Articles
പരിസ്ഥിതി: ഇനിയും നാം ഉണരാതെ വയ്യ

മനുഷ്യന് ആവശ്യമുള്ള വിഭവങ്ങളെല്ലാം പ്രകൃതിയിലുണ്ട്. എന്നാല്‍മനുഷ്യന്റെ അത്യാര്‍ത്ഥിക്കായി ഒന്നും തന്നെ പ്രകൃതിയിലില്ല – ഗാന്ധിജി
മനുഷ്യനെ പ്രകൃതിയോട് ഇണക്കുക എന്ന സന്ദേശം ഉയര്‍ത്തിപിടിച്ചുകൊണ്ടാണ് പുതിയ വര്‍ഷം ലോക പരിസ്ഥിതി ദിനം കൊണ്ടാടുന്നത്. ആഴത്തില്‍ ചിന്തികാനൊന്നുമില്ലാതെ ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകാവുന്ന രൂപത്തില്‍ നിലനില്‍ക്കുന്ന പാരിസ്ഥിതിക അവസ്ഥകളെ മുഴുവനായി വരച്ചുകാട്ടും വിധമാണ് ഈ പ്രമേയം. മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ഒരു ബന്ധം തീര്‍ത്തും നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് ഇതില്‍നിന്നും നമുക്ക് ബോധ്യമാകുന്നത്.
ആഗോള താപനം, മലിനീകരണം, വരള്‍ച്ച, വനനശീകരണം, പ്രകൃതിക്ഷോഭം… പരിസ്ഥിതിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വാര്‍ത്തകള്‍ പുതിയ കാലത്ത് ഇങ്ങിനെയാണ് നീണ്ടുപോകുന്നത്.പ്രാദേശിക ഗ്രാമസഭാ ചര്‍ച്ചകള്‍ മുതല്‍ അന്താരാഷ്ട്ര ഉച്ചകോടികളില്‍ വരെ നിരന്തരം മുഖ്യ അജണ്ടയായി പരിസ്ഥിതി ഇന്ന് കടന്നുവരുന്നു. കവി വര്‍ണനകളിലൊതുങ്ങുന്ന നിര്‍ജീവമായ ആഖ്യാനങ്ങളല്ല വേണ്ടതെന്നും സജീവമായ ഇടപെടലുകള്‍ ആവശ്യമാണെന്നും ലോകം തിരിച്ചറിഞ്ഞിരിക്കുന്നു.
കൊണ്ടും കൊടുത്തും പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ആദിമ ജനതയില്‍നിന്നും മനുഷ്യനെ പ്രകൃതിയുമായി ഇണക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ആധുനിക കാലത്തെത്തുമ്പോള്‍ എവിടെവെച്ചാണ് ഇത്തരത്തിലുള്ള ഒരു മാറ്റത്തിന്റെ തുടക്കമെന്ന് സൂക്ഷമാര്‍ത്ഥത്തില്‍ നിരീക്ഷിക്കേണ്ടതുണ്ട്. ദാഹം തീര്‍ക്കാനായി നെട്ടോട്ടമോടിയ ഒരു വരള്‍ച്ചാ കാലത്തിന് ശേഷം വരുന്ന പരിസ്ഥിതി ദിനത്തില്‍ ഇത്തരത്തിലൊരു അന്വേഷണത്തിന്റെ പ്രസക്തി വര്‍ധിക്കുന്നുണ്ട്.
പച്ചപ്പ് ജീവന്റെ ഭാഗമായിരുന്നു ആദിമ ജനതയ്ക്ക്. നീതിപൂര്‍വമായി അതിനെ വിനിയോഗിക്കുന്നതിലും വരും തലമുറയ്ക്കായി സംരക്ഷിച്ചു പോരുന്നതിലും അവര്‍കാണിച്ച പ്രകൃതി ബോധമാണ് ഹരിതാപം നിറഞ്ഞ ഒരു ഭൂമിയില്‍ ജീവിക്കാന്‍ നമുക്ക് ഭാഗ്യം നല്‍കിയത്. ജീവിതത്തിന്റെ ഭാഗമായി പരിസ്ഥിതിയെ കാണാന്‍ അവര്‍ക്കായിരുന്നു. കാലക്രമേണ ഏറെ കൊട്ടിഘോഷിച്ച വ്യാവസായിക വിപ്ലവവും അതിലൂടെ വളര്‍ന്നു വന്ന മുതലാളിത്വ സാമ്രാജത്വ ശക്തികളും ശാസ്ത്ര രംഗത്തെ പുരോഗതിയും ലാഭവും ചൂഷണവും മാത്രം ലക്ഷ്യം വെച്ചപ്പോഴാണ് പരിസ്ഥിതി മനുഷ്യന്റെ ഉപയോഗത്തിന് വേണ്ടിയുള്ളതാണെന്നുള്ള മനുഷ്യകേന്ദ്രീകൃത വാദം ഉയര്‍ന്നു വന്നത്.
ഫ്രാന്‍സിസ് ബേയ്ക്കണ്‍, റെനെ ദക്കാര്‍ത്തെ, സിഗ്മണ്ട് ഫ്രോയിഡ്, ആദം സ്മിത് തുടങ്ങിയ ചിന്തകന്മാര്‍ ശാസ്ത്രീയതയുടെ രൂപപ്പെടുത്തലുകള്‍ക്ക് വിധേയപ്പെടേണ്ട ഒന്നാണ് പരിസ്ഥിതി എന്ന വാദത്തിനായ് നിരന്തരം ശബ്ദിച്ചുകൊണ്ടേയിരുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന ഒരു ജനതയെ പ്രകൃതിയില്‍നിന്നും പറിച്ചുമാറ്റാന്‍ ഇതൊരു കാരണമായി വര്‍ത്തിച്ചു. വികസനമെന്നാല്‍ മനുഷ്യന്‍ മാത്രം ബാക്കിയാകുന്നതാണെന്ന ബോധം ഊട്ടിയുറപ്പിക്കപ്പെട്ടു. ഇതോടെ സാമ്രാജത്വം കോളനികളിലെ ജൈവ കലവറകളെ കൊള്ളയടിക്കാന്‍ തുടങ്ങി. ദാഹ ജലം ഊറ്റിയെടുത്ത് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് തീറെയുതിക്കൊടുക്കാന്‍ ഭരണകൂടങ്ങള്‍ നിരന്തരമായി ശ്രമിച്ചു. പരിസ്ഥിതിക്കായുള്ള മുന്നേറ്റങ്ങളേയും സമരങ്ങളേയും വികസന വിരുദ്ധമെന്ന്് മുദ്രകുത്തി അടിച്ചമര്‍ത്തി. മണ്ണും മലയും പുഴകളും തുടങ്ങി പ്രകൃതിയുടെ പ്രതീകങ്ങളെല്ലാം സ്വാര്‍ത്ഥമായ ലാഭേച്ഛക്ക് വേണ്ടി നശിപ്പിച്ചുകൊണ്ടാണ് മനുഷ്യന്‍ ആധുനികത ആഘോഷിച്ചത്.
എന്നാല്‍പ്രകൃതിയോട് മനുഷ്യന്‍ ചെയ്ത ക്രൂരതകളോട് അതേ നാണയത്തില്‍ പ്രകൃതി തിരിച്ചടിക്കുന്ന കാഴ്ച്ചയാണ് പിന്നീട് കാണാനായത്. പുഴകളും തണ്ണീര്‍തടങ്ങളും വറ്റിവരണ്ടു, അടിക്കടി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങള്‍, ആഗോളതാപനവും കാലാവസ്ഥാ മാറ്റവും അനിയന്ത്രിതമായി തുടര്‍ന്നുകൊണ്ടിരുന്നു ഇതോടെ ഭൂമിയില്‍ വരും തലമുറയ്ക്ക് മാത്രമല്ല ഇപ്പോഴുള്ള തലമുറയ്ക്കും ജീവിക്കാനാവില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് പരിസ്ഥിതി സംരക്ഷണം മുഖ്യ അജണ്ടയായി മാറിയത്. പരിസ്ഥിതി ഒരര്‍ത്ഥത്തില്‍ മുതലാളിത്വത്തെക്കൂടെ ബാധിക്കുന്നുണ്ട് എന്ന തിരിച്ചറിവില്‍ നിന്നാകണം സുസ്ഥിര വികസനം എന്ന സങ്കല്‍പ്പം അവര്‍ സൃഷ്ടിച്ചെടുത്തു.
1962ല്‍ റേച്ചല്‍കഴ്‌സണ്‍ രചിച്ച പരിസ്ഥിതിയുടെ ബൈബില്‍ എന്നപേരില്‍ അറിയപ്പെടുന്ന “”നിശബ്ദ വസന്തം”” എന്ന പുസ്തകത്തിന്റെ പിറവിയോടെയാണ് ഗൗരവകരമായ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ലോകം തിരിച്ചറിഞ്ഞത്. ഡി.ഡി.റ്റി എന്ന മാരക വിഷം ഇല്ലാതാക്കിയ അമേരിക്കയിലെ ഒരു പ്രദേശത്തിന്റെ ചരിത്രമാണ് ഈ പുസ്തകത്തിലൂടെ ലോകത്തിന് മുന്നിലേക്ക് റേച്ചല്‍ കഴ്‌സണ്‍ തുറന്നുവെച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് 1972 സ്‌റ്റേക്‌ഹോമില്‍ ലോക രാജ്യങ്ങള്‍ ഒരുമിച്ച ആദ്യ പരിസ്ഥിതി സംഗമം നടന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി ലോകരാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് മുന്നേറാന്‍ ഈ സംഘമത്തിലൂടെ തീരുമാനമെടുത്തു. ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നതും സ്‌റ്റോക്‌ഹോം സമ്മേളനത്തിന്റെ ഭാഗമായാണ്. പിന്നീട് നിരന്തരമായ ഉച്ചകോടികളും സമ്മിറ്റുകളും പരിസ്ഥിതി സംരക്ഷണത്തിന്നായി അന്താരാഷ്ട്ര തലത്തില്‍നടക്കുകയുണ്ടായി. 1992ലും 2002ലും നടന്ന ഭൗമ ഉച്ചകോടികള്‍ ,ജപ്പാനില്‍വെച്ചു നടന്ന ക്യോട്ടോ ഉടംബടി അവസാനം 2015 പാരിസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടി വരെ എത്തുമ്പോള്‍ ഓരോ തവണയും പ്രഖ്യാപിത പദ്ധതികള്‍ കടലാസിലൊതുങ്ങുന്ന കാഴ്ച്ചയാണ് കാണാനാകുന്നത്. വികസിത രാജ്യങ്ങള്‍ അവര്‍ ഉണ്ടാക്കിവെക്കുന്ന പ്രത്യാഘാതങ്ങളെ വികസ്വര രാജ്യങ്ങളുടെയും അവികസിത രാജ്യങ്ങളുടെയും തലയില്‍ കെട്ടിവെക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.
പാരിസ് ഉടംബടിയില്‍ ലോകരാജ്യങ്ങള്‍ ആഗോളതാപനത്തിന് കാരണമാകുന്ന കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനുള്ള നടപടികള്‍ വേഗത്തിലാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാന്‍ ലോകത്തില്‍ രണ്ടാമത് കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിടുന്ന അമേരിക്ക ഉടംബടിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത് ലോകരാജ്യങ്ങളോടുള്ള വെല്ലുവിളിയായി വേണം കാണാന്‍.
പരിസ്ഥിതി ദിനത്തില്‍ മാത്രം കാണിക്കുന്ന മരമാണ് പരിസ്ഥിതി എന്ന ബോധത്തിനപ്പുറം ഇതൊരു ജീവല്‍ പ്രശ്‌നമായി കാണാന്‍ നമുക്കാവണം, നാം നട്ടു പിടിപ്പിച്ച മരങ്ങളെല്ലാം വളര്‍ന്നിരുന്നെങ്കില്‍ ആമസോണിനേക്കാളും വലിയ കാടായി നമ്മുടെ നാടുകള്‍ മാറുമായിരുന്നു. എന്നാല്‍ പരിസ്ഥിതി ദിനത്തിലെ ഇത്തിരി സ്‌നേഹത്തിനപ്പുറം പരിസ്ഥിതി സംരക്ഷണം നമ്മുടെ അജണ്ടയില്‍ വരുന്നില്ല.
ഇനിയും നാം ജാഗ്രത കാണിച്ചില്ലെങ്കില്‍ കൃത്രിമമായി നിര്‍മ്മിച്ച മഴയും ഓക്‌സിജനുമായി അതികകാലം ഈ ഭൂമിയില്‍ നമുക്ക് ജീവിക്കാനാവില്ല എന്നത് തീര്‍ച്ചയാണ്. അതിനാല്‍ മനുഷ്യനെ പ്രകൃതിയുമായി എന്തുവിലകൊടുത്തും ഇണക്കിചേര്‍ക്കേണ്ട ഉത്തരവാദിത്തം മനുഷ്യരായ നമുക്ക് തന്നെയാണ്.