Connect with us

Editorial

നയതന്ത്ര തടസ്സം കേരള മന്ത്രിമാര്‍ക്ക് മാത്രമോ?

Published

|

Last Updated

ബി ജെ പി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളോട് കേന്ദ്രം പുലര്‍ത്തുന്ന അസഹിഷ്ണുതക്ക് പ്രകടമായ തെളിവാണ് കേരള ടൂറിസം മന്ത്രി കടകംപള്ളിക്ക് വിസ നിഷേധിച്ച നടപടി. ചൈനയില്‍ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിഷേധിച്ചത്. നയതന്ത്ര പാസപോര്‍ട്ടിനുള്ള അപേക്ഷയില്‍ കേന്ദ്രം അനുമതി നല്‍കേണ്ടതുണ്ട്. ഇതാണ് വ്യക്തമായ കാരണമൊന്നും കാണിക്കാതെ കേന്ദ്രം നിഷേധിച്ചത്. ഐക്യരാഷ്ട്ര സഭക്ക് കീഴിലെ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ ഈ മാസം 11 മുതല്‍ 16 വരെയാണ് ചൈനയില്‍ ടൂറിസം സമ്മേളനം സംഘടിപ്പിക്കുന്നത്. ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയാണ് സംസ്ഥാന ടൂറിസം മന്ത്രിയെ യോഗത്തിലേക്ക് ക്ഷണിച്ചത് . മന്ത്രിയെന്ന നിലയില്‍ കടകംപള്ളിക്ക് മാത്രമാണ് പരിപാടിയിലേക്ക് ഇന്ത്യയില്‍ നിന്ന് ക്ഷണം ലഭിച്ചത്. അവശേഷിക്കുന്നവര്‍ ഉദ്യോഗസ്ഥരാണ്. അവര്‍ക്കെല്ലാം അനുമതി ലഭിച്ചിട്ടുണ്ട്.

ഉത്തരവാദ ടൂറിസത്തിനുള്ള ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ പുരസ്‌ക്കാരം നേരത്തെ കേരളത്തിന് ലഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ടൂറിസം മന്ത്രിക്ക് ഈ മേഖലയിലെ പുതിയ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടിയിലേക്ക് ക്ഷണം കിട്ടിയത്. അടുത്ത കാലത്തായി ചൈനയില്‍ നിന്ന് കേരളത്തിലേക്കും ഇന്ത്യയുടെ ഇതരഭാഗങ്ങളിലേക്കും വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്നുണ്ട്. ഈ ഘട്ടത്തില്‍ മന്ത്രി പരിപടിയില്‍ പങ്കെടുക്കുന്നത് കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും സഹായകമാകുമായിരുന്നു. ചൈനാ സന്ദര്‍ശന വേളയില്‍ യു എന്‍ സെക്രട്ടരി ജനറലുമായും നാല് രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരുമായും ചര്‍ച്ച നടത്താനും കടകംപള്ളി തീരുമാനിച്ചിരുന്നതാണ്. ഇത് രാജ്യത്തിന് പൊതുവെ ഗുണം ചെയ്യുമായിരുന്നു. ആഗോള തലത്തില്‍ അങ്ങിനെ ഒരു അംഗീകാരം ഇടതു മുന്നണി ഭരണത്തിലുള്ള കേരളത്തിന് വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. ഇതിലപ്പുറം ഈ യാത്ര മുടക്കിയതിന് മറ്റൊരു ന്യായീകരണവുമില്ല.
സംഘ്പരിവാറിന്റെ കണ്ണിലെ കരടാണ് കടകംപള്ളി സുരേന്ദ്രന്‍. കൊച്ചി മെട്രോ റെയില്‍ ഉദ്ഘാടന വേളയില്‍ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ക്ഷണമില്ലാതെ പ്രധാനമന്ത്രിയുടെ കൂടെ ട്രെയിനില്‍ വലിഞ്ഞു കയറിയതിനെ അതിരൂക്ഷമായി വിമര്‍ശിച്ചതും മിത്രാനന്ദപുരം കുളത്തിന്റെ സമര്‍പ്പണ ചടങ്ങില്‍ ശിംഗേരി മഠാധിപതി ഭാരിതിതീര്‍ഥ സ്വാമിക്കായി ഇട്ടിരുന്ന സിംഹാസനം എടുത്തുമാറ്റിയതുമുള്‍പ്പെടെ കടകംപള്ളിയുടെ പല പ്രസ്താവനകളും ചെയ്തികളും സംഘ്പരിവാറിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. വിസ നിഷേധത്തിന് ഈയൊരു പശ്ചാത്തലവും കാണുന്നവരുണ്ട്.

തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാനായി കഴിഞ്ഞ വര്‍ഷം മന്ത്രി കെ ടി ജലീല്‍ നടത്താനിരുന്ന സഊദി യാത്രക്കും കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നു. കേരളത്തിലെ ഒരു മന്ത്രിക്ക് അനുമതി നല്‍കിയാല്‍ മറ്റു സംസ്ഥാന പ്രതിനിധികളും സഊദിയാത്രക്കുള്ള അനുമതിക്കായി കേന്ദ്രത്തെ സമീപിക്കുകയും നിയമങ്ങള്‍ കര്‍ക്കശമായ സഊദിയില്‍ ഇത് പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുമെന്നുമായിരുന്നു വിലക്കിന് കേന്ദ്രം പറഞ്ഞ ന്യായീകരണം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി സഊദിയിലെ ഇന്ത്യക്കാരുടെ പ്രശ്‌നത്തില്‍ ഇടപെടുന്നുണ്ടെന്നിരിക്കെ സംസ്ഥാന മന്ത്രി അവിടേക്ക് പോകേണ്ട ആവശ്യമെന്തെന്നും കേന്ദ്രം ചോദിച്ചു. സഊദിയിലെ കേരളീയ പ്രവാസികളില്‍ ഭൂരിഭാഗവും മുസ്‌ലികളാണെന്നതിനാല്‍ ജലീലിന് അനുമതി നിഷേധിച്ചതിന് പിന്നില്‍ രാഷ്ട്രീയത്തോടൊപ്പം മതകീയ മാനവുമുണ്ടായിരിക്കാം.

നയതന്ത്ര കാരണങ്ങളാലാണ് യാത്ര വിലക്കിയതെന്നും ഇതില്‍ രാഷ്ട്രീയ കാഴ്ചപ്പാടില്ലെന്നുമാണ്, കടകംപള്ളിക്ക് വിസ നിഷേധിച്ച സംഭവം വിവാദമായതോടെ വിദേശ കാര്യമന്ത്രാലയം നല്‍കിയ വിശദീകരണം. ഇന്ത്യ-ചൈന ബന്ധത്തില്‍ സമീപ കാലത്തുണ്ടായ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക പദവികളിലുള്ളവരുടെ യാത്രക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്തുകൊണ്ടാണ് യാത്രാനുമതി നിഷേധിച്ചതെന്ന് അപേക്ഷകനോട് വിശദീരിക്കുന്ന പതിവ് മന്ത്രാലയത്തിനില്ലെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്. ദോക്‌ലോമില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങുകയും തൊട്ടുപറികെ ബ്രിക്‌സ് സമ്മേളനത്തില്‍ സംബന്ധിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി അവിടുത്തെ ഉന്നത നേതാക്കളുമായി സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തിരിക്കെ വിസ നിഷേധത്തിന് ഉഭയകക്ഷി ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ എടുത്തു കാട്ടുന്നത് വിരോധാഭാസമാണ്. മാത്രമല്ല, ഇന്ത്യയും ചൈനയും വികസന രംഗത്ത് കൂടുതല്‍ സഹകരിക്കാനും ബന്ധം മെച്ചപ്പെടുത്താനും നരേന്ദ്രമോദിയുടെ സന്ദര്‍ശനവേളയില്‍ ചൈനീസ് പ്രസിഡണ്ട് ഷീ ചിന്‍പിങ്ങുമായിനടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുമുണ്ട്. അതിന് കടക വിരുദ്ധമാണ് വിസാനിഷേധം.

രാഷ്ട്രീയ പ്രതിയോഗികള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളോടും ജനപ്രതിനിധികളോടും വിവേചനവും അവഗണനയും കാണിക്കുന്നത് രാജ്യം അംഗീകരിച്ച ഫെഡറല്‍ രീതിയോടുള്ള ധിക്കാരമാണ്. സംസ്ഥാനങ്ങള്‍ക്കുള്ള സഹായങ്ങളിലും ആനുകൂല്യങ്ങളിലും ജനപ്രതിനിധികളോടുള്ള സമീപനത്തിലും കക്ഷിരാഷ്ട്രീയത്തിനതീതമായി തുല്യമായ സമീപനമാണ് ഫെഡറലിസം ആവശ്യപ്പെടുന്നത്.അന്താരാഷ്ട്ര വേദികളില്‍ ഏതെങ്കിലുമൊരു സംസ്ഥാനത്തിന് ലഭിക്കുന്ന അംഗീകാരം രാജ്യത്തിന് പൊതുവെ അഭിമാനകരമാണെന്നത് കേന്ദ്രസാരഥികള്‍ ഓര്‍ക്കേണ്ടതുണ്ട്.

Latest