Connect with us

Kerala

ലോകവ്യാപകമായി വിയറ്റ്‌നാം യുദ്ധം ആവര്‍ത്തിക്കുന്നു: നിക്ക് ഉട്ട്

Published

|

Last Updated

കേരളാ ലളിതകലാ അക്കാദമിയില്‍ നല്‍കിയ സ്വീകരണത്തില്‍ നിക്ക് ഉട്ടിന്
ഡാവിഞ്ചി സുരേഷ് നിര്‍മിച്ച ശില്‍പ്പം സമ്മാനിക്കുന്നു

തൃശൂര്‍: ലോകവ്യാപകമായി വിയറ്റ്‌നാം യുദ്ധം ആവര്‍ത്തിക്കുകയാണെന്നും എന്നാല്‍ പഴയ പോലെ യുദ്ധ ദുരന്തങ്ങളെ ചിത്രീകരിക്കാന്‍ സൈനിക നേതൃത്വം അനുവദിക്കില്ലെന്നും ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട് പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പ്രസിദ്ധ ഫോട്ടോയിലെ പെണ്‍കുഞ്ഞായ കിംഗ്‌ഫോയുടെ അനുഭവങ്ങള്‍ ഇന്നും ലോകവ്യാപകമായി നടക്കുന്നുണ്ട്. പക്ഷേ അവ പകര്‍ത്താന്‍ മാധ്യമ ഫോട്ടോഗ്രാഫര്‍മാരെ അനുവദിക്കാത്ത സ്ഥിതിയാണുളളത്.

വിയറ്റ്‌നാം ആവര്‍ത്തിക്കരുത് എന്നാണ് ആഗ്രഹം. പക്ഷെ ലോകം യുദ്ധമുഖത്താണ്. മുന്നില്‍ കാണുന്നത് ഫോട്ടോ എടുക്കുകയാണ് ഒരു ഫോട്ടോഗ്രാഫറുടെ കടമ. ആ ഫോട്ടോയുടെ പേരിലുളള നേട്ടങ്ങളും കോട്ടങ്ങളും ആലോചിച്ചാവരുത് പടം എടുക്കല്‍. മാധ്യമ ഫോട്ടോഗ്രഫി നിയന്ത്രണത്തിന് വിധേയമാവുന്ന കാലത്താണ് നമ്മുടെ പ്രവര്‍ത്തനം. ജാഗ്രതയോടെ പടം എടുക്കേണ്ട കാലമാണിതെന്നും നിക്ക് ഉട്ട് പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ്് കെ പ്രഭാത്, സെക്രട്ടറി എം വി വിനീത, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ മോഹനന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി ആര്‍ സന്തോഷ് സംബന്ധിച്ചു.

പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രഫി പ്രദര്‍ശന ലോഗോയും നിക്ക് ഉട്ട് പ്രകാശനം ചെയ്തു. ലോസ് ആഞ്ചേല്‍സ് ടൈംസ് എഡിറ്റര്‍ റൗള്‍റോയും നിക്ക് ഉട്ടിനൊപ്പം ഉണ്ടായിരുന്നു. കേരള ലളിതകലാ അക്കാദമിയും നിക്ക് ഉട്ടിന് സ്വീകരണം നല്‍കി. ഭാരതപ്പുഴയും അദ്ദേഹം സന്ദര്‍ശിച്ചു.

Latest