Connect with us

Kerala

റോഡുകളിലെ കൈയേറ്റം പൂര്‍ണമായി ഒഴിപ്പിക്കും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിലെ നിലവിലുള്ള റോഡുകളില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രാദേശികമായി ചില രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തൊഴിലാളി സംഘടനകള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ നിയമപരമായി തടസം നില്‍ക്കുന്നുവെന്ന് മന്ത്രി ജി സുധാകരന്‍. പൊതുനിരത്ത് കൈവശം വെച്ച എല്ലാവരും സ്വയം ഒഴിയണം. കൈയേറ്റങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി കേരള ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. റോഡുകളിലെ കൈയേറ്റങ്ങള്‍ ഉടന്‍ കണ്ടെത്തി അത് ഒഴിപ്പിക്കുന്നതിനുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയതായി മന്ത്രി നിയമസഭയില്‍ അറിയിച്ചു.

കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് ഈ വര്‍ഷം അനുവദിച്ച 29 റോഡുകളുടെയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഈ റോഡുകള്‍ക്കായി 397 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 39 റോഡുകള്‍ക്കായി 436 കോടി രൂപ മാത്രമാണ് ലഭിച്ചതെന്നും മന്ത്രി അറിയിച്ചു. വയനാട്, പത്തനംതിട്ട, ഇടുക്കി, ജില്ലകളിലെ റോഡുകള്‍ക്ക് ഇത്തവണ അനുമതി ലഭിച്ചില്ല. സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയാകാത്ത മുഴുവന്‍ റോഡുകളുടെയും കണക്കെടുപ്പ് പൊതുമരാമത്ത് വകുപ്പ് എടുക്കും. ദേശീയപാത നാലുവരിയാക്കുന്നതിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തുടങ്ങുന്നതിന് സര്‍ക്കാര്‍ ശക്തമായി സമ്മര്‍ദം ചെലുത്തും. ഓരോ മണ്ഡലത്തിലും അസിസ്റ്റന്റ് എന്‍ജിനീയര്‍മാരെ നിയമിച്ച് റോഡുപണി നടക്കുമ്പോള്‍ തന്നെ അറ്റകുറ്റപ്പണികളെ സംബന്ധിച്ചുള്ള പരിശോധനകളും നടത്തും. ആലപ്പുഴ-കൊല്ലം ബൈപ്പാസ് 2018 ഓഗസ്റ്റില്‍ കമ്മീഷന്‍ ചെയ്യും. റോഡ് മുറിക്കല്‍ ആവശ്യമാണെങ്കില്‍ ശാസ്ത്രീയമായ രീതിയിലുള്ള മുറിക്കല്‍ മാത്രമേ അനുവദിക്കൂ എന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളില്‍ തടിക്കച്ചവടം, കല്ലുകച്ചവടം എന്നിവക്ക് അനുമതി നല്‍കുന്ന ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കെതിരേ നടപടി എടുക്കുമെന്ന് മന്ത്രി സുധാകരന്‍ പി സി ജോര്‍ജിനെ അറിയിച്ചു. കേന്ദ്രത്തോട് ആവശ്യപ്പെട്ട 200 റോഡുകളില്‍ 29 എണ്ണം മാത്രമാണ് ലഭിച്ചത്. ഇതില്‍ അഞ്ചു ശതമാനം റോഡുകളൊഴികെ ബാക്കിയെല്ലാം ഗ്രാമപ്രദേശങ്ങളിലാണ്. പൊതുമരാമത്ത് വകുപ്പില്‍ പി എസ്്് സി വഴി 750 ഓവര്‍സീയര്‍മാരെ നിയമിച്ചു. 1200 പേരെയാണ് ആവശ്യമുള്ളത്. 500 അസിസ്റ്റന്റ് എന്‍ജീനിയര്‍മാരുടെ ആവശ്യമുള്ളതില്‍ 75 പേരെ നിയമിച്ചു.
കെ എസ് ടി പിയുടെ രണ്ടാം ഘട്ടത്തില്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തികളും ഓഗസ്റ്റിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. പുനലൂര്‍-പൊന്‍കുന്നം റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ പരുരോഗമിക്കുന്നു. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ രണ്ടര വര്‍ഷം വേണ്ടി വരും. മന്ത്രി അറിയിച്ചു.

Latest