Connect with us

Articles

സി ജിന്‍പിംഗ്: ഒരു ചിത്രം, രണ്ട് കാഴ്ചകള്‍

Published

|

Last Updated

ഇനി സി ജിന്‍പിംഗിന് തീരുമാനിക്കാം. അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കില്‍ ജീവിതാന്ത്യം വരെ ചൈനീസ് പ്രസിഡന്റ് സ്ഥാനത്ത് തുടരാം. താത്പര്യമില്ലെന്ന് സ്വയം തോന്നിയാല്‍ പിന്‍ഗാമിക്കായി ഒഴിഞ്ഞ് കൊടുക്കാം. രാജ്യത്തിന്റെ ഭരണം കൈയാളുന്ന ഏക കക്ഷിയായ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കോ പാര്‍ട്ടിയാല്‍ നടത്തപ്പെടുന്ന പാര്‍ലിമെന്റിനോ ഭരണഘടനക്കോ സി ജിന്‍പിംഗിന്റെ അധികാരത്തിന് പരിധി നിര്‍ണയിക്കാനാകില്ല. രാജ്യത്തിന്റെ കെട്ടുറപ്പിന് അനിവാര്യമായ നടപടിയെന്ന് ചൈനീസ് ഔദ്യോഗിക നേതൃത്വവും ലോകത്തെ ഏറ്റവും ശക്തമായ ഏകാധിപത്യത്തിന്റെ നാന്ദിയെന്ന് പുറം ലോകവും ആഘോഷിക്കുന്ന ഭരണഘടനാ ഭേദഗതിക്കാണ് ചൈനീസ് പാര്‍ലിമെന്റ് അംഗീകാരം നല്‍കിയിരിക്കുന്നത്.

പാര്‍ട്ടിയുടെയും നയരൂപവത്കരണ ഉന്നത സമിതിയായ ഏഴംഗ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെയും ഐകകണ്‌ഠ്യേനയുള്ള അംഗീകാരം ഈ ഭേദഗതി നേരത്തേ നേടിയതാണ്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്നെ കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടതുമാണ്. 2023ല്‍ രണ്ടാമൂഴം പൂര്‍ത്തിയാക്കുന്ന സി ജിന്‍പിംഗിന് പിന്‍ഗാമിയെ നിശ്ചയിക്കാതെയാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചത്. പാര്‍ലിമെന്റിലെ വോട്ടെടുപ്പ് ഒരു ചടങ്ങ് മാത്രമായിരുന്നു. രണ്ടര പതിറ്റാണ്ടായി തുടരുന്ന പതിവിനാണ് ഭേദഗതി അറുതി വരുത്തിയത്. പ്രസിഡന്റ് പദവിയില്‍ ഒരാള്‍ അഞ്ച് വര്‍ഷം നീളുന്ന രണ്ട് ഊഴമേ ഇരിക്കാന്‍ പാടുള്ളൂ എന്ന ചട്ടം സി ജിന്‍പിംഗിന് മുന്നില്‍ തകര്‍ന്ന് വീണിരിക്കുന്നു. 2958 പേരുള്ള പാര്‍ലിമെന്റില്‍ രണ്ടേ രണ്ട് പേര്‍ മാത്രമാണ് എതിര്‍ത്തത്. ജനാധിപത്യത്തിന്റെ മഹത്തായ തെളിവായി രണ്ട് വോട്ടുകള്‍!

രണ്ട് നിലയില്‍ ഈ ഭേദഗതിയെ കാണാവുന്നതാണ്. അത്യന്തം അപകടകരമായ ഏകാധിപത്യം ഉദയം കൊണ്ടിരിക്കുന്നുവെന്ന നിരീക്ഷണത്തിന് തന്നെയാണ് പ്രാമുഖ്യം ലഭിക്കുന്നത്. മനുഷ്യാവകാശങ്ങളെയാകെ നിഷ്‌കരുണം അരിഞ്ഞുവീഴ്ത്തുന്ന അടച്ചിട്ട രാജ്യമായി ചൈന മാറും. ടിയാന്‍മെന്‍ സ്‌ക്വയറുകള്‍ ആവര്‍ത്തിക്കും. യുദ്ധോത്സുകമായ ചൈന മേഖലയിലാകെ അശാന്തി വിതക്കും. ലോകത്തിന്റെ ശക്തി കേന്ദ്രമായി മാറുന്ന ചൈന സ്വന്തം നിലക്ക് രൂപപ്പെടുത്തുന്ന കൂട്ടുകെട്ടുകള്‍ മറ്റൊരു ലോകമഹായുദ്ധത്തിന് പാകമായ ലോകത്തെയാകും സൃഷ്ടിക്കുക.

അധികാര കേന്ദ്രീകരണം ഏത് സംവിധാനത്തെയും ദുഷിപ്പിക്കുകയേ ഉള്ളൂ. അതിന്റെ സൂചനകള്‍ ചൈനയില്‍ ഇപ്പോള്‍ തന്നെ കണ്ടുതുടങ്ങിയിരിക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വിമര്‍ശനങ്ങളെ അതിക്രൂരമായാണ് ചൈന നേരിടുന്നത്. വിവര വിസ്‌ഫോടനത്തിന്റെ കാലത്തും തങ്ങളുടെ ജനതയെ തുറസ്സിലേക്ക് തുറന്ന് വിടാന്‍ ആ രാജ്യം ഒരുക്കമല്ല. ജിന്‍ പിംഗിനെ വിമര്‍ശിക്കുന്നത് പാര്‍ട്ടിയെ വിമര്‍ശിക്കുന്നതിനും അതുവഴി രാഷ്ട്രത്തെ വിമര്‍ശിക്കുന്നതിനും തുല്യമായാണ് കാണുന്നത്. അച്ചടക്കം എന്നത് അടിച്ചമര്‍ത്തലിന്റെ പര്യായമാണ്. ഇങ്ങനെ പോകും വിമര്‍ശം. ഇത്തരം ആധികളുടെ ഇരുട്ടില്‍ നിന്ന് നോക്കുമ്പോള്‍ കാണുക ദുഷ്ടനും ദുരാഗ്രഹിയും അധികാരപ്രമത്തനുമായ സി ജിന്‍ പിംഗിനെയാണ്.

കരുത്തുറ്റ ചൈന ലോകത്തിന്റെയാകെ ആവശ്യമാണെന്ന നിലയിലും പുതിയ സംഭവവികാസങ്ങളെ കാണാവുന്നതാണ്. ആ വീക്ഷണം പക്ഷേ, ജനപ്രിയമായിരിക്കില്ല. ജ്വലിച്ച് നില്‍ക്കുന്ന പൊതു ബോധത്തെ പരിലാളിക്കുകയുമില്ല. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ നയത്തുടര്‍ച്ച മാത്രം പോര; വ്യക്തികളുടെ തുടര്‍ച്ച തന്നെ വേണം. അത്തരം തുടര്‍ച്ചകള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതിന് ചരിത്രത്തിലുടനീളം തെളിവുകളുണ്ട്. ഏകാധിപത്യ മുദ്ര ചാര്‍ത്തി, നിലവിലുള്ള ഭരണാധികാരികളെ താഴെയിറക്കുകയും കൊന്നു തള്ളുകയും ചെയ്തപ്പോള്‍ രാജ്യങ്ങള്‍ അങ്ങേയറ്റം ശിഥിലമായതിന്റെ അനുഭവവും മുന്നിലുണ്ട്. ഭരണാധികാരി അടിക്കടി മാറുന്നതാണ് ഉത്കൃഷ്ട ജനാധിപത്യമെങ്കില്‍ നേപ്പാള്‍ ലോകത്തിന് മാതൃകയാകേണ്ടതായിരുന്നുവല്ലോ. അമേരിക്കയില്‍ കൃത്യമായി തിരഞ്ഞെടുപ്പ് നടക്കുകയും ഭരണനേതൃത്വം മാറുകയും ചെയ്യുന്നുവെന്നത് ആ രാജ്യത്തിന്റെ സാമ്രാജ്യത്വ സ്വഭാവത്തില്‍ വല്ല മാറ്റവും ഉണ്ടാക്കുന്നുണ്ടോ? അങ്ങനെ നോക്കുമ്പോള്‍ അനിയന്ത്രിതമായ അധികാരങ്ങളിലേക്ക് ഉയര്‍ത്തപ്പെട്ട സി ജിന്‍പിംഗ് ഒരു പ്രതീക്ഷയാണ്. അമേരിക്ക മുന്നോട്ടു വെക്കുന്ന ഏകധ്രുവ ലോക ഭീഷണിയെ നേരിടാന്‍ ഇന്ന് സോവിയറ്റ് യൂനിയനില്ല. ഈ കുറവ് നികത്താന്‍ ശക്തമായ ചൈന വേണം. യു എസ് മേധാവിത്വത്തെ സാമ്പത്തികമായി വെല്ലുവിളിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം സൈനിക, രാഷ്ട്രീയ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് സി ജിന്‍പിംഗ് ചുമലേറ്റിയ ദൗത്യം. ഈ വീക്ഷണത്തിന്റെ വെളിച്ചത്തില്‍ സി ജിന്‍പിംഗിനെ നോക്കൂ. അദ്ദേഹം ചെറു പുഞ്ചിരിയോടെ, വിളിപ്പുറത്തുള്ള അയല്‍ക്കാരനായി നില്‍ക്കുന്നത് കാണാം.
സത്യത്തില്‍ ഭരണഘടനാ ഭേദഗതി പാര്‍ലിന്റെ് പാസ്സാക്കുന്നതിന് മുമ്പ് തന്നെ ലോകത്ത് ഏറ്റവും പിപുലമായ അധികാരങ്ങളുള്ള ഭരണാധികാരിയാണ് സി ജിന്‍പിംഗ്. പാര്‍ട്ടി അദ്ദേഹത്തിന്റെ കൈപ്പിടിയിലാണ്. അദ്ദേഹമാണ് ജനറല്‍ സെക്രട്ടറി. സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനുമാണ്. ധനകാര്യ സമിതിയുടെയും പരിഷ്‌കരണ സമിതിയുടെയും തലപ്പത്തും അദ്ദേഹം തന്നെ. ഇതിനെല്ലാം മേലെയാണ് ഈ മനുഷ്യന് വേണ്ടി ചൈനീസ് ഭരണഘടന തന്നെ മാറ്റിയെഴുതിയിരിക്കുന്നുവെന്നത്. മാവോ സേതൂങിന് ശേഷം, ജീവിച്ചിരിക്കെ ചൈനീസ് ഭരണഘടനയില്‍ പേര് ചേര്‍ക്കപ്പെടുന്ന വ്യക്തിയാണ് സി ജിന്‍പിംഗ്. “ചൈനീസ് സവിശേഷതകളോട് കൂടിയ സോഷ്യലിസത്തിനായി പുതു യുഗത്തില്‍ സി ജിന്‍പിംഗ് ഉയര്‍ത്തിയ ചിന്തകള്‍” സുപ്രധാന മാര്‍ഗ നിര്‍ദേശക തത്വമായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. ചൈനീസ് സ്വപ്‌നം സഫലമാകാന്‍ പോകുന്നത് സി ജിന്‍പിംഗിലൂടെയാണെന്ന് അത് ഉദ്‌ഘോഷിക്കുന്നു. ഈ ഭരണഘടനാ പ്രഖ്യാപനത്തിലൂടെ ഭരണാധികാരി എന്ന നിലയില്‍ നിന്ന് അവിരാമമായ ശക്തി കേന്ദ്രമെന്ന കാല്‍പ്പനിക ഭാവത്തിലേക്ക് ഈ 64കാരനെ ഉയര്‍ത്തുകയാണ് ചെയ്തത്.

മാവോ ലെഗസി ചൈനയുടെ മുന്നോട്ടുള്ള പ്രയാണത്തിനുള്ള ശക്തി സ്രോതസ്സാണ്. സി ജിന്‍പിംഗിലൂടെ അത് പുനരവതരിപ്പിക്കുകയും ആധുനിക കാലത്തെ സ്തംഭനാവസ്ഥയില്‍ നിന്ന് ചൈനയെ രക്ഷപ്പെടുത്തുകയുമാണ് യഥാര്‍ഥത്തില്‍ “പട്ടാഭിഷേക”ത്തിലൂടെ ചെയ്യുന്നത്. മാവോ ആജീവനാന്ത ഭരണത്തലവനായിരുന്നു. 1980കളില്‍ ഡെംഗ് സിയാവോപിംഗ് ആണ് തുടര്‍ച്ചയായ രണ്ട് ഊഴങ്ങള്‍ക്ക് ശേഷം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ മാറണമെന്ന ചട്ടം കൊണ്ടുവന്നത്. അനന്തമായ അധികാരത്തുടര്‍ച്ച ന്യായീകരിക്കാവുന്നതല്ലെന്നും പാര്‍ട്ടിക്ക് മേലെ പ്രതിഷ്ഠിച്ച വ്യക്തിയെ സൃഷ്ടിക്കാനേ അതു ഉപകരിക്കൂവെന്നുമുള്ള തിരിച്ചറിവാണ് ഇത്തരമൊരു ചട്ടത്തിലേക്ക് വഴി തെളിയിച്ചത്. 68 വയസ്സു കഴിഞ്ഞാല്‍ നേതാക്കള്‍ ഉന്നത രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കണമെന്ന കീഴ്‌വഴക്കവും നിലനില്‍ക്കുന്നുണ്ട്. പരമ്പരാഗത ജനാധിപത്യത്തിലെ വോട്ടെടുപ്പ് പോലുള്ള ഒരു സംവിധാനവും ചൈനയെപ്പോലെ കമ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന രാജ്യത്ത് ഉണ്ടാകില്ലെന്നിരിക്കെ “ചൈനീസ് സവിശേഷത”കളുള്ള അധികാര നിയന്ത്രണ ഉപാധി രൂപപ്പെടുത്തുകയാണ് ഡെംഗ് ചെയ്തത്. അത് വിപ്ലവകരമായ ഒരു ചുവട് വെപ്പ് തന്നെയായിരുന്നു. എന്നാല്‍, അവിടെ നിന്ന് പിന്നോട്ട് നടന്ന് നടന്ന് മാവോയിലെത്താനാണ് ആധുനിക ചൈന ശ്രമിക്കുന്നത്.
കമ്യൂണിസത്തില്‍ നിന്ന് ഏറെ അകന്ന കമ്യൂണിസ്റ്റ് ചൈനയാണ് ഇന്നുള്ളത്. വിപണിയുടെയും സ്വകാര്യ മൂലധനത്തിന്റെയും എല്ലാ സാധ്യതകളെയും അത് വാരിപ്പുണരുന്നു. പ്രത്യയ ശാസ്ത്ര ശാഠ്യങ്ങളൊന്നും അതിന്റെ മുന്നോട്ടുള്ള യാത്രയെ തടസ്സപ്പെടുത്തുന്നില്ല. അത്‌കൊണ്ട് സി ജിന്‍പിംഗിന് കൈവരുന്ന അനിയന്ത്രിതാധികാരം പരമ്പരാഗത അതോറിറ്റേറിയന്‍ ശൈലിയില്‍ തന്നെ പ്രയോഗിക്കുമെന്ന് ആശങ്കപ്പെടേണ്ടതില്ല. ശക്തനായ ഭരണാധികാരി സംഘര്‍ഷമേ കൊണ്ടുവരൂ എന്ന് ഉറപ്പിക്കാന്‍ വരട്ടെ. സമാധാനവും ശാന്തതയും സൃഷ്ടിക്കണമെങ്കിലും അത്തരമൊരു നേതൃത്വം വേണം. അതിന്റെ ആദ്യ നിദര്‍ശനം ചൈനയുടെ മാധ്യസ്ഥ്യത്തില്‍ നടക്കുന്ന കിം ജോംഗ് ഉന്‍- ട്രംപ് കൂടിക്കാഴ്ചയില്‍ കാണാം. നിരായുധീകരണമല്ല, ആയുധവത്കരണമാണ് ഇന്ന് ലോക സമാധാനത്തിന്റെ അടിത്തറയെന്നോര്‍ക്കണം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest