Connect with us

Ongoing News

റയലില്‍ ഇടമില്ല; റോഡ്രിഗസ് ബയേണ്‍ മ്യൂണിക്കില്‍

Published

|

Last Updated

മ്യൂണിക്: റയല്‍ മാഡ്രിഡിന്റെ കൊളംബിയന്‍ സ്‌ട്രൈക്കര്‍ ഹാമിഷ് റോഡ്രിഗസ് ബയേണ്‍ മ്യൂണിക്കുമായി കരാറിലെത്തി. രണ്ട് വര്‍ഷത്തെ ലോണിലാണ് ട്രാന്‍സ്ഫര്‍. കഴിഞ്ഞസീസണ്‍ അവസാനിച്ചപ്പോള്‍ തന്നെ റോഡ്രിഗസ് റയല്‍ വിട്ടേക്കുമെന്ന സൂചനയുണ്ടായിരുന്നു. ക്രിസ്റ്റിയാനോയും ബെന്‍സിമയും ഉള്‍പ്പെടുന്ന താര നിരയില്‍ സ്ഥിര സാന്നിധ്യമാകാന്‍ റോഡ്രിഗസിന് സാധിച്ചിരുന്നില്ല. കൂടുതല്‍ സമയം കളിക്കാന്‍ അവസരമുള്ള ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് താരത്തിന്റെ ഏജന്റ് വ്യക്തമാക്കിയിരുന്നു.

ബയേണ്‍ രണ്ട് വര്‍ഷത്തേക്ക് വായ്പാടിസ്ഥാനത്തിലാണ് റോഡ്രിഗസിനെ വാങ്ങുന്നതെങ്കിലും കരാര്‍ പൂര്‍ത്തിയാകുന്ന വേളയില്‍ താരത്തിന് സ്ഥിരം കരാര്‍ നല്‍കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഇത് പ്രകാരം പ്രതിവര്‍ഷം പത്ത് ദശലക്ഷം യൂറോ ജര്‍മന്‍ ക്ലബ്ബ് റയലിന് നല്‍കും. 2019 ല്‍ 35.2 ദശലക്ഷം യൂറോ നല്‍കി സ്ഥിരം കരാറില്‍ ടീമിലെത്തിക്കും.
റോഡ്രിഗസുമായി റയല്‍ മാഡ്രിഡില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള കാര്‍ലോ ആഞ്ചലോട്ടി ബയേണിന്റെ പരിശീലക സ്ഥാനത്തിരിക്കുമ്പോള്‍ ഈ ട്രാന്‍സ്ഫര്‍ ശുഭസൂചനയാണെന്ന് ബയേണ്‍ മ്യൂണിക് ചെയര്‍മാന്‍ കാള്‍ ഹെയിന്‍സ് റുമിനിഗെ പറഞ്ഞു.

ബയേണിന്റെ പ്രീ സീസണ്‍ സൗഹൃദ മത്സരങ്ങളില്‍ ഹാമിഷ് റോഡ്രിഗസ് കളിക്കും. ആഴ്‌സണല്‍, മിലാന്‍, ചെല്‍സി, ഇന്റര്‍മിലാന്‍ ഉള്‍പ്പെടുന്ന ഇന്റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പ്, ലിവര്‍പൂളുമായുള്ള ഓഡി കപ്പ് എന്നിവയാണ് ബയേണിന്റെ സൗഹൃദ മത്സരങ്ങള്‍.

ബയേണില്‍ നിന്ന് ഡഗ്ലസ് കോസ്റ്റ യുവെന്റസിലേക്ക് ചേക്കേറിയിട്ടുണ്ട്. സീരി എ ചാമ്പ്യന്‍മാരായ യുവെന്റസ് 45 ദശലക്ഷം യൂറോയാണ് ബ്രസീല്‍ താരത്തിന് നല്‍കിയത്.
മൊണാക്കോയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കീലിയന്‍ എംബാപ്പെയെ ടീമിലെത്തിക്കാനാണ് റയല്‍ മാഡ്രിഡിന്റെ പരിശ്രമം.

Latest