Connect with us

Gulf

ശൈഖ് മുഹമ്മദിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം പ്രമേയമാക്കി ഹോളിവുഡ് സിനിമ

Published

|

Last Updated

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആഫ്രിക്കന്‍ സന്ദര്‍ശന വേളയില്‍ (ഫയല്‍)

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രമേയമാക്കി ഹോളിവുഡ് ഫീച്ചര്‍ ഫിലിം നിര്‍മിക്കുന്നു. പോളണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസ്റ്റില്ലോ ഫിലിംസാണ് 15 കോടി ഡോളര്‍ ചെലവില്‍ സിനിമ നിര്‍മിക്കുന്നതെന്ന് കമ്പനി സി ഇ ഒയും ചെയര്‍മാനുമായ മസൂദ് ഖാന്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. “ദ വിസ്ഡം” എന്ന പേരില്‍ 90 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ അന്ധയായ ഒരു പെണ്‍കുട്ടിക്ക് ദുബൈയിലെ ഒരു ജീവകാരുണ്യ സംഘടനയുടെ സഹായത്താല്‍ കാഴ്ച ശക്തി തിരിച്ചുകിട്ടുന്നതും ലോകത്തെ അവള്‍ കാണുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് പറയുന്നത്.

ഹോളിവുഡ് നടന്‍മാരായ അല്‍പാകിനോ, ഡസ്റ്റിന്‍ ഹോഫ്മാന്‍, റിച്ചാര്‍ഡ് ജെറെ, നടിമാരായ മിഷേല്‍ ഫെയ്ഫര്‍, നിക്കോള്‍ കിഡ്‌മെന്‍, ബ്രിട്ടീഷ് നായിക എമ്മ വാട്‌സണ്‍ എന്നിവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എമ്മ വാട്‌സണാണ്.

ശൈഖ് മുഹമ്മദിന്റെ ജീവകാരുണ്യ-മാനുഷിക പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്നും അനേകക്കണക്കായ ജനവിഭാഗങ്ങള്‍ക്കാണ് സാന്ത്വനമേകിയിട്ടുള്ളതെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

മാര്‍ച്ച് ഏഴിന് സിനിമാ പ്രവര്‍ത്തകര്‍ ദുബൈയില്‍ “എ സല്യൂട്ട് റ്റു വിസ്ഡം ഓഫ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ്” എന്ന പേരില്‍ ദുബൈയില്‍ മെഗാ ഇവന്റും സംഘടിപ്പിക്കുന്നുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

Latest