Connect with us

National

ബോഫോഴ്‌സ് കേസില്‍ പുനരന്വേഷണ സാധ്യത തേടി കേന്ദ്രസര്‍ക്കാരിനു സിബിഐയുടെ കത്ത്

Published

|

Last Updated

ന്യൂഡല്‍ഹി:  ഏറെ ചര്‍ച്ചക്ക് വിധേയമായ ബോഫോഴ്‌സ് കേസില്‍ പുനരന്വേഷണ സാധ്യത തേടി കേന്ദ്രസര്‍ക്കാരിനു സിബിഐയുടെ കത്ത്. യൂറോപ്പ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹിന്ദുജ ബ്രദേഴ്‌സ് കമ്പനിക്കെതിരായ നടപടികള്‍ റദ്ദാക്കിയ, 2005ലെ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് സിബിഐ നീക്കം. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസിലെ പുനരന്വേഷണ സാധ്യത സിബിഐ തേടുന്നത്.

എന്നാല്‍, ഇത്രയും കാലത്തിനുശേഷം സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ കാലതാമസം വന്നതിനെക്കുറിച്ചു വിശദീകരണം നല്‍കേണ്ടി വരുമെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. 2005ല്‍ പുനരന്വേഷണം നടത്താന്‍ സിബിഐ താല്‍പര്യപ്പെട്ടിരുന്നെങ്കിലും യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.

അതേസമയം, ബോഫോഴ്‌സ് കേസ് വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ടു ബിജെപി നേതാവ് അജയ്കുമാര്‍ അഗര്‍വാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്. കേസിനാസ്പദമായ യഥാര്‍ഥ സ്വിസ് രേഖകളോ, വിശ്വാസയോഗ്യമായ പകര്‍പ്പോ ഹാജരാക്കാന്‍ സിബിഐക്കു കഴിഞ്ഞില്ലെന്നു വിലയിരുത്തിയാണ് ഹിന്ദുജ സഹോദരന്മാരെയും സ്വീഡനിലെ ആയുധ നിര്‍മാതാക്കളായ എ.ബി. ബോഫോഴ്സ് കമ്പനിയെയും ഡല്‍ഹി ഹൈക്കോടതി പൂര്‍ണമായും കുറ്റവിമുക്തരാക്കിയത്

Latest