലെന്നു ഉറപ്പു വരുത്താന്‍, കറന്‍സികളിലൊക്കെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാകും സ്റ്റിക്കറിലേതെന്ന് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ഉല്‍പന്നത്തിന്റെ ഉറവിടത്തില്‍ തന്നെ നിരീക്ഷണ സംവിധാനം വരുന്നു എന്നതാണ് സവിശേഷതയെന്ന് നഗരസഭ പരിസ്ഥിതി ആരോഗ്യ വിഭാഗം മേധാവി ഖാലിദ് ശരീഫ് അല്‍ അവാധി വ്യക്തമാക്കി. ബോട്ടിലിലെ വെള്ളം എത്ര പഴക്കമുള്ളതാണെന്നും കണ്ടെത്താന്‍ കഴിയും. എത്ര തവണ ബോട്ടിലില്‍ വെള്ളം നിറച്ചുവെന്നും അറിയാന്‍ സാധിക്കും. വെള്ളത്തിന്റെ ഗുണമേന്മ എളുപ്പം കണ്ടെത്താം. കേന്ദ്രീകൃതമായ നിരീക്ഷണ സംവിധാനവുമായി ബോട്ടിലിനെ ബന്ധിപ്പിക്കുന്നതാണ് മറ്റൊരു സവിശേഷത. ബോട്ടില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എളുപ്പവഴിയാണ് ഒരുങ്ങുന്നത്. ഉപഭോക്താക്കള്‍ക്ക്, ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്താല്‍ ബോട്ടില്‍ വിവരങ്ങള്‍ ലഭ്യമാകും. നഗരസഭ മുന്നോട്ട് വെച്ച നിലവാരത്തില്‍ ഉള്ളതാണോ ലഭ്യമായ വെള്ളം എന്ന് ഉപഭോക്താവിന് തീര്‍ച്ചപ്പെടുത്താം. വാട്ടര്‍ സ്മാര്‍ട് ട്രേസ് (ംമലേൃ ാെമൃ േൃേമറല) എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആപ്പിളിലും ആന്‍ഡ്രോയിഡിലും ലഭ്യമാണ്. ഉപഭോക്താവിന് തൃപ്തികരമല്ലാത്ത വെള്ളം ആണെങ്കില്‍ ബോട്ടിലിന്റെ ഫോട്ടോ എടുത്തു ആപ്ലിക്കേഷന്‍ വഴി പരാതിപ്പെടാം. ലോകത്തിലെ പ്രമുഖ സ്മാര്‍ട് സൊല്യൂഷന്‍ കമ്പനിയാണ് സംവിധാനം ഒരുക്കി നഗരസഭക്ക് നല്‍കിയതെന്നും അവാധി അറിയിച്ചു. ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്താന്‍ നഗരസഭ പല വിദ്യകളും ഉപയോഗിക്കാറുണ്ട്. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ പരിശോധനക്ക് ലോകോത്തര ലാബ് ആണ് നഗരസഭക്കുള്ളത്

Latest