Connect with us

Ongoing News

കങ്കാരുപ്പടയെ കെട്ടുകെട്ടിച്ചു; കൗമാര ലോകകപ്പില്‍ ഇന്ത്യന്‍ മുത്തം

Published

|

Last Updated

ക്രൈസ്റ്റ്ചര്‍ച്ച്: ആസ്‌ത്രേലിയയെ മലര്‍ത്തിയടിച്ച് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടത്തില്‍ ഇന്ത്യന്‍ മുത്തം. ഫൈനല്‍ പോരാട്ടത്തില്‍ എട്ട് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയാണ് രാഹുല്‍ ദ്രാവിഡിന്റെ ചുണക്കുട്ടികള്‍ കപ്പടിച്ചത്. ഇത് നാലാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളാകുന്നത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 47.3 ഓവറില്‍ 216 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 38.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സെഞ്ച്വറി നേടിയ മന്‍ജോത് കല്‍റയുടെ (101*) വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഹാര്‍വിക് ദേശായി 47ഉം ശുഭ്മാന്‍ ഗില്‍ 31ഉം പൃഥി ഷാ 29ഉം റണ്‍സെടുത്തു.

നേരത്തെ, ബൗളര്‍മാരുടെ ഉജ്ജ്വല പ്രകടനമാണ് കങ്കാരുപ്പടയെ കുറഞ്ഞ സ്‌കോറില്‍ ചുരുട്ടിക്കൂട്ടിയത്.
രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്‍ പോറല്‍, ശിവസിംഗ്, നാഗര്‍കോട്ടി എന്നിവരുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് ആസ്‌ത്രേലിയയുടെ നട്ടെല്ലൊടിച്ചത്.
76 റണ്‍സെടുത്ത ജോനാഥന്‍ മെര്‍ലോയാണ് ടോപ് സ്‌കോറര്‍. പരം ഉപ്പല്‍ 34ഉം ജാക്ക് എഡ്വേര്‍ഡ്‌സ് 28ഉം റണ്‍സെടുത്തു.

പാക്കിസ്ഥാനെതിരായ സെമി ഫൈനലിലെ സെഞ്ച്വറി ഉള്‍പ്പെടെ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി നാല് കളികളിലും അന്‍പതിന് മുകളില്‍ സ്‌കോര്‍ ചെയ്ത ശുഭ്മാന്‍ ഗില്‍ ലോകകപ്പിന്റെ താരമായും മന്‍ജോത് കല്‍റ കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

Latest