Connect with us

National

വലിയ സംസ്ഥാനങ്ങളില്‍ ജനന ലിംഗാനുപാതം കുറയുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ വലിയ സംസ്ഥാനങ്ങളില്‍ ജനന ലിംഗാനുപാതം കുറയുന്നതായി റിപ്പോര്‍ട്ട്. 21 വലിയ സംസ്ഥാനങ്ങളില്‍ 17ലും ഈ പ്രവണത ദൃശ്യമാണ്. ഗുജറാത്തിലാണ് ഏറ്റവും കുറവ്. ഇവിടെ 53 പോയിന്റുകളാണ് കുറഞ്ഞത്. ലിംഗനിര്‍ണയം നടത്തി ഗര്‍ഭഛിദ്രം കര്‍ശനമായി പരിശോധിക്കേണ്ടതിലേക്കാണ് നീതി ആയോഗിന്റെ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.

പതിനേഴ് സംസ്ഥാനങ്ങളില്‍ പത്തും അതില്‍ കൂടുതലും പോയിന്റുകളാണ് കുറഞ്ഞത്. ആയിരം ആണ്‍കുട്ടികള്‍ക്ക് 907 പെണ്‍കുട്ടികള്‍ ജനിച്ച ഗുജറാത്തില്‍ അത് 854 ആയി കുറഞ്ഞു. 2012- 14 മുതല്‍ 2013- 15 വരെയുള്ള കണക്കാണിത്. ഗുജറാത്തിന് പിന്നാലെ ഹരിയാനയിലാണ് പെണ്‍കുട്ടികളുടെ ജനനം കുറഞ്ഞത്. ഹരിയാനക്ക് 35 പോയിന്റുകളാണ് കുറഞ്ഞത്. രാജസ്ഥാന് 32 പോയിന്റും ഉത്തരാഖണ്ഡിന് 27ഉം മഹാരാഷ്ട്രക്ക് 18ഉം ഹിമാചല്‍ പ്രദേശിന് 14ഉം ഛത്തീസ്ഗഢിന് 12ഉം കര്‍ണാടകക്ക് 11ഉം പോയിന്റുകള്‍ കുറഞ്ഞതായി നീതി ആയോഗിന്റെ “ആരോഗ്യമുള്ള സംസ്ഥാനങ്ങള്‍, ഇന്ത്യന്‍ പുരോഗതി” റിപ്പോര്‍ട്ടില്‍ പറയുന്നു.

ശിശു ലിംഗനിര്‍ണയത്തിനെതിരായ 1994ലെ നിയമം കാര്യക്ഷമമായി സംസ്ഥാനങ്ങള്‍ നടപ്പാക്കേണ്ടതിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്. പെണ്‍കുഞ്ഞുങ്ങളുടെ മൂല്യം പ്രചരിപ്പിക്കുകയും വേണം.
അതേസമയം ചില സംസ്ഥാനങ്ങള്‍ക്ക് പോയിന്റ് ഉയര്‍ന്നിട്ടുണ്ട്. പഞ്ചാബ് ഇതിന് ഉദാഹരണമാണ്. പഞ്ചാബിന് 19 പോയിന്റാണ് വര്‍ധിച്ചത്. ഉത്തര്‍ പ്രദേശിന് പത്തും ബിഹാറിന് ഒമ്പതും പോയിന്റ് വര്‍ധിച്ചു.

 

Latest