Connect with us

International

വിശപ്പടക്കാനാകാതെ അഭയാര്‍ഥി പെരുന്നാള്‍

Published

|

Last Updated

സിറിയന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നുള്ള ദൃശ്യം

പുത്തനുടുപ്പില്ലാതെ, വിഭവസമൃദ്ധമായ ഭക്ഷണമില്ലാതെ, ബന്ധുക്കള്‍ക്കൊപ്പം ഒരു പെരുന്നാള്‍ യാത്രയില്ലാതെ ഇറാഖിലെയും സിറിയയിലെയും ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ ഇന്നലെ പെരുന്നാള്‍ ആഘോഷിച്ചു. സമാധാനമുണ്ടാകട്ടെയെന്ന നെഞ്ചുരുകിയ പ്രാര്‍ഥന ആശംസയായി പകര്‍ന്നായിരുന്നു അവരുടെ പെരുന്നാള്‍ ആഘോഷം. മിസൈലുകളുടെ ശബ്ദങ്ങളും ജീവന് വേണ്ടിയുള്ള നിരാലംബരുടെ നിലവിളികളും കേട്ട് ശീലിക്കുന്നതിന് മുമ്പുള്ള പെരുന്നാള്‍ ദിനങ്ങളുടെ ഓര്‍മകള്‍ പോലും അവരുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോയിട്ടുണ്ട്. പേടിയില്ലാതെ ജീവിക്കുകയെന്ന ഏറ്റവും അടിസ്ഥാനമായ ആവശ്യത്തിന് വേണ്ടി പാടുപെടുന്നവര്‍ക്ക് പലതും ഓര്‍മിക്കാന്‍ പോലും സാധിക്കാറില്ല.
ഇറാഖിലെ മൊസൂള്‍, സിറിയയിലെ ദമസ്‌കസ്, ഇദ്‌ലിബ്, അലെപ്പോ തുടങ്ങിയ നഗരങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിനാളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പലായനം ചെയ്തത്. ഇവര്‍ക്ക് പുറമെ ലിബിയ, സുഡാന്‍, സൊമാലിയ, നൈജീരിയ എന്നി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്. ഇറ്റലി, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആയിരക്കണക്കിന് തമ്പുകളില്‍ കഴിയുകയാണ് ഇവര്‍.
യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ തുര്‍ക്കി, ലബനാന്‍, ജോര്‍ദാന്‍, സഊദി അറേബ്യ, യു എ ഇ, കുവൈത്ത്, ഈജിപ്ത്, ഖത്വര്‍, അല്‍ജീരിയ എന്നീ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ കഴിയുന്നുണ്ട്. പെരുന്നാള്‍ ദിനത്തില്‍ വിശപ്പടക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഇവര്‍. പള്ളികള്‍ക്ക് മുമ്പില്‍ നിന്നും വീടുകള്‍ കയറിയിറങ്ങിയും ഫിത്വര്‍ ധാന്യങ്ങള്‍ ശേഖരിക്കാനുള്ള തിരക്കായിരുന്നു അഭയാര്‍ഥി ക്യാമ്പുകളുള്ള നഗരങ്ങളില്‍ കണ്ടത്.
സിറിയയില്‍ നിന്ന് പലായനം ചെയ്തവരില്‍ 30 ലക്ഷത്തോളം പേരും തുര്‍ക്കിയിലാണ് ജീവിക്കുന്നത്. തുര്‍ക്കി – സിറിയ- ഇറാഖ് അതിര്‍ത്തിയിലാണ് അഭയാര്‍ഥികള്‍ കൂട്ടമായി താമസിക്കുന്നത്. അഭയാര്‍ഥികളുടെ ക്യാമ്പുകള്‍ക്ക് നേരെയും ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ ഇക്കുറിയും ഭീതിയൊഴിഞ്ഞ പെരുന്നാളല്ല അവര്‍ക്ക് ലഭിച്ചത്. ലബനാനില്‍ 22 ലക്ഷം പേരും ജോര്‍ദാനില്‍ 12 ലക്ഷം പേരും ജര്‍മനിയില്‍ നിന്ന് ആറ് ലക്ഷം പേരും സിറിയന്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ട്. അറേബ്യന്‍ രാജ്യമായ സഊദി അറേബ്യയില്‍ അഞ്ച് ലക്ഷം സിറിയന്‍ അഭയാര്‍ഥികളാണ് കഴിയുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്ത്, സഊദി അറേബ്യ, ഖത്വര്‍, ഒമാന്‍ തുടങ്ങിയ ജി സി സി രാജ്യങ്ങളില്‍ കഴിയുന്ന അഭയാര്‍ഥികള്‍ സുരക്ഷിതരാണ്. ആക്രമണ ഭീതിയൊഴിഞ്ഞവരാണെങ്കിലും സ്വന്തം നാടും വീടും ബന്ധുക്കളെയും കാണാന്‍ വെമ്പല്‍കൊള്ളുന്നവരാണിവര്‍.
മൊസൂളിലെ ഇസില്‍ കേന്ദ്രം തിരിച്ചുപിടിക്കാനുള്ള ഏറ്റുമുട്ടല്‍ നടക്കുന്ന സാഹചര്യത്തില്‍ ഇവിടുത്തെ പുരാതന നഗരത്തിലുള്ള ആയിരക്കണക്കിന് വരുന്ന ജനങ്ങളുടെ പെരുന്നാള്‍ ഭീതി പൂര്‍ണമാണ്. അമേരിക്ക, ഇറാഖ്, ഇസില്‍ സൈന്യത്തിന്റെ ആക്രമണം ഏത് സമയവും പ്രതീക്ഷിച്ചാണ് ഇവര്‍ ഇന്നലെ ഈദുല്‍ഫിത്വര്‍ ആഘോഷിച്ചത്. പെരുന്നാള്‍ നിസ്‌കാരവും തക്ബീര്‍ വിളികളുമായി പ്രാര്‍ഥനാപൂര്‍ണമായിരുന്നു മൊസൂളിലെ പെരുന്നാള്‍.
മൊസൂളിലെ ഏറ്റുമുട്ടല്‍ മേഖലയില്‍ നിന്ന് പലായനം ചെയ്ത നൂറ് കണക്കിന് അഭയാര്‍ഥികള്‍ യാത്രിക്കിടെയാണ് പെരുന്നാള്‍ ആഘോഷിച്ചത്. നോമ്പും പെരുന്നാളും, സാധാരണ ദിവസങ്ങളും തമ്മില്‍ വലിയ വ്യത്യാസം തോന്നാത്ത ദൂരിത പൂര്‍ണമാണ് ഇവിടുത്തെ അഭയാര്‍ഥി ജീവിതം.
ദാരിദ്രം കൊണ്ടും ആഭ്യന്തര കലാപം കൊണ്ടും പൊറുതിമുട്ടിയ ലിബിയയടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബോട്ട് വഴി യൂറോപ്യന്‍ തീരത്തെത്തുകയെന്ന ലക്ഷ്യത്തിനായി ദുഷ്‌കരമായ പാതകള്‍ പിന്നിടുന്ന ആഫ്രിക്കന്‍ അഭയാര്‍ഥികളും ഈ പെരുന്നാളിലെ നൊമ്പരമാണ്.
മ്യാന്മറിലെ ബുദ്ധതീവ്രവാദികളുടെയും ക്രൂരന്മാരായ സൈന്യത്തിന്റെയും വംശഹത്യ ലക്ഷ്യംവെച്ചുള്ള ആക്രമണത്തില്‍ നിന്ന് രക്ഷനേടി ബംഗ്ലാദേശിലെത്തിയ റോഹിംഗ്യന്‍ മുസ്‌ലിംകളുടെയും പെരുന്നാള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ അഭയാര്‍ഥികള്‍ക്ക് സമാനമാണ്. മ്യാന്മര്‍ സൈന്യത്തിന്റെ തോക്ക് മുനയില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ബംഗ്ലാദേശിലും റോഹിംഗ്യന്‍ വംശജര്‍ സുരക്ഷിതമല്ല. ഇപ്പോഴുള്ള അഭയാര്‍ഥി കൂര ഏത് സമയവും നഷ്ടപ്പെടുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.
സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സേനയുടെയും ഹൂതി വിതരുടെയും ആക്രമണത്തിനിടയില്‍ ശവപ്പറമ്പായി മാറിയ യമനില്‍ കോളറാകാലത്തെ പെരുന്നാള്‍ കാലമാണിത്. ഏറ്റുമുട്ടലുകള്‍ക്ക് പിന്നാലെ പടര്‍ന്നുപിടിച്ച മാരകമായ കോളറാ ദുരിതത്തിന് നടുവിലാണ് യമനികളുടെ പെരുന്നാള്‍ ആഘോഷം. ഉള്ളവരുടെ പെരുന്നാള്‍ കാലം മാത്രം ആഘോഷമാക്കപ്പെടുന്ന കാലത്ത് ഇല്ലാത്തവരുടെ പെരുന്നാള്‍ ഒരു ഓര്‍മപ്പെടുത്തലാകേണ്ടതുണ്ട്.