Connect with us

Gulf

ഡൗണ്‍ ടൗണ്‍ പുതുവത്സരാഘോഷങ്ങള്‍ ലോക റെക്കോര്‍ഡിലേക്ക്

Published

|

Last Updated

ദുബൈ: പുതു വത്സരത്തെ വരവേല്‍ക്കാന്‍ വര്‍ണ വിസ്മയമായ ആകാശക്കാഴ്ചകള്‍ ഒരുക്കുന്ന ഡൗണ്‍ ടൗണ്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വ്യതിരിക്തമായ വെളിച്ച പ്രദര്‍ശനങ്ങള്‍ക്കൊരുങ്ങുന്നു. ലൈറ്റ് അപ് 2018 എന്ന് നാമകരണം ചെയ്തിട്ടുള്ള പ്രത്യേക ലൈയ്റ്റിംഗ് പരിപാടിക്ക് ലോക റെക്കോര്‍ഡ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. കരിമരുന്ന് പ്രയോഗം ഈ വര്‍ഷം ഉണ്ടായിരിക്കില്ലെന്നറിയിച്ച ഡൗണ്‍ ടൗണ്‍ അധികൃതര്‍, ലോകോത്തര ലൈറ്റിംഗ് പരിപാടിയാണ് പുതുവത്സര ആഘോഷങ്ങള്‍ക്കായി ഒരുക്കുന്നത്.

ആഗോള തലത്തില്‍ പ്രശസ്തരായ കലാകാരന്മാരാണ് ഡൗണ്‍ ടൗണ്‍ പദ്ധതിയോടു ചേര്‍ന്ന ആഘോഷ പരിപാടികള്‍ക്ക് വര്‍ണക്കാഴ്ചകള്‍ ഒരുക്കുന്നത്. യു എ ഇയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ സൂചിപ്പിക്കുന്ന വര്‍ണക്കാഴ്ചകള്‍, രാഷ്ട്രപിതാവിന്റെ ഓര്‍മകള്‍ക്ക് കൂടുതല്‍ വെളിച്ചമേകുന്ന വൈവിധ്യ കാഴ്ചകള്‍ എന്നിവ ഡൗണ്‍ ടൗണ്‍ പരിസരത്ത് ലോക ശ്രദ്ധനേടുന്നതാകും. മുന്‍ വര്‍ഷങ്ങളിലേതിനോട് കിടപിടിക്കാവുന്നതാണ് ഈ വര്‍ഷത്തെ പരിപാടികള്‍

ഈ വര്‍ഷം ആഘോഷ പരിപാടികള്‍ വീക്ഷിക്കുന്നതിന് അംഗ പരിമിതരായവര്‍ക്ക് ബുര്‍ജ് പാര്‍ക്കില്‍ പ്രത്യേകമായി കൂടുതല്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ 100 പേര്‍ക്ക് പരിപാടികള്‍ വീക്ഷിക്കുന്നതിനുള്ള ഇടമാണ് അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. ലൈറ്റ് അപ് 2018 പരിപാടികള്‍ വൈകീട്ട് അഞ്ച് മണി മുതല്‍ ആരംഭിക്കും. വെളുപ്പിന് ഒരുമണി വരെ നീളുന്ന സംഗീത പരിപാടികള്‍ അടക്കം ഒട്ടനവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. വൈകീട്ട് ആറ് മണി മുതല്‍ പൊതുജനങ്ങള്‍ ബുര്‍ജ് പാര്‍ക് പ്രദേശത്തേക്ക് എത്തണമെന്നാണ് അധികൃതരുടെ ആവശ്യം. പ്രദേശത്തെ ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിനാണിത്.

ആഘോഷ പരിപാടികള്‍ ആഗോള തലത്തില്‍ വിവിധ ടെലിവിഷനുകളില്‍ തത്സമയം സംപ്രേഷണംചെയ്യും. ഡൗണ്‍ ടൗണ്‍ പ്രദേശത്തു വിവിധയിടങ്ങളില്‍ വലിയ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ംംം.ാ്യറൗയമശിലം്യലമൃ.രീാ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്.