Connect with us

National

എ ടി എമ്മുകള്‍ അടച്ചിടാന്‍ ആര്‍ ബി ഐ നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: വിന്‍ഡോസ് അപ്‌ഡേറ്റ് ചെയ്ത ശേഷം മാത്രം എ ടി എം മെഷീനുകള്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് ബേങ്കുകള്‍ക്ക് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ ബി ഐ) നിര്‍ദേശം. ലോകത്താകമാനം കമ്പ്യൂട്ടറുകളെ ബാധിച്ച സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം. രാജ്യത്തെ 60 ശതമാനത്തില്‍ അധികം എ ടി എം മെഷീനുകളും കാലാവധി തീര്‍ന്ന വിന്‍ഡോസ് എക്‌സ് പി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 2.25 ലക്ഷം എ ടി എമ്മുകള്‍ രാജ്യത്തുണ്ടെന്നാണ് ആര്‍ ബി ഐയുടെ കണക്ക്.

അതേസമയം, ഇടപാടുകാര്‍ക്ക് ആശങ്കപ്പെടാന്‍ മാത്രം ഒന്നുമില്ലെന്ന് എ ടി എം ഓപറേറ്റര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നെറ്റ്‌വര്‍ക്കിലെ നിര്‍ണായക വിവരങ്ങള്‍ അപ്രാപ്യമാക്കുക മാത്രമാണ് റാന്‍സംവെയര്‍ ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നത്. എ ടി എമ്മുകളിലാകട്ടെ അത്തരത്തിലുള്ള നിര്‍ണായക വിവരങ്ങളൊന്നും തന്നെ സൂക്ഷിച്ചുവെക്കുന്നില്ല. അതുകൊണ്ടുതന്നെ ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ല. ഇനി സൈബര്‍ ആക്രമണത്തിന് ഇരയായാല്‍ പോലും വളരെ പെട്ടെന്നുതന്നെ എ ടി എമ്മുകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിക്കുമെന്നും ഓപറേറ്റര്‍മാര്‍ പറയുന്നു.

അതിനിടെ, കേരളത്തിലും ആന്ധ്ര പ്രദേശിലുമൊഴിച്ചാല്‍ രാജ്യത്ത് സൈബര്‍ ആക്രമണം കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്ര ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. സൈബര്‍ ആക്രമണം സംബന്ധിച്ച് തങ്ങള്‍ക്ക് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യയുടെ സൈബര്‍ സുരക്ഷാ യൂനിറ്റായ സിഇആര്‍ടി-ഇന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
തങ്ങളുടെ കമ്പ്യൂട്ടര്‍ ശൃംഖലയെ റാന്‍സംവെയര്‍ ഭാഗികമായി ബാധിച്ചുവെന്ന് മഹാരാഷ്ട്ര പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest