Connect with us

National

ഓഖി; മത്സ്യബന്ധന ബോട്ടുകള്‍ ഗുജറാത്ത്,ഗോവ തീരത്തെത്തി; തൊഴിലാളികള്‍ സുരക്ഷിതര്‍

Published

|

Last Updated

അഹമ്മദാബാദ് : ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുന്നതിനിടെ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ 40 മല്‍സ്യബന്ധന ബോട്ടുകള്‍ ഗുജറാത്ത് വെരാവല്‍ തീരത്ത് അടുത്തു. ബോട്ടുകളിലുണ്ടായിരുന്ന 516 തൊഴിലാളികള്‍ സുരക്ഷിതരാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ള മല്‍സ്യത്തൊഴിലാളികളും കൂട്ടത്തിലുണ്ട്. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി തീരസംരക്ഷണ സേന അറിയിച്ചു. അതിനിടെ, വിഴിഞ്ഞത്തു നിന്നുള്ള ഒരു ബോട്ട് ഗോവയിലെ വാസ്‌കോ തീരമണഞ്ഞു. 7 മലയാളികളും രണ്ട് തമിഴരും 6 അസമികളുമാണ് ബോട്ടിലുണ്ടായിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നും പുറപ്പെട്ട ബോട്ടാണിത്.

ലക്ഷദ്വീപ് വിട്ട ഓഖി ചുഴലിക്കാറ്റ് മുംബൈ തീരത്തിന് 850 കിലോമീറ്റര്‍ അകലെ കൂടുതല്‍ ശക്തി പ്രാപിച്ചു. ഇതോടെ കേരളത്തിനും ലക്ഷദ്വീപിനും പുറമെ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലില്‍ വലിയ തിരമാലകള്‍ ഉണ്ടാകാനും കേരളത്തില്‍ മഴ പെയ്യാനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Latest