Gulf
ഇറാഖിന് കുവൈത്ത് 100 മില്യണ്‍ ഡോളര്‍ സഹായം നല്‍കും

കുവൈത്ത് സിറ്റി: ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിന്റെ കടുത്ത വേദനകള്‍ മറന്നു കൊണ്ട് , കുവൈത്ത് ഇറാഖിന് 100 മില്യണ്‍ ഡോളര്‍ ഗ്രാന്റ് പ്രഖ്യാപിച്ചു. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരില്‍ നിന്ന് ഇറാഖീ സേന തിരിച്ചു പിടിച്ച മേഖലകളിലെ പുനര്‌നിര്മ്മാണത്തിനും ,മാനുഷീക പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കുവൈത്തിന്റെ സഹായം . ഇന്നലെ ഇവിടെ ചേര്‍ന്ന കുവൈത്ത് ഇറാഖ് ഉന്നത തല യോഗത്തില്‍ വെച്ച് ഇതുസംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
ഈ കരാര്‍ ഇറാഖും കുവൈത്തുമായുള്ള സഹകരണത്തിന്റെ പുതിയ ചരിത്രത്തിന്റെ തുടക്കമാണെന്നും, ഭാവിയില്‍ ഈ സഹകരണം കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോവുമെന്നും ഇറാഖ് പുനര്‍നിര്‍മാണ സമിതി ചെയര്‍മാന്‍ മുസ്തഫ അല്‍ ഹിഥ്വി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ജനീവയില്‍ നടന്ന യമന്‍ സഹായ ഉച്ചകോടിയില്‍ വെച്ച് , യമനെ സഹായിക്കാനുള്ള അന്താരാഷ്ട്ര ഫണ്ടിലേക്ക് കുവൈത്ത് 100 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു. കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ജാറള്ളയാണ് സഹായം പ്രഖ്യാപിച്ചത്.