Connect with us

Ongoing News

നെഞ്ചിടിപ്പോടെ മാഞ്ചസ്റ്റര്‍

Published

|

Last Updated

ലണ്ടന്‍: സ്വീഡിഷ് നഗരമായ സ്‌റ്റോക്ക്‌ഹോമില്‍ യൂറോപ ലീഗ് ഫൈനല്‍ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് മാഞ്ചസ്റ്റര്‍ അരീനയില്‍ ചാവേര്‍സ്‌ഫോടനമുണ്ടാകുന്നത്. മാഞ്ചസ്റ്ററിലെ പ്രമുഖ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫൈനല്‍ കളിക്കുന്നുണ്ട്. ഡച്ച് ക്ലബ്ബ് അയാക്‌സാണ് എതിരാളി. എന്നാല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരങ്ങള്‍ ശരിക്കും നടുങ്ങി, നാടിനെ നടുക്കിയ സ്‌ഫോടനത്തില്‍. ഇരുപതിലേറെ പേര്‍ കൊല്ലപ്പെട്ടു, നൂറിലേറെ പേര്‍ ഗുരുതര പരുക്കുകളുമായി ആശുപത്രിയില്‍ കഴിയുന്നു.

ഫൈനലിന്റെ തലേ ദിവസം നടക്കേണ്ടിയിരുന്ന പത്ര സമ്മേളനം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉപേക്ഷിച്ചു. കളിക്കാര്‍ പരിശീലന ഗ്രൗണ്ടില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി മൗനപ്രാര്‍ഥന നടത്തി. മത്സരത്തിന് മുമ്പുള്ള പ്രസ് മീറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് യുവേഫയോട് അഭ്യര്‍ഥിക്കുകയായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. എന്നാല്‍, ഇന്ന് സ്‌റ്റോക്ക്‌ഹോമില്‍ കോച്ച് ജോസ് മൗറിഞ്ഞോ മാധ്യമങ്ങളെ കാണും. ഫൈനല്‍ മാറ്റിവെക്കേണ്ട ആവശ്യമില്ലെന്നും മാഞ്ചസ്റ്ററിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റോക്ക്‌ഹോമില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും യുവേഫ അറിയിച്ചു.
മാഞ്ചസ്റ്ററിലുണ്ടായ ദുരന്തത്തില്‍ നിന്ന് മനസ് പൂര്‍ണമായും തിരിച്ചു വന്നിട്ടില്ലെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയാണെന്നും ജോസ് മൗറിഞ്ഞോ പ്രതികരിച്ചു.
സ്റ്റോക്ക്‌ഹോം തീവ്രവാദി ആക്രമണത്തിന്റെ അടുത്ത സ്ഥലമാണെന്ന രീതിയിലുള്ള പ്രചാരണം ശരിയല്ലെന്ന് യുവേഫ പറഞ്ഞു. അത്തരത്തിലൊരു സൂചനയും ഇന്റലിജന്‍സിന് ലഭിച്ചിട്ടില്ലെന്ന് യുവേഫ വ്യക്തമാക്കി.

യൂറോപ ലീഗ് ഫൈനല്‍ വേദിയായി സ്റ്റോക്ക്‌ഹോം നിശ്ചയിച്ചത് മുതല്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ കര്‍ക്കശമാക്കിയിട്ടുണ്ടെന്ന് സ്വീഡിഷ് എഫ് എ അറിയിച്ചു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് മൗറിഞ്ഞോ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പരിക്കിനെ തുടര്‍ന്ന് പല പ്രമുഖ താരങ്ങളും ടീമിന് പുറത്താണ്. സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചിന്റെ സാന്നിധ്യം ഉറപ്പാക്കാനും കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് കളിക്കാരുടെ ശ്രദ്ധ മുഴുവന്‍ നശിപ്പിക്കുന്ന വിധം ചാവേര്‍ സ്‌ഫോടനം ഉണ്ടായത്. പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറില്‍ ഇടം പിടിക്കുന്നതില്‍ പരാജയപ്പെട്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ യൂറോപ ലീഗ് കിരീടം നേടിയ തീരൂ.
അയാക്‌സിന്റെ യുവനിര ഏറെ പ്രശംസനീയമായ ഫുട്‌ബോളാണ് കാഴ്ചവെക്കുന്നത്. ബെര്‍ട്രന്‍ഡ് ട്രോറെ, അമിന്‍ യൂനെസ്, കാസ്‌പെര്‍ഡോല്‍ബെര്‍ഗ് എന്നിവര്‍ ചേരുന്ന അറ്റാക്കിംഗ് യൂറോപ്പിലെ ഭാവി സൂപ്പര്‍ നിരയാണ്. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ ഡാവി ക്ലാസനും ഹാകിം സിയെചും മികച്ച ഫോമില്‍. അയാക്‌സിന്റെ യുവനിരയെ തടയാന്‍ മൗറിഞ്ഞോ പഠിച്ച പണിയെല്ലാം പുറത്തെടുക്കേണ്ടി വരും.

യൂറോപ ലീഗിലെ ടോപ് സ്‌കോറര്‍ സ്ഥാനത്തുള്ളത് ആറ് ഗോളുകള്‍ നേടിയ അയാക്‌സ് സ്‌ട്രൈക്കര്‍ കാസ്പര്‍ ഡോല്‍ബെര്‍ഗാണ്. പന്ത്രണ്ട് മത്സരങ്ങളില്‍ ഇരുപത്തൊന്ന്തവണയാണ് ഗോളിലേക്ക് ഡോല്‍ബെര്‍ഗ് നിറയൊഴിച്ചത്. സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 47 മത്സരങ്ങള്‍ കളിച്ച ഡാനിഷ് സ്‌ട്രൈക്കര്‍ 23 ഗോളുകള്‍ നേടി. പത്തൊമ്പതു വയസുകാരനെ പിടിച്ചു കെട്ടാന്‍ ഇംഗ്ലീഷ് ക്ലബ്ബ് മികച്ച പ്രതിരോധം തന്നെ തീര്‍ക്കേണ്ടി വരും. മാഞ്ചസ്റ്ററിന്റെ സൂപ്പര്‍ താരം കോച്ച് ജോസ് മൗറിഞ്ഞോയാണ്. യൂറോപ്പില്‍ ഫൈനലില്‍ ഇന്നേ വരെ തോറ്റിട്ടില്ല മൗറിഞ്ഞോ. കലാശപ്പോര് ജയിക്കാനുള്ള ചാണക്യ തന്ത്രങ്ങള്‍ മൗറിഞ്ഞോയുടെ രഹസ്യ ഡയറിയിലുണ്ട്. ഇത് തന്നെയാണ് അയാക്‌സിന്റെ ഉറക്കം കെടുത്തുന്നത്.

---- facebook comment plugin here -----

Latest