Connect with us

International

മുര്‍സി ജയിലില്‍ കടുത്ത പീഡനം നേരിടുന്നുവെന്ന്

Published

|

Last Updated

കൈറോ: മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി ജയിലില്‍ നേരിടുന്നത് കടുത്ത പീഡനമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര നിയമങ്ങള്‍ അനുശാസിക്കുന്ന നിലവാരത്തേക്കാള്‍ താഴ്ന്ന അവസ്ഥയിലാണ് അദ്ദേഹത്തെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം നേരത്തെ മരണത്തിന് കീഴടങ്ങിയേക്കാമെന്നും ബ്രിട്ടീഷ് എം പിമാരുടെ ഒരു സംഘം വ്യക്തമാക്കി. മുര്‍സിയുടെ ഫാമിലി കമ്മീഷന്‍ ചെയ്ത ഡിറ്റന്‍ഷന്‍ റിവ്യൂ പാനല്‍(ഡി ആര്‍ പി) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിരവധി ആരോപണങ്ങളാണ് ഈജിപ്ത് സര്‍ക്കാറിനെതിരെ ഉന്നയിച്ചിരിക്കുന്നത്. മുര്‍സിക്ക് പര്യാപ്തമായ ആരോഗ്യസംരക്ഷണത്തിനുള്ള സേവനം ലഭ്യമാക്കുന്നില്ലെന്നും കരള്‍ രോഗത്തിനുള്‍പ്പടെയുള്ള ചികിത്സകള്‍ പര്യാപ്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യങ്ങള്‍ മുര്‍സിക്ക് ദീര്‍ഘകാലം ജീവിക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഈജിപ്ത് സര്‍ക്കാര്‍ മുര്‍സിയുടെ വിഷയത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും അദ്ദേഹത്തിനെതിരെ നടക്കുന്ന ക്രിമിനല്‍ പീഡനത്തിന് പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയാണ് ഉത്തരവാദിയെന്നും എം പിമാരുടെ സംഘം ചൂണ്ടിക്കാട്ടി. 2011ലാണ് മുര്‍സി ഈജിപ്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 2013ല്‍ ജനകീയ വിപ്ലവത്തിനൊടുവില്‍ സൈന്യം അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയായിരുന്നു. ബ്രദര്‍ഹുഡിന് ഈജിപ്തില്‍ നിരോധനമേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അധികാരഭ്രഷ്ടനാക്കപ്പെട്ടത് മുതല്‍ മുര്‍സി വിവിധ കേസുകളില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.

Latest