Connect with us

Kerala

അട്ടപ്പാടിയില്‍ ചെറുധാന്യ ഗ്രാമം പദ്ധതി വരുന്നു

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്കും ആദിവാസികളുടെ ദുരിതത്തിനും അറുതി വരുത്തുന്നതിന് ചെറുധാന്യ ഗ്രാമം പദ്ധതി വരുന്നു. പരമ്പരാഗത ജീവിത രീതികളില്‍നിന്ന് വ്യതിചലിച്ച് പരിഷ്‌കൃത സമൂഹത്തിന്റെ ശീലങ്ങളിലേക്ക് മാറിയതാണ് ആദിവാസി സമൂഹത്തിന് ഇന്നത്തെ ദുരവസ്ഥക്ക് കാരണമാക്കിയെന്ന തിരിച്ചറിവാണ് ചെറുധാന്യ പദ്ധതി നടപ്പാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
പരമ്പരാഗത ധാന്യങ്ങളുടെ ലഭ്യത കുറഞ്ഞതിനെത്തുടര്‍ന്ന് റേഷനരിയുടെ ചോറ് ശീലമാക്കിയ ആദിവാസികളില്‍ വലിയ തോതില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. ഇതേത്തുടര്‍ന്ന് ആദിവാസികള്‍ക്കിടയില്‍ അകാലമരണം കൂടുകയും ശിശുമരണനിരക്ക് വര്‍ധിക്കുകയും ചെയ്തു. പുതിയ പദ്ധതി ഇതിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

മൂന്ന് വര്‍ഷത്തെ പദ്ധതിയാണിപ്പോള്‍ നടപ്പാകുന്നത്. 200 ഹെക്ടറില്‍ കോറയും 200 ഹെക്ടറില്‍ വരഗ്, പനിവരഗ്, ചോളം, മക്കചോളം, ചാമ, എള്ള്, തിന എന്നിവയും ആദ്യവര്‍ഷം കൃഷിചെയ്യും. ഇതിന് പുറമെ, 100 ഹെക്ടറില്‍ മുതിരയും 15 ഹെക്ടറില്‍ പച്ചക്കറിയും കൃഷിചെയ്യും. അട്ടപ്പാടിയിലെ 192 ഊരുകളില്‍ 34 എണ്ണത്തിലാണ് പദ്ധതി നടപ്പാകുന്നത്. ഇതില്‍ അഞ്ചെണ്ണം മാതൃകാ ഊരുകളായി തിരഞ്ഞെടുക്കപ്പെട്ടവയാണ്. ഇരുള, മുഡുഗ വിഭാഗങ്ങളുടെ രണ്ട് വീതവും കുറുമ്പ വിഭാഗത്തിന്റെ ഒരു ഊരുമാണ് മാതൃകാ ഊരുകളായി തിരഞ്ഞെടുത്തിരിക്കുന്നത്. പഴം, പച്ചക്കറി, കിഴങ്ങ്‌വര്‍ഗങ്ങളുടെ വികസനവും തേനീച്ച വളര്‍ത്തലും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൃഷി വകുപ്പും പട്ടികവര്‍ഗവികസന വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വനം, ജല വിഭവ വകുപ്പുകളുടെ സഹകരണവും പദ്ധതിക്കുണ്ട്. ആദിവാസി മേഖലക്ക് സാമ്പത്തികസുരക്ഷ ഉറപ്പാക്കും വിധം അട്ടപ്പാടി മേഖലയെ ചെറുധാന്യ ഗ്രാമ കേന്ദ്രങ്ങളാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.ആദ്യഘട്ടത്തില്‍ 34 ഊരുകളിലായി 1,250 ഏക്കറിലാണ് കൃഷിയിറക്കുന്നത്.
ഉത്പന്നങ്ങള്‍ ആദിവാസിവിഭാഗങ്ങളുടെ ആവശ്യത്തിന് മാറ്റിയശേഷം സര്‍ക്കാര്‍ സംഭരണം നടത്തി സംസ്ഥാനത്തെ വിവിധകേന്ദ്രങ്ങളിലുള്ള വി എഫ് പി സി കെ, ഹോര്‍ട്ടികോര്‍പ്, ഇക്കോഷോപ്പുകള്‍, സിവില്‍ സപ്ലൈസ് തുടങ്ങിയ സര്‍ക്കാര്‍ ഔട്‌ലെറ്റുകള്‍ വഴി മൂല്യവര്‍ധിതഉത്പന്നങ്ങളാക്കി സംസ്ഥാനത്തില്‍ വിറ്റഴിക്കും.

ഇതില്‍നിന്നുള്ള ലാഭം ആദിവാസികള്‍ക്കുതന്നെ ലഭ്യമാക്കും. പദ്ധതി നടത്തിപ്പിനായി കൃഷി വകുപ്പിന്റെ രണ്ട് കോടി രൂപക്ക് ഭരണാനുമതി ലഭിച്ചതായി അട്ടപ്പാടിയിലെ കൃഷി വകുപ്പ് അസിസ്റ്റന്റ്ഡയറക്ടര്‍ ബി സുരേഷ് അറിയിച്ചു.
പട്ടിക വര്‍ഗ വകുപ്പില്‍നിന്നുള്ള 42.5 ലക്ഷംകൂടി ആദ്യവര്‍ഷം ലഭിക്കും. ഇതിനുള്ള ഭരണാനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചാ യോഗം ഇന്ന് രാവിലെ11ന് നടക്കുമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു.

Latest