Connect with us

Gulf

റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഡി എച് എ 25 ശതമാനത്തിലധികം ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി

Published

|

Last Updated

ദുബൈ: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദുബൈ ഹെല്‍ത് അതോറിറ്റിക്ക് (ഡി എച് എ) കീഴിലെ 26 ശതമാനം ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയെന്ന് അധികൃതര്‍. ഡി എച് എക്ക് കീഴില്‍ നടത്തിവരുന്ന വാരാന്ത്യ സംരംഭമായ “ലീഡേഴ്‌സ് അറ്റ് യുവര്‍ സര്‍വീസിന്റെ” ഭാഗമായാണ് ആഴ്ചയില്‍ ഓരോ വിഭാഗത്തിലെ മികച്ച രീതിയില്‍ സേവനം കാഴ്ചവെക്കുന്ന ജീവനക്കാരന് സ്ഥാനക്കയറ്റം നല്‍കുന്ന പദ്ധതി. ഈ സംരംഭമനുസരിച്ച് പൊതുജനങ്ങള്‍ക്ക് ഡി എച് എയുടെ നേതൃത്വവുമായി സംവദിക്കുന്നതിനും നിര്‍ദേശങ്ങള്‍ കൈമാറുന്നതിനും അവസരമുണ്ട്.

ആഴ്ചയില്‍ ഒരു മണിക്കൂര്‍ നീളുന്ന തത്സമയ ഫോണ്‍ പരിപാടിയിലൂടെ പൊതുജനങ്ങള്‍ക്ക് ഡി എച് എ ഹ്യൂമന്‍ റിസോഴ്‌സ് ഡയറക്ടര്‍ ആമിന അല്‍ സുവൈദിയുമായി സംവദിക്കാം. ക്രിയാത്മകമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഉതകുന്ന നിരവധി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു.

തൊഴിലാളികളുടെ സാമൂഹികവും മാനസികവും സാമ്പത്തികവുമായ വളര്‍ച്ചക്ക് അതോറിറ്റി പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. വിവിധ വകുപ്പുകളില്‍ നിന്നായി അതോറിറ്റിയുടെ മൊത്തം തൊഴില്‍ ശക്തിയുടെ കാല്‍ ഭാഗത്തിലധികം ജീവനക്കാര്‍ക്ക് മികച്ച പ്രകടനങ്ങള്‍ മുന്‍ നിര്‍ത്തി റെക്കോര്‍ഡ് സമയ ക്രമത്തിനുള്ളില്‍ സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ടെന്ന് ആമിന അല്‍ സുവൈദി പറഞ്ഞു.
ജീവനക്കാര്‍ക്കിടയില്‍ മികച്ച സന്തുഷ്ടി, ക്രിയാത്മകമായി തൊഴില്‍ രംഗത്തെ സമീപിക്കല്‍, മികച്ച പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്ന വിധത്തില്‍ തൊഴില്‍ മേഖലയെ പരിവര്‍ത്തിപ്പിച്ചെടുക്കല്‍ തുടങ്ങിയവ ലക്ഷ്യം വെച്ച് പഞ്ച നക്ഷത്ര നിലവാരമുള്ള സന്തുഷ്ടികാര്യ പദ്ധതികള്‍ കഴിഞ്ഞ ജനുവരിയില്‍ ഡി എച് എ ആരംഭിച്ചിരുന്നു.

അംഗീകാരം, പ്രചോദനം, വിനിമയ ഉപാധികള്‍ വര്‍ധിപ്പിക്കുക, മികച്ച നീതി, സുതാര്യത, മികച്ച ആരോഗ്യ പരിരക്ഷയും ഉന്നത തൊഴില്‍ അന്തരീക്ഷവും തുടങ്ങിയവയാണ് ഡി എച് എ ജീവനക്കാര്‍ക്കായി ആരംഭിച്ച സന്തുഷ്ടി കാര്യ പദ്ധതികള്‍. പദ്ധതികള്‍ ജീവനക്കാര്‍ക്കിടയില്‍ കൂടുതല്‍ ക്രിയാത്മകതയും ഊര്‍ജസ്വലതയും വര്‍ധിപ്പിക്കുന്നതിന് വഴിയൊരുക്കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

ഡി എച് എയുടെ തൊഴില്‍ സേനയുടെ സാമൂഹിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കഴിഞ്ഞ മെയ് മാസം മുതല്‍ സോഷ്യല്‍ ഫണ്ട് പ്രോഗ്രാം ആരംഭിച്ചിരുന്നു. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ച ദാന വര്‍ഷത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നതിനായിരുന്നു പദ്ധതിയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest