Connect with us

Articles

നിങ്ങള്‍ ജയിക്കും, പരീക്ഷക്ക് പോയി വരൂ

Published

|

Last Updated

വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ആകുലപ്പെടുന്ന സന്ദര്‍ഭമായി പുതിയ കാലത്തെ പരീക്ഷാ വേളകളെ രൂപം മാറ്റിയിട്ടുണ്ട്. “ഞാനെന്ത് എഴുതും, പരീക്ഷയെ  എങ്ങനെ നേരിടും?” എന്നാകും കുട്ടികളുടെ ആധി. “മക്കള്‍ തോറ്റു മാനക്കേടുണ്ടാക്കുമോ?” എന്ന ഭയമാണ് രക്ഷിതാക്കളെ കുഴക്കുന്നത്. അധ്യാപകരെയും സ്‌കൂള്‍ അധികാരികളെയും തുറിച്ചു നോക്കുന്നതാകട്ടെ വിജയ ശതമാനമാണ്. എല്ലാ തരം ആധികളും കുട്ടികളുടെ മാനസിക ബലത്തെയാണ് ഉലച്ചു കളയുന്നത്. എന്നാലും അതറിയാതെ വേണ്ടപ്പെട്ട എല്ലാവരും ഈ ആധി കൃഷി ചെയ്തു കൊണ്ടിരിക്കുക തന്നെയാണ്.

പരീക്ഷാപ്പേടി ഒഴിവാക്കുക

പരീക്ഷാപ്പേടി യാതൊരു അനുകൂല ഗുണവും നല്‍കാത്ത വികാരമാണ്. മനസ്സിനെ പ്രതികൂല വികാരത്തിനടിമപ്പെടുത്തി സ്വയം അസ്വസ്ഥത സൃഷ്ടിക്കുന്ന ന്യൂനവികാരമാണത്. സ്‌കൂളിലും ക്ലാസ് മുറികളിലും ഒരുതരം ഭയമുക്ത പരീക്ഷാ അന്തരീക്ഷം സൃഷ്ടിക്കാന്‍ അധ്യാപകര്‍ മുന്‍കൈയെടുക്കണം. വിദ്യാര്‍ഥി സൗഹൃദ ക്യാമ്പസും ക്ലാസ് റൂമുകളും ഏതൊരു വിദ്യാലയത്തിന്റെയും യശസ്സ് ഉയര്‍ത്തുകയേ ഉള്ളൂ. “എല്ലാവരും ജയിച്ചില്ലെങ്കില്‍ മോശമാണ്, ജയിക്കാത്തവരെ ഞങ്ങള്‍ക്ക് വേണ്ട” പോലുള്ള മനോഭാവം പരീക്ഷാപ്പേടി ഉത്പാദിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു. അക്കാദമിക് വര്‍ഷങ്ങളുടെ ആരംഭത്തില്‍ തന്നെ സരളമായി പഠനസംവിധാനങ്ങള്‍ ഒരുക്കാതെ അവസാനം വെച്ച് പാഠങ്ങള്‍ ഓടിച്ചു തീര്‍ക്കലിന്റെയും ആവര്‍ത്തനത്തിന്റെയും പേരില്‍ ഓവര്‍ടൈം സിസ്റ്റം അവലംബിക്കാന്‍ കാത്തു നില്‍ക്കുന്ന അധ്യാപകരും പേടിയുടെ പ്രണേതാക്കള്‍ ആണെന്നതില്‍ സംശയമില്ല.”പഠിച്ചു കൊണ്ടിരിക്കൂ” എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന രക്ഷിതാക്കളും പരീക്ഷാപ്പേടി വലിച്ചു കൊണ്ടുവരികയാണ്. ആവശ്യമായ നിര്‍ദേശങ്ങളും സൗകര്യങ്ങളും നല്‍കിയ ശേഷം കുട്ടികള്‍ പഠിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ മറ്റെന്തോ കുഴപ്പമുണ്ടെന്നു മനസ്സിലാക്കാം. പഠിക്കാന്‍ മിനക്കെടാത്ത കുട്ടികളെ കണ്ടാല്‍ രക്ഷിതാക്കള്‍ ആദ്യം ചിന്തിക്കേണ്ടത് വീട്ടിലെ പഠനാനുകൂല സാഹചര്യങ്ങളിലെന്തോ തകരാറുണ്ടെന്നു തന്നെയാണ്. പരീക്ഷാപ്പേടി ഇല്ലായ്മ ചെയ്യുന്നതില്‍ വീട്ടിലുള്ളവര്‍ക്ക് വളരെ ശക്തമായ സ്വാധീനം ചെലുത്താന്‍ സാധിക്കും. ഒന്നാമതായി അങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കാതിരിക്കുകയും രണ്ടാമതായി വന്നു പെട്ട പേടിയെ സമര്‍ഥമായി ഒഴിവാക്കാന്‍ വഴികള്‍ ആരായുകയും ചെയ്യുന്നതാണ് അഭി കാമ്യം. “പേടിക്കാതെ പരീക്ഷക്ക് പോയി വരൂ” എന്ന് രക്ഷിതാക്കളും അധ്യാപകരും കുട്ടികളോട് പറയണം.

പരീക്ഷ ആഘോഷമാക്കുക

പരീക്ഷക്ക് പോകുന്ന കുട്ടികള്‍ പേടിക്കരുത്. ജീവിതത്തിലെ വലിയ പരീക്ഷണങ്ങളെ നേരിടാന്‍ പരിശീലനം ലഭിക്കുന്ന വളരെ ചെറിയൊരു സാമ്പിള്‍ മാത്രമായി പരീക്ഷയെ കാണുക. പരീക്ഷയോ പരീക്ഷാ വിജയമോ അല്ല കഴിവുകളുടെ മാനദണ്ഡം; നമ്മള്‍ നേടിയ എഴുതാന്‍ മറന്ന് പോകുന്ന അറിവുകള്‍ കൂടി ജീവിതവിജയത്തിന്റെ കാതലായ ഉറവിടമാണ് എന്ന് തിരിച്ചറിയുക. ഓര്‍മക്കുറവ് ഒരു കുറവ് മാത്രമാണ്; കഴിവുകേടല്ല. ഒരിക്കല്‍ തോറ്റാലും ജയിക്കാന്‍ ഒരു പാടവസരങ്ങള്‍ മുമ്പില്‍ ബാക്കിയുണ്ടാകുമെന്ന ആത്മവിശ്വാസം കൈമുതലാക്കുക. പേടിക്കാനല്ല പരീക്ഷ, നേരിടുന്ന രീതി പഠിക്കാന്‍ വേണ്ടിയാണ്. പേടിച്ചിരിക്കാതെ ധൈര്യമായി പരീക്ഷക്ക് പോയി വരൂ. നിറഞ്ഞ വിജയ പ്രതീക്ഷകളോടെ മാത്രം പേനയും കടലാസും പിടിക്കൂ. പരീക്ഷാപ്പേടിയില്‍ കുരുങ്ങാതെ പരീക്ഷയെ ഒരാഘോഷമാക്കി മാറ്റാന്‍ നമ്മള്‍ ഇപ്പോള്‍ തന്നെ ദൃഢനിശ്ചയം ചെയ്യുക. സന്തോഷത്തോടെ ഉറങ്ങുകയും ഉണരുകയും ചെയ്തു അങ്ങനെ തന്നെ പരീക്ഷാഹാളില്‍ പോകുന്ന അവസ്ഥ ഉറപ്പാക്കുക.

വിനോദത്തോട് തത്കാലം വിട

കുട്ടികള്‍ കളിക്കാതെ വളരാന്‍ പാടില്ലെന്നാണ് മനഃശാസ്ത്രം. വിനോദങ്ങളുടെ കൂട്ട് വിദ്യാര്‍ഥികളുടെ മാനസിക ബലം കൂട്ടുമെന്ന് തന്നെ പറയാം. എന്നാല്‍ പരീക്ഷാക്കാലത്ത് കൂട്ടുകാര്‍ തത്കാലം വിനോദങ്ങളില്‍ നിന്ന് മാറി നിന്നേ തീരൂ. സ്ഥിരമായി കളിക്കാന്‍ പോയിരുന്നവര്‍ അതിനു വിട നല്‍കൂ. കറക്കവും ഉലാത്തലുമൊക്കെ ഇനി പരീക്ഷ കഴിഞ്ഞാകട്ടെ. ആ വേളകളില്‍ പരീക്ഷയെ സന്തോഷപൂര്‍വം നേരിടാനുള്ള ഐഡിയകള്‍ ആലോചിക്കുകയും മാനസിക ബലം വര്‍ധിപ്പിക്കാനുള്ള അവസരമായി ഉപയോഗിക്കുകയും ചെയ്യുക. പഠിച്ചു പോയ പാഠങ്ങള്‍ പിരിമുറുക്കമില്ലാതെ അയവിറക്കുകയും ചെയ്യുന്നതാണ് കൂടുതല്‍ ഉചിതം. വിനോദങ്ങള്‍ക്കായി നാം ഉപയോഗിച്ചു വന്നിരുന്ന ഉപകരണങ്ങള്‍/സംവിധാനങ്ങള്‍ പരീക്ഷകള്‍ക്കിടയില്‍ അകലെ വെക്കാന്‍ ശീലിക്കുക. ഗെയിമുകള്‍, ഫേസ്ബുക്ക്, വാട്‌സ്അപ്പ് പോലുള്ള മാധ്യമങ്ങള്‍, മൊബൈല്‍, ടെലിവിഷന്‍, ടാബ് പോലുള്ള ഡിവൈസുകള്‍ മുതലായവ മാറ്റിവെക്കുക. അവയെ കുറിച്ചുള്ള ചിന്തകള്‍ക്കും തത്കാലം വിട നല്‍കുക. മനസ്സിനെ ഫ്രീയാക്കാതെ പഠിക്കുന്നതും ഓര്‍മിക്കുന്നതും വെറുതെയായി പോകുമെന്ന് കൂട്ടുകാര്‍ നല്ല പോലെ തിരിച്ചറിയുക. പരീക്ഷാക്കാലത്തെ ഓരോ നിമിഷങ്ങളും പരീക്ഷാ വിഷയത്തില്‍ മാത്രമായിരിക്കണം നമ്മള്‍ ഫോക്കസ് ചെയ്യേണ്ടത്. ക്ലാസില്‍ നല്ല പോലെ പഠിക്കുന്ന കുട്ടികള്‍ ശ്രദ്ധയും ശ്രമവും പാലിക്കുന്നത് കണ്ടിട്ടില്ലേ? സന്തോഷപൂര്‍വം പരീക്ഷക്ക് തയ്യാറെടുക്കാന്‍ വേണ്ടിയാണ് താത്കാലികമായി കളി വിനോദങ്ങള്‍ വേണ്ടെന്നു വെക്കുന്നത്.

സ്വയം അധ്യാപകരാവുക

നന്നായി പരീക്ഷ എഴുതണമെങ്കില്‍ പഠിച്ചത് ഓര്‍മയില്‍ വേണമല്ലോ. പരീക്ഷാ നാളുകളില്‍ തിരക്കിനിടയില്‍ പഠിച്ച ഓരോ പാഠഭാഗങ്ങളി ലൂടെയും കണ്ണോടിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. അതിനൊരു പരിഹാരമുണ്ട്. പ്രധാനപ്പെട്ടതും മാര്‍ക്ക് കൂടുതല്‍ കിട്ടാന്‍ സാധ്യതയുള്ളതുമായ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അതിന്റെ ഭാഗമായി പഠനമുറിയെ ഒരു ക്ലാസ് മുറിയായി കാണുകയും പരിസരത്ത് കുട്ടികള്‍ ഉള്ളതായി സങ്കല്‍പ്പിച്ചു നിങ്ങള്‍ സ്വയം അധ്യാപകരായി മാറുകയും അവരെ പഠിപ്പിക്കുകയും ചെയ്യുക. അറിയാതെ ഒരു പാട് കാര്യങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കാന്‍ അത് സഹായകമാകും എന്ന കാര്യത്തില്‍ സംശയമില്ല. അത്തരമൊരു ഘട്ടത്തില്‍ പഠിക്കു മ്പോഴുള്ളതിനേക്കാള്‍ ആഴത്തില്‍ മനസ്സു തുറക്കുമെന്നതിനാല്‍ നിങ്ങളുടെ ഓര്‍മകളെയും അത് സ്വാധീനിക്കുന്നു.

ഇടവേളകള്‍ കണ്ടെത്തുക

പഠിക്കാനിരുന്നു ചടച്ചുപോകുന്ന അവസ്ഥയുണ്ടാകാറുണ്ട് നമ്മളില്‍ പലര്‍ക്കും. അപ്പോള്‍ പഠിക്കുകയല്ല; സ്വയം ശപിക്കുകയാണ് നമ്മള്‍ എന്ന് എത്ര പേര്‍ക്കറിയാം. മുഷിഞ്ഞിരുന്ന് പഠിക്കുന്നതിനു പകരം നീണ്ട സമയത്തിനിടയില്‍ ഒരല്പം ഇടവേള എടുത്തു ശാന്തമായി ഇരുന്നു പഠിക്കാന്‍ ശ്രമിച്ചു നോക്കൂ. ആയാസരഹിതമായി ഇരുന്നു പഠിക്കാമെന്നതിലുപരി വായിച്ചതൊക്കെ നന്നായി ഓര്‍മയില്‍ തങ്ങി നില്‍ക്കുകയും ചെയ്യും. സമ്മര്‍ദങ്ങളില്ലാതെ പഠിക്കുന്നതിനും പരീക്ഷക്ക് ഒരുങ്ങുന്നതിനുമാണ് നാം മുന്‍ഗണന നല്‍കേണ്ടത്. അതിനായി, പഠിക്കേണ്ട സമയവും ക്രമവും സന്ദര്‍ഭവുമൊക്കെ കൂട്ടുകാര്‍ സ്വയം നിശ്ചയിക്കുന്നതാകും നല്ലത്. മറ്റുള്ളവരുടെ നിയന്ത്രണത്തേക്കാള്‍ ഗുണകരവും ഫലപ്രദവുമാവുക അതാണ്.

വിശ്രമിക്കുക/ഉറങ്ങുക

തീരെ വിശ്രമമില്ലാതെ ഉറക്കമൊഴിച്ചു പോലും പഠിക്കാനിരിക്കുന്നവരുണ്ട്. മറ്റുള്ളവര്‍ ചിലപ്പോള്‍ “നല്ല വണ്ണം പഠിക്കുന്ന കുട്ടി” എന്നൊക്കെ അത്തരക്കാരെ പ്രശംസിച്ചുവെന്ന് വരാം. സത്യത്തില്‍ അവര്‍ പഠിക്കുകയല്ല; സ്വന്തത്തെ പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. ഭംഗിവാക്കുകളോ പ്രശംസകളോ അല്ല ആവശ്യം; പഠിച്ച കാര്യങ്ങള്‍ ഓര്‍മയില്‍ വീണ്ടെടുത്ത് സസന്തോഷം പരീക്ഷാ ഹാളില്‍ എത്താനുള്ള മനക്കരുത്ത് നേടലാണ്. ഉറക്കം തൂങ്ങിയും ശരീരത്തെ ക്ഷീണിപ്പിച്ചും പഠിക്കാന്‍ കഴിയില്ലെന്ന് നമുക്കറിയാവുന്നതാണല്ലോ. നേരാംവണ്ണം ഉറങ്ങിയും മാനസികവും ശാരീരികവുമായ സ്വസ്ഥത ഉറപ്പാക്കിയും നല്ല പോലെ പഠിക്കാന്‍ ശ്രമിച്ചാല്‍ അത്ഭുതകരമായ ചിന്തയും മനനവും കൈവരുമെന്നുറപ്പാണ്. നേരത്തെ ഉറങ്ങി നേരത്തെ ഉണര്‍ന്നു പഠിക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്ക് ക്ലാസില്‍ പഠിച്ച കാര്യങ്ങള്‍ ചോദ്യങ്ങള്‍ക്ക് മുമ്പില്‍  പകച്ചുനില്‍ക്കേണ്ടിവരില്ല. ഉന്മേഷമുള്ള മനസും ഓര്‍മയും തമ്മില്‍ അത്തരത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നു.

ടെന്‍ഷന്‍ ഫ്രീ ആകുക

പരീക്ഷയോ എന്ന് വിചാരിച്ച് തല പുകക്കാന്‍ നില്‍ക്കരുത്. ടെന്‍ഷന്‍ ഇല്ലാതെ പരീക്ഷാനാളുകളെ നേരിടുക എന്നത് സുപ്രധാന കാര്യമാണ്. എന്താകും റിസള്‍ട്ട്? ഞാന്‍ ജയിക്കുമോ തോല്‍ക്കുമോ?… ടെന്‍ഷന്‍ അകലെ മാറ്റി വെക്കുകയാണ് പഠിക്കുന്ന കുട്ടികള്‍ ചെയ്യേണ്ടത്. ടെന്‍ഷന്‍ ഓര്‍മ്മശക്തിയെയും ഉത്സാഹശീലത്തെയും കെടുത്തിക്കളയുമെന്നുറപ്പാണ്. സ്വയം പ്രത്യേക ആത്മധൈര്യം സംഭരിച്ച് സാഹചര്യങ്ങളെ നേരിടുന്ന സ്വഭാവത്തിലേക്ക് മാറേണ്ട സന്ദര്‍ഭമാണ് പരീക്ഷാക്കാലം. അങ്ങനെയാകുമ്പോള്‍ മാത്രമേ പഠിച്ച കാര്യങ്ങള്‍ ഓര്‍മയിലേക്ക് വരികയുള്ളൂ. അപ്പോള്‍ മാത്രമേ ടെന്‍ഷന്‍ ഇല്ലാതെ പരീക്ഷ എഴുതാന്‍ സാധിക്കൂ.

ചോദ്യങ്ങളെ അറിയുക

ചോദ്യപ്പേപ്പര്‍ കൈയില്‍ കിട്ടിയാല്‍ ആദ്യം ചെയ്യേണ്ടത് ചോദ്യങ്ങളെ അറിയുക എന്നതാണ്. അതിനായി മിനുട്ടുകള്‍ എടുത്ത് ആകെ വായിച്ചു നോക്കിയിരിക്കണം. ഉത്തരമറിയാവുന്നവയും അല്ലാത്തവയും മനസ്സില്‍ വേര്‍തിരിക്കുക. അറിയാവുന്ന ഉത്തരങ്ങളെ ക്രമനമ്പര്‍ തെറ്റാതെ/എഴുതാന്‍ വിട്ടുപോകാതെ പകര്‍ത്തുക. ഉത്തരം കിട്ടുന്ന ചോദ്യങ്ങളെ വീണ്ടും സമീപിക്കാം. വേഗത്തില്‍ ഉത്തരം ഓര്‍മയിലെത്തുന്നവയും അല്ലാത്തവയേയും വേര്‍തിരിച്ചു ഓര്‍മിക്കുക. സമയം നഷ്ടപ്പെടുത്താതെ അവ പേപ്പറില്‍ എഴുതുക. ഉത്തരം ഓര്‍മയില്‍ ഇല്ലാത്തതോ വേഗം എഴുതിത്തീര്‍ക്കാന്‍ സാധിക്കാത്തതോ ആയ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ സമയം ഹോമിക്കരുത്. അറിയുന്നവ ഭംഗിയായി എഴുതുക എന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. മറ്റൊരു ഉത്തരം ആലോചിച്ചിരുന്ന് എഴുതു ന്ന ഉത്തരത്തിന്റെ ഭംഗിയും പൂര്‍ണതയും നഷ്ടപ്പെടുത്തരുതെന്ന് സാരം. സാവകാശമെടുത്ത് എല്ലാ ചോദ്യങ്ങളും ഒരാവര്‍ത്തി വായിച്ചാല്‍ മാത്രമേ ഇങ്ങനെയൊക്കെ ആശ്വാസത്തോടെ ഉത്തരം ഓര്‍ത്തെടുക്കാനും പകര്‍ത്താനും സാധിക്കുകയുള്ളൂ എന്ന് പറയേണ്ടതില്ലല്ലോ.

താരതമ്യം ഒഴിവാക്കുക 

കൂട്ടുകാരുമായി ഹാളില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള താരതമ്യം ഒഴിവാക്കേണ്ടതാണ്. അതില്‍ ഗുണത്തേക്കാളേറെ ദോഷങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എഴുതിയതിനെ അതിന്റെ വഴിക്ക് വിടുക എന്നതാകണം നല്ല കുട്ടികളുടെ പോളിസി. അതില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ നില്‍ക്കരുത്. തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ പോലും ഇനി അകത്ത് വലിഞ്ഞു കയറി ഉത്തരം തിരുത്താനൊന്നും സാധിക്കുകയില്ലല്ലോ. ആ  സമയമെടുത്ത് അടുത്ത വിഷയങ്ങളെ മനസ്സില്‍ ഓര്‍മിക്കാനുള്ള കൗശലവും ശ്രദ്ധയുമാണ് പ്രയോഗിക്കേണ്ടത്. ഇങ്ങനെ സന്തോഷപ്രദവും ഉന്മേഷഭരിതവുമായ പരീക്ഷാക്കാലം യാഥാര്‍ഥ്യമാക്കാനുള്ള വഴികള്‍ പ്രയോഗവത്കരിച്ചാല്‍ നമ്മള്‍ സ്വയം ആത്മ ബലമുള്ളവരും എഴുതി ജയിക്കുന്നവരുമായി മാറുന്നത് കാണാം. എല്ലാ കൂട്ടുകാര്‍ക്കും സന്തോഷപ്രദമായ ഭാവിയും വിജയാശംസകളും നേരുന്നു.

Latest