Malappuram
വേങ്ങര ഉപതിരഞ്ഞെടുപ്പ് : ആസ്ഥാന പഞ്ചായത്തില്‍ വികസനം ഒച്ചിഴയും വേഗത്തില്‍

സാമ്പാറില്‍ തിളക്കുന്ന വിഭാഗീയത
മുന്നണി ബന്ധവും ഗ്രൂപ്പ് പോരും രൂക്ഷമാണ് മണ്ഡലത്തിന്റെ ആസ്ഥാന പഞ്ചായത്തായ വേങ്ങരയില്‍. യു ഡി എഫ് സംസ്ഥാന നേതൃത്വത്തിന് എന്നും തലവേദന സൃഷ്ടിക്കുന്ന പഞ്ചായത്തില്‍‘ഭരണം പലപ്പോഴും മാറി മറിഞ്ഞതാണ് ചരിത്രം. 1964ല്‍ ആദ്യ ഭരണ സമിതി മുതല്‍ മുന്നണി സമ വാക്യത്തിനും ഗ്രൂപ്പ് പോരിനും പാരമ്പര്യമുണ്ട്.
മുന്‍ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ് സാഹിബ്, മുന്‍ എം എല്‍ എ. കെ പി രാമന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസിഡന്റിന്റെ കസേരയിലിരുന്നപ്പോഴും ഗ്രൂപ്പിസത്തിന് പഞ്ഞമുണ്ടായിട്ടില്ല. 1978ലെ തിരഞെടുപ്പില്‍ രണ്ട് ലീഗ് ഗ്രൂപ്പുകള്‍ തമ്മിലാണ് മത്സരിച്ചത്. പഞ്ചായത്ത് രാജ് തുടങ്ങിയ 1995ലെ തിരഞ്ഞെടുപ്പില്‍ സാമ്പാര്‍ മുന്നണി രൂപം കൊണ്ടു. ഈ തിരഞ്ഞെടുപ്പില്‍ ലീഗ് പ്രതിപക്ഷത്തിരിക്കേണ്ടിയും വന്നു. 2000ല്‍ വേങ്ങരയെ വിഭജിച്ച് കണ്ണമംഗലം രൂപം കൊണ്ട ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍ മുസ്‌ലീം ലീഗ് അധികാരത്തിലെത്തിയെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞതോട പ്രസിഡന്റിനെ ചൊല്ലി ഗ്രൂപ്പുകള്‍ തമ്മില്‍ തല്ലി. നിലവിലെ പ്രസിഡന്റിനെ മറുകണ്ടം ചാടിച്ച് സാമ്പാര്‍ പിന്തുണയില്‍ ലീഗിന്റെ അവിശ്വാസം മറികടന്ന് കല്ലന്‍ മുഹമ്മദ് മാസ്റ്റര്‍ കാലാവധി പൂര്‍ത്തീകരിച്ചു.
പിന്നീട് വന്ന രണ്ട് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ലീഗും കോണ്‍ഗ്രസും കൈകോര്‍ത്തു. ഇതിനിടെ വീണ്ടും പിണക്കം മൂര്‍ഛിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വീണ്ടും സാമ്പാര്‍ മുന്നണി തിളച്ച് മറിഞ്ഞു. പക്ഷേ ഉദ്ദേശിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. 23 അംഗ പഞ്ചായത്തില്‍ നാല് അംഗങ്ങളെ മാത്രം ജയിപ്പിച്ചെടുക്കാനെ സാധിച്ചുള്ളു. (സിപിഎം രണ്ട്, കോണ്‍ഗ്രസ് രണ്ട്). മുസ്‌ലിം ലീഗാവട്ടെ കോണ്‍ഗ്രസിലെ മറു ഗ്രൂപ്പിനും വെല്‍ഫയര്‍ പാര്‍ട്ടിക്കും സീറ്റുകള്‍ നല്‍കി വിജയം നേടി. ഈ തിരഞ്ഞെടുപ്പില്‍ രൂപം കൊണ്ട ലീഗ്- കോണ്‍ഗ്രസ് വൈര്യം ഇപ്പോഴും നില നില്‍ക്കുകയാണ്. കൂടാതെ, കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരും ശക്തമാണ്. ഔദ്യോഗിക പക്ഷം ലീഗിനോട് അകലുമ്പോഴെല്ലാം മറു പക്ഷം ലീഗിനൊപ്പമാണ് നിലകൊള്ളുന്നത്.
പ്രതാപം നിലനിര്‍ത്തുമോ?
പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ലീഗിനെ തനിച്ചാക്കിയിട്ടുണ്ടെങ്കിലും പാര്‍ലിമെന്റ്,നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കാറില്ല. മണ്ഡലം രൂപവത്കരിച്ച ശേഷം വന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് രംഗത്തുണ്ട്. മണ്ഡലത്തിലെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ വേങ്ങരയിലാണ്.
അത് കൊണ്ട് തന്നെ മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥിക്ക് കൂടുതല്‍ വോട്ടുകളും ലഭിക്കുന്നത് വേങ്ങരയില്‍ നിന്ന് തന്നെ. രണ്ട് തവണയും മത്സരിച്ച പി കെ കുഞ്ഞാലികുട്ടിയുടെ വ്യക്തി ബന്ധങ്ങള്‍ ഗ്രൂപ്പുകളും വൈര്യങ്ങളും മറന്ന് വോട്ടാവുന്നത് സ്ഥാനാര്‍ഥി മാറ്റത്തോടെ നില നിര്‍ത്താനാവുമോ എന്നതാണ് ഇത്തവണ കണ്ടറിയേണ്ടത്. കോണ്‍ഗ്രസിന്റെ പിണക്കം തീര്‍ക്കാന്‍ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാവും മുമ്പേ സംസ്ഥാന നേതാക്കള്‍ ശ്രമം നടത്തിയിരുന്നു. സ്ഥാനമാനങ്ങളില്‍ ഇനിയും ഒത്ത് തീര്‍പ്പെത്താത്തത് കാരണം. ഭൂരിപക്ഷ കോണ്‍ഗ്രസ് വിഭാഗത്തിന്റെ പിണക്കം തീര്‍ന്നിട്ടില്ല.
കൂടാതെ കഴിഞ്ഞ തവണ മത്സരിച്ച എസ് ഡി പി ഐ, വെല്‍ഫയര്‍ പാര്‍ട്ടീ എന്നിവക്കായി രണ്ടായിരം വോട്ടുകളും പഞ്ചായത്തിലുണ്ട്. ഇത്തവണ ഈ വോട്ടുകള്‍ ആരുടെ പെട്ടിയിലെന്നതും, യു ഡി എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിയും പ്രാദേശിക വികസന വിഷയങ്ങളും വോട്ടായി മാറിയാല്‍ പഴയ പ്രതാപം യു ഡി എഫിന് നിലനിര്‍ത്താന്‍ ഇത്തവണയാകില്ല.
വേണം പദ്ധതികള്‍, വരണം വികസനം
വേങ്ങരയിലെ വികസനം തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയാണ്. വിവിധ പദ്ധതികള്‍ക്ക് പ്രാഥമിക നടപടികളെടുത്തുവെന്നല്ലാതെ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല.
ടൗണിലെ ഗതാഗത കുരുക്ക്, പാര്‍ക്കിംഗ്, തൊഴില്‍ലഭ്യ മാക്കാന്‍ വ്യവസായ കേന്ദ്രങ്ങള്‍, ടൗണിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം, നിലവാരമുള്ള സ്‌റ്റേഡിയം, റോഡുകളുടെ നവീകരണം തുടങ്ങിയ ഏറെ പ്രാധാന്യമുള്ള പദ്ധതികള്‍ അടിയന്തിരമായി നടപ്പിലാക്കണം.
നിര്‍മാണത്തിലുള്ള കുടി വെള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും പദ്ധതിക്കു വേണ്ട വെള്ളം കടലുണ്ടി പുഴയിലെ കല്ലക്കയത്ത് ലഭ്യമാക്കുകയും വേണം. ആലോചനയിലുള്ള ബൈ പാസ് റോഡ് യാഥാര്‍ഥ്യമാക്കണം.
സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന ചെറുകിട വ്യവസായ പദ്ധതി വേങ്ങര കേന്ദ്രീകരിച്ച് സ്ഥാപിക്കണം. മാര്‍ക്കറ്റ് ആധുനികവത്കരണം തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് മണ്ഡലത്തിന്റെ ആസ്ഥാന പഞ്ചായത്തായ വേങ്ങരക്കുള്ളത്.