Connect with us

Kerala

കലയുടെ കനകകിരീടത്തിൽ തുടർച്ചയായ 12ാം തവണയും കോഴിക്കോടൻ മുത്തം

Published

|

Last Updated

തൃശൂര്‍: പൂരത്തിന്റെ നാട്ടില്‍ അഞ്ച് ദിവസമായി നിറഞ്ഞു പെയ്ത കലാപൂരം മിഴിയടച്ചപ്പോൾ തുടർച്ചയായ 12ാം തവണയും കിരീടമേന്തിയത് കോഴിക്കോട് ജില്ല. 895 പോയിന്റുകള്‍ നേടിയാണ് കോഴിക്കോട് കിരീടത്തില്‍ മുത്തമിട്ടത്. കോഴിക്കോടിന് ഇത് 18ാമത്തെ കിരീടനേട്ടമാണ്. 893 പോയിന്റ് നേടിയ പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 875 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തും, 865 പോയിന്റുമായി കണ്ണൂര്‍ നാലാം സ്ഥാനത്തുെമെത്തി.

സംസ്‌കാരത്തിന്റെ കളിത്തൊട്ടിലില്‍ കലയുടെ നിറവസന്തം പൂത്തുലഞ്ഞ സൗവര്‍ണ നാളുകളാണ് ഉപചാരം ചൊല്ലി പിരിഞ്ഞത്. കടമിഴിക്കോണില്‍ ഒത്തിരി കവിതയും ചലനങ്ങളില്‍ ലാസ്യ ഭംഗിയും സ്വരത്തില്‍ തോരാ മധുരിമയും ഭാവങ്ങളില്‍ ഗാംഭീരതയും ചാലിച്ചു ചേര്‍ത്ത് കലാ കൗമാരം ആടിത്തിമിര്‍ത്ത നാളുകള്‍…..നീര്‍മാതളം മുതല്‍ കേരം വരെയുള്ള അരങ്ങുകളില്‍ ഉദിച്ചുയര്‍ന്ന സൂര്യ പ്രതിഭകള്‍ കൈരളിയുടെ, പ്രത്യേകിച്ച് തൃശിവപേരൂരിന്റെ പുകള്‍പെറ്റ സാംസ്‌കാരിക തനിമയിലേക്ക് ഘനസാന്ദ്രമായ സംഭാവനകളാണ് പകര്‍ന്നേകിയത്. കലോത്സവത്തിലെ കൊട്ടിക്കലാശം കഴിഞ്ഞയുടന്‍ പൊലിഞ്ഞു പോകാതെ അവരെ മലയാളത്തിന്റെ കലാ സാഹിത്യ നഭസ്സിലെ തിളങ്ങുന്ന താരകങ്ങളായി വളര്‍ത്തുകയും നിലനിര്‍ത്തുകയുമാണ് ഇനി വേണ്ടത്. അത് നിറവേറ്റാന്‍ പ്രതിജ്ഞാബദ്ധമാണെന്ന വിദ്യാഭ്യാസ-സാംസ്‌കാരിക നേതൃത്വത്തിന്റെ വാഗ്ദാനത്തിലാണ് മലയാള മണ്ണിലെ കലാസ്വാദക മനസ്സുകളുടെ പ്രതീക്ഷയത്രയും.

സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാനും കൃഷിവകുപ്പു മന്ത്രിയുമായ അഡ്വ. വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട കൊരമ്പ് കളരിയുടെ മൃദംഗ മേളത്തോടെയാണ് സമാപന സമ്മേളനം ആരംഭിച്ചത്. സമാപന സമ്മേളനത്തിനു ശേഷം സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തില്‍ സംഗീത സായാഹ്നം നടക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം നടത്തിയ ആദ്യ കേരള സ്‌കൂള്‍ കലോത്സവം എന്ന ഖ്യാതിയോടെയും ജൈവ പച്ചക്കറികളുപയോഗിച്ച് ഭക്ഷണ പദാര്‍ഥങ്ങള്‍ തയ്യാറാക്കിയ കലോത്സവം എന്ന പെരുമയോടെയുമാണ് കലാമാമാങ്കം സമാപിക്കുന്നത്.

Latest