Connect with us

Ongoing News

നഷ്ടപ്പെട്ട ഫോണുകളെ കണ്ടെത്താന്‍ ഐ ഫോര്‍ മൊബ് ആപ്ലിക്കേഷനുമായി കേരളാ പൊലീസ്

Published

|

Last Updated

നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്തുന്നതിനും ഉടമയ്ക്ക് തിരികെ ലഭ്യമാക്കുന്നതിനുമുള്ള പുതിയ സംവിധാനവുമായി കേരളാ പൊലീസ് രംഗത്ത്. നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഐഎംഇഐ നമ്പര്‍ വഴി തിരിച്ചറിയുന്നതിന് സഹായിക്കുന്ന വെബ് ആപ്ലിക്കേഷനാണ് കേരളാ പൊലീസ് പരിചയപ്പെടുത്തുന്നത്.

ഐ ഫോര്‍ മൊബ് എന്ന പേരിലാണ് കേരളാ പൊലീസിന്റെ സൈബര്‍ ഡോം വെബ് ആപ്ലിക്കേഷന്‍ ഒരുക്കിയിരിക്കുന്നത്. പുതിയ ആപ്ലിക്കേഷന്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി സംസ്ഥാനത്തെ മൊബൈല്‍ ടെക്‌നീഷ്യന്മാരെ സൈബര്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കും. നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്ബറും വെബ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും.
ഫോണ്‍ മോഷ്ടിച്ചവര്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാനോ മറ്റോ മൊബൈല്‍ ടെക്‌നീഷ്യന്മാരെ സമീപിക്കുമ്പോള്‍ വെബ് പോര്‍ട്ടല്‍ വഴി ഇവരെ കണ്ടെത്താന്‍ സാധിക്കുമെന്ന് കേരളാ പൊലീസിന്റെ സൈബര്‍ വിഭാഗം പറയുന്നു.

മൊബൈല്‍ ടെക്‌നീഷ്യന്മാര്‍ക്ക് സ്ഥാപനങ്ങള്‍ നടത്തണമെങ്കില്‍ കേരളാപൊലീസിന്റെ എതിര്‍പ്പില്ലാ രേഖ ഹാജരാക്കണമെന്ന നിബന്ധന വെയ്ക്കുമെന്നും അതുവഴി വെബ് പോര്‍ട്ടലിലേക്കുള്ള രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമാക്കുമെന്നും സൈബര്‍ ഡോം ചുമതലയുള്ള ഐജി മനോജ് എബ്രഹാം പറഞ്ഞു.