Connect with us

International

അമേരിക്കക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയ

Published

|

Last Updated

ന്യൂയോര്‍ക്ക്: അമേരിക്കക്കെതിരെ ഏത് നിമിഷവും ആണവ യുദ്ധം ഉണ്ടാകുമെന്ന് ഉത്തര കൊറിയ. യു എന്നില്‍ സംസാരിക്കവെ ഉത്തര കൊറിയന്‍ അംബാസഡര്‍ കിം ഇന്‍ റിയോംഗാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ആണവ പദ്ധതികളുടെ പേരില്‍ ഉത്തര കൊറിയക്കെതിരെ യു എസ് ഏര്‍പ്പെടുത്തിയ ഉപരോധത്തെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു. സ്വയം പ്രതിരോധത്തിനായി ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ആണവായുധങ്ങള്‍ കൈവശം വെക്കുന്നതിന്റെ പേരില്‍ അമേരിക്കയുടെ കടുത്ത ഭീഷണിക്ക് വിധേയമാകപ്പെട്ട രാജ്യമാണ് ഉത്തര കൊറിയയെന്നും റിയോംഗ് വ്യക്തമാക്കി. ഉത്തര കൊറിയക്കെതിരെയുള്ള അമേരിക്കയുടെ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതുവരെ ആണവായുധങ്ങള്‍ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു എന്നിലെ നിരായുധീകരണ സമിതിയോടാണ് ഉത്തരകൊറിയന്‍ അംബാസഡര്‍ നിലപാട് വ്യക്തമാക്കിയത്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം ഉത്തരകൊറിയയുമായി നിരന്തരം കൊമ്പുകോര്‍ത്തുകൊണ്ടിരിക്കുകയാണ്. ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും യുദ്ധ സജ്ജമാണെന്ന് അറിയിച്ചുകൊണ്ട് നിലപാട് കടുപ്പിച്ചു വരികയാണ്.
അമേരിക്ക വിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറാത്ത പക്ഷം ഒരു കാരണവശാലും തങ്ങളുടെ ആണവായുധങ്ങളോ ബാലിസ്റ്റിക് റോക്കറ്റുകളോ ചര്‍ച്ചാ വിഷയമാകില്ലെന്ന് ഉത്തര കൊറിയ തുറന്നടിച്ചു.
ഉത്തര കൊറിയയുടെ ആണവായുധ പരീക്ഷണങ്ങളില്‍ പ്രതിഷേധിച്ച് യു എസിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര തലത്തില്‍ കനത്ത ഉപരോധം നിലനില്‍ക്കെയാണ് കടുത്ത വെല്ലുവിളിയുമായി യു എന്നിലെ അംബാസഡര്‍ രംഗത്തെത്തിയത്. ഉപരോധങ്ങള്‍ തങ്ങളുടെ രാജ്യത്തെ തകര്‍ക്കില്ലെന്ന് നേരത്തെ കിം ജോംഗ് ഉന്‍ വ്യക്തമാക്കിയിരുന്നു. പച്ചയില തിന്നേണ്ടി വന്നാലും ആണവായുധങ്ങള്‍ ഒഴിവാക്കില്ലെന്നാണ് ഉത്തര കൊറിയന്‍ നിലപാട്.
ഉത്തര കൊറിയയുടെ ആണവായുധ പിന്‍ബലത്തെ കുറിച്ചും റിയോംഗ് യു എന്നില്‍ വെളിപ്പെടുത്തി. രാജ്യം ആണവ സേനയെ വിപുലപ്പെടുത്തിയിട്ടുണ്ടെന്നും തങ്ങളുടെ നേതാവ് കിം ജോംഗ് ഉന്നിനെ പുറത്താക്കാന്‍ അമേരിക്ക ശ്രമം നടത്തിയ സാഹചര്യത്തിലാണിതെന്നും അംബാസഡര്‍ പറഞ്ഞു. “ആണവബോംബ്, എച്ച് ബോംബ്, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് റോക്കറ്റ് എന്നിവയുടെ ശേഖരം ഉത്തര കൊറിയക്കുണ്ട്. അത് അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കുക തന്നെ ചെയ്യും. അമേരിക്കന്‍ ഭൂപ്രദേശം തകര്‍ക്കാന്‍ ഇത് മതിയാകും. ഞങ്ങളുടെ ഒരിഞ്ച് ഭൂപ്രദേശത്തെങ്കിലും ആക്രമിക്കാന്‍ അമേരിക്ക തുനിയുകയാണെങ്കില്‍ അവര്‍ക്ക് ഞങ്ങളുടെ അസഹനീയമായ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ല.” അദ്ദേഹം പറഞ്ഞു.
ഉത്തര കൊറിയക്കെതിരെ സൈനിക ആക്രമണത്തിന് അമേരിക്ക കോപ്പുകൂട്ടുന്ന സാഹചര്യത്തിലാണ് റിയോംഗിന്റെ വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ധേയമാണ്. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധം വേണ്ടെന്ന നിലപാട് എടുത്തതായി യു എസ് പ്രതിരോധ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഉത്തര കൊറിയന്‍ അംബാസഡറുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ആദ്യ ബോംബ് വര്‍ഷിക്കുന്നത് വരെ ഉത്തര കൊറിയയുമായുള്ള നയതന്ത്ര ഇടപെടല്‍ തുടരാന്‍ ട്രംപ് തന്നോട് പറഞ്ഞതായി ടില്ലേഴ്‌സണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വേണ്ടി സമയം പാഴാക്കുകയായിരുന്നു ടില്ലേഴ്‌സണ്‍ എന്ന് ട്രംപ് ട്വീറ്റ് ചെയ്തതിന് ശേഷമാണ് ടില്ലേഴ്‌സണ്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

 

Latest