Connect with us

Kannur

ഇസില്‍ ബന്ധം: അന്വേഷണ സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍: കേരളത്തില്‍ ഇസിലുമായി ബന്ധമുള്ളവര്‍ക്ക് പണമെത്തിച്ചത് ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചെന്ന് അന്വേഷണ സംഘം. വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നടത്തിയ അന്വേഷണത്തിലൂടെയാണ് കണ്ണൂര്‍ ഡി വൈ എസ് പി. പി പി സദാനന്ദനും സംഘത്തിനും ഇസില്‍ ബന്ധമുള്ളവര്‍ക്ക് പണം കൈമാറിയതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. കണ്ണൂരിലും ഗള്‍ഫ് രാജ്യങ്ങളിലും ബന്ധമുള്ള ചിലര്‍ മുഖേനയാണ് പണം കൈമാറിയത്. ഇസില്‍ പ്രവര്‍ത്തകനായ പാപ്പിനിശേരി സ്വദേശി തസ്‌ലിം ഇടനിലക്കാരനായാണ് പ്രധാനമായും പണം ശേഖരിച്ചത്.

സിറിയയിലേക്ക് ഇസിലില്‍ ചേരാന്‍ പോയവര്‍ക്ക് ധനസഹായം തസ്‌ലിം മുഖേനയാണ് നല്‍കിയിരുന്നത്. ഷാര്‍ജ , ദുബൈ എന്നിവിടങ്ങളിലടക്കം ഒട്ടേറെ പേരില്‍ നിന്ന് ഇസില്‍ സംഭാവനയായി പണം പിരിച്ചുവെന്നുള്ള വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് തസ്‌ലിം നാട്ടിലുള്ള പള്ളിയുടെ പേരില്‍ അനധികൃതമായി പണപിരിവ് നടത്തിയതിന് യു എ ഇയില്‍ ഇദ്ദേഹത്തിന്റെ പേരില്‍ കേസുണ്ട്. ദുബൈയിലെ കോള്‍ഫുക്കാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസ്്.

പണപിരിവ് നടത്തിയിരുന്നുവെന്നതിന്റെ ആധികാരികമായ തെളിവുകളാണിതെന്ന് ഡി വൈ എസ് പി സദാനന്ദന്‍ പറഞ്ഞു. കണ്ണൂരില്‍ അറസ്റ്റിലായ ചക്കരക്കല്‍ സ്വദേശി മിഥിലാജിന്റെ പേരിലുള്ള ബേങ്ക് അക്കൗണ്ട് മുഖേനയാണ് പണം കൈമാറിയിരുന്നത്. സാമ്പത്തികമായി പിന്നാക്കമുള്ള തസ്‌ലിമിന് ഇത്തരത്തില്‍ വന്‍ തുക നല്‍കി സഹായിക്കാനുള്ള ശേഷിയില്ലെന്ന അനുമാനത്തിലാണ് പണത്തിന്റെ ഉറവിടം തേടാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്. ഡല്‍ഹിയില്‍ അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി ഷാജഹാന്റെ മാതാവില്‍ നിന്നും മിഥ്‌ലാജ് ഒരു ലക്ഷം രൂപ വാങ്ങിയതായി കണ്ണൂരില്‍ അറസ്റ്റിലായ ഇസില്‍ പ്രവര്‍ത്തകര്‍ മൊഴി നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം ഈ തുക ഗള്‍ഫില്‍ നിന്നും സിറിയയിലേക്ക് കടക്കുന്നവര്‍ക്ക് കൈമാറിയതായും സൂചനയുണ്ട്. ഈ തുക കണ്ണൂരിലെ ഒരു ടെക്സ്റ്റയില്‍ ഉടമ വഴിയാണ് മിഥ്‌ലാജ് കൈമാറിയത്. ടെക്സ്റ്റയില്‍ ഷോപ്പ് ഉടമയുടെ സഹോദരന് ഷാര്‍ജയില്‍ ഒരു സ്ഥാപനമുണ്ടെന്നും ആ സ്ഥാപനം വഴിയാണ് റിവേഴ്‌സ് ഹവാല മോഡലില്‍ പണം കൈമാറിയതെന്നാണ് ഡി വൈ എസ് പി വ്യക്തമാക്കിയത്. ഷാര്‍ജയിലെ റോള എന്ന സ്ഥലത്തുള്ള ഷോപ്പിംഗ് കോംപ്ലക്‌സിലെ വാച്ച് കടയില്‍ വെച്ചാണ് സിറിയന്‍ റിക്രൂട്ടിംഗ് അംഗങ്ങള്‍ക്ക് പണം കൈമാറിയത്. തസ്‌ലിം ഈ സ്ഥാപനത്തില്‍ നേരത്തെ ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടിലെത്തിയ ഇയാള്‍ സന്ദര്‍ശക വിസയെടുത്ത് ദുബൈക്ക് പോയെങ്കിലും യാതൊരുവിധ വിവരവുമില്ലെന്ന്് ഡി വൈ എസ് പി പറഞ്ഞു. കേസ് എന്‍ ഐ എ ഏറ്റെടുത്ത സാഹചര്യത്തില്‍ അവര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.