Connect with us

International

മൗനം ഭഞ്ജിക്കാന്‍ സൂകിക്ക് മേല്‍ സമ്മര്‍ദമേറുന്നു

Published

|

Last Updated

സിഡ്‌നി: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ മ്യാന്മറില്‍ ആസൂത്രിതമായി അരങ്ങേറിയ വംശീയാക്രമണങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ആസിയാന്‍ ഉച്ചകോടിക്കിടെ ആംഗ്‌സാന്‍ സൂകിക്ക് മേല്‍ സമ്മര്‍ദം. ഏഴ് ലക്ഷത്തിലധികം റോഹിംഗ്യന്‍ മുസ്‌ലിംകള്‍ റാഖിനെ സംസ്ഥാനമുപേക്ഷിച്ച് അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്ന സംഭവത്തില്‍ ആംഗ് സാന്‍ സൂകിക്ക് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ഏറിവരികയാണ്. ആസ്‌ത്രേലിയയില്‍ നടക്കുന്ന മൂന്ന് ദിവസത്തെ ആസിയാന്‍ സമ്മേളനത്തിന്റെ മുഖ്യപ്രമേയങ്ങളിലൊന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മാനുഷിക പ്രതിസന്ധികളാണ്. റാഖിനെയിലെ സാഹചര്യങ്ങള്‍ “അത്യാവശ്യം” സമയമെടുത്ത് ഉച്ചകോടിക്കിടെ ചര്‍ച്ച ചെയ്തുവെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ പ്രതികരിച്ചു.

റോഹിംഗ്യന്‍ വിഷയത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. മ്യാന്മറിന്റെ അയല്‍രാജ്യങ്ങള്‍ ഇതുസംബന്ധിച്ച ആശങ്കയിലാണ്. പക്ഷേ, ഉച്ചകോടിയില്‍ തന്നെ ഒരു പ്രശ്‌നപരിഹാരം അസാധ്യമാണെന്ന് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ലൂംഗ് പറഞ്ഞു. റാഖിനെയില്‍ നിന്ന് പലായനം ചെയ്തവരെ സഹായിക്കുന്ന പദ്ധതികളെ പിന്തുണക്കുമെന്നും ഈ വിഷയത്തില്‍ ദീര്‍ഘകാല പ്രശ്‌നപരിഹാരത്തിനുള്ള നീക്കങ്ങളെ സ്വാഗതം ചെയ്യുമെന്നും ഇരു നേതാക്കളും അറിയിച്ചു.

എന്നാല്‍ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യ ഈ വിഷയത്തില്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ആസിയാന്‍ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര അന്വേഷണ സംഘം മ്യാന്മര്‍ സൈന്യത്തിന്റെ ക്രൂരകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് മലേഷ്യന്‍ നേതാവ് നജീബ് റസാഖ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം സൂകിക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. റോഹിംഗ്യന്‍ വിഷയം മേഖലയുടെ സുരക്ഷാ പ്രശ്‌നമായി മാറിയിട്ടുണ്ട്. ഇരകളായവര്‍ ഇസില്‍ പോലുള്ള ഭീകരവാദികളുടെ കൈയിലകപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നും നജീബ് റസാഖ് മുന്നറിയിപ്പ് നല്‍കി. റാഖിനെയില്‍ ഏതെങ്കിലും തരത്തിലുള്ള ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി അറിയില്ലെന്ന് സിംഗപ്പൂര്‍ പ്രതികരിച്ചു.

എന്നാല്‍ ഉച്ചകോടിക്കെത്തിയ ആംഗ് സാന്‍ സൂകി റോഹിംഗ്യന്‍ വിഷയത്തെ കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Latest