Connect with us

National

മോദിക്ക് ശത്രുഘ്‌നന്‍ സിന്‍ഹയുടെ രൂക്ഷ വിമര്‍ശനം; ജയിക്കാന്‍ അവിശ്വസനീയ കഥകള്‍ പറയാതിരിക്കൂ

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ നേതാക്കളുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ. രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ അടിസ്ഥാനരഹിതവും അവിശ്വസനീയവുമായ ആരോപണം ഉന്നയിക്കരുതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി, അതും പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ അടിസ്ഥാനരഹിതമായതും അവിശ്വസനീയവുമായ കഥകള്‍ എതിരാളികള്‍ക്കെതിരെ കൊണ്ടുവരുന്നത് ശരിയാണോയെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ ട്വിറ്ററിലൂടെ ചോദിച്ചു. പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറുമായും മറ്റും ബന്ധപ്പെടുത്തുന്നത് അത്ഭുതാവഹമാണ്. പുതിയ കഥകളും വഴിത്തിരിവുകളുമുണ്ടാക്കി വോട്ട് തേടുന്നതിന് പകരം ബിജെപി നടത്തിയ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞകൂടെയെന്നും അദ്ദേഹം ചോദിച്ചു. അന്തരീക്ഷത്തെ വര്‍ഗീയവത്കരിക്കരുതെന്നും പകരം ആരോഗ്യപരമായ രാഷ്ട്രീയത്തിലേക്കും തിരഞ്ഞെടുപ്പിലേക്കും കാര്യങ്ങളെ നയിച്ചുകൂടെയെന്നും അദ്ദേഹം ട്വീറ്റി.

ഗുജറാത്തിലെ പലന്‍പൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് മോദി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. പാക്കിസ്ഥാനി നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തിയെന്നും ഇതിന് പിന്നാലെയാണ് മണിശങ്കര്‍ അയ്യര്‍ തന്നെ നീചന്‍ എന്ന് വിശേഷിപ്പിച്ചതെന്നുമായിരുന്നു മോദിയുടെ ആരോപണം. മണിശങ്കര്‍ അയ്യരുടെ വസതിയില്‍ നടന്ന കൂടിക്കഴ്ച സംബന്ധിച്ച് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍, പാക് മുന്‍ വിദേശകാര്യ മന്ത്രി, ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരാണ് ആ യോഗത്തില്‍ പങ്കെടുത്തതെന്നും മോദി ചൂണ്ടിക്കാട്ടി. ”

മൂന്ന് മണിക്കൂറോളമാണ് യോഗം നീണ്ടത്. ഇതിന് തൊട്ടടുത്ത ദിവസമാണ് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ തന്നെ നീചന്‍ എന്ന് വിളിച്ചത്. ഈ വിഷയം അത്യധികം ഗൗരവമുള്ളതാണ്. അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിനെ പാക് മുന്‍ സൈനിക മേധാവി പിന്തുണക്കുന്നു. ആ യോഗത്തിന് ശേഷം ഗുജറാത്തിലെ ജനങ്ങളും പിന്നാക്ക സമുദായങ്ങളും പാവപ്പെട്ടവരും താനും അപമാനിക്കപ്പെടുന്നു. ഈ സംഭവങ്ങളിലൊന്നും നിങ്ങള്‍ക്ക് സംശയം തോന്നുന്നില്ലെയെന്നും മോദി റാലിയില്‍ പങ്കെടുത്തവരോടായി ചോദിച്ചു.

---- facebook comment plugin here -----

Latest