Gulf
കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം കാണാനുമായി ഇന്ത്യന്‍ എംബസ്സി ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കായി ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു. ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്ത അംബാസഡര്‍ സുനില്‍ ജെയിന്‍, കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി, ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും നിരന്തരമായ ഇടപെടലുകള്‍ തന്നെ നടത്തുന്നുണ്ടെന്നും വ്യക്തമാക്കി.
ഖറാഫി, മുഷ്‌രിഫ് കമ്പനികളടക്കുമള്ളവയിലെ ശമ്പളം ലഭിക്കാത്ത വിഷയത്തില്‍ കുവൈത്ത് തൊഴില്‍കാര്യ മന്ത്രിയുമായും മറ്റു സീനിയര്‍ ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തിയെന്നും പ്രസ്തുത കമ്പനികളിലെ പ്രശ്‌നങ്ങള്‍ ഉടനെത്തന്നെ പരിഹൃതമാവുമെന്നു പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ചില അക്രമസംഭവങ്ങളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടത് ഒരിക്കലും ന്യായീകരിക്കാന്‍ ആവില്ല. നാം ജീവിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളും നടപടിക്രമങ്ങളും നാം അനുസരിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ഒരു കമ്പനിയില്‍ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട ഏതാനും ഇന്ത്യക്കാരെ നാടുകടത്തിയ സംഭവം പരാമര്ശിച്ചുകൊണ്ട് സമാധാനപരമായ ഇടപെടലുകളിലൂടെ ഇന്ത്യക്കാരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് എംബസ്സി സദാ സന്നദ്ധമായിരിക്കുമെന്നു സുനില്‍ ജെയിന്‍ ഉറപ്പ് നല്‍കി.
ഇന്ത്യക്കാരുടെ മരണവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്യാന്‍ എംബസ്സി രാപ്പകല്‍ ഭേദമന്യേ സന്നദ്ധമായിരിക്കുമെന്ന് തുടര്‍ന്ന് സംസാരിച്ച എംബസ്സി ഫസ്റ്റ് സെക്രട്ടറി ശ്രീ കൃഷ്ണകുമാര്‍ പഹേല്‍ പറഞ്ഞു. അപകട മരണങ്ങളുമായുണ്ടാവുന്ന നഷ്ടപരിഹാര കേസുകള്‍ കൈകാര്യം ചെയ്യാനായി എംബസ്സി ലീഗല്‍ ടീമിന്റെ സഹായം പൗരന്മാര്‍ക്ക് ലഭിക്കുന്നതാണ്. കഴിഞ്ഞ വര്ഷം വ്യത്യസ്ഥ കേസുകളിലായി 7 കോടിയോളം രൂപ നഷ്ടപരിഹാരമായി മരണപ്പെട്ടവരുടെ കുടുമ്പത്തിനു എത്തിച്ച് കൊടുക്കാന്‍ എംബസ്സി ലീഗല്‍ ടീമിന് സാധിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
സീനിയര്‍ ഒഫിഷ്യലുകളായ ശ്രീ ശുഭാശിഷ് ഗോല്‍ഡര്‍, ശ്രീ ഷിബി, ശ്രീ സഞ്ജീവ് ഷകലാനി തുടങ്ങിയവരും, ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനാ പ്രതിനിധികളും ഓപ്പണ്‍ ഫോറത്തില്‍ സംബന്ധിച്ചു.