Connect with us

Gulf

കുവൈത്തിലെ ജാബിര്‍ ഹോസ്പിറ്റലില്‍ സ്വദേശികള്‍ക്കും ഫീസെന്ന് മന്ത്രി; പറ്റില്ലെന്ന് എംപിമാര്‍

Published

|

Last Updated

കുവൈത്ത് സിറ്റി: ഉദ്ഘാടനം കാത്തിരിക്കുന്ന ഹൈടെക്ക് ഹോസ്പിറ്റലായ ജാബിര്‍ ആശുപത്രിയില്‍ സ്വദേശികള്‍ കുറഞ്ഞ തോതില്‍ ചികിത്സ ചെലവ് വഹിക്കേണ്ടിവരുമെന്ന ആരോഗ്യമന്ത്രാലത്തിെന്റ നിലപാടിനെ വിമര്‍ശിച്ച് എം.പിമാര്‍ രംഗത്ത്. സ്വദേശികള്‍ ചികിത്സ ചെലവ് വഹിക്കേണ്ടിവരുന്ന ഒരു സാഹചര്യവും അംഗീകരിക്കില്ലെന്ന് നാസര്‍ അല്‍ ദൂസരി (എംപി)പറഞ്ഞു. സ്വദേശികളുടെ മേല്‍ ഒരു ശതമാനം ചികിത്സ ചെലവുപോലും അടിച്ചേല്‍പ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കും. രാജ്യത്തിെന്റ പൊതുസ്ഥാപനങ്ങളെ കച്ചവടവത്കരിക്കുന്ന നിലപാടില്‍നിന്ന് അധികൃതര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൗജന്യ ചികിത്സ എന്നത് പൗരന്മാര്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശമാണെന്ന് എം.പി. വലീദ് അല്‍ തബ്തബാഇ പറഞ്ഞു.ഇതിന് വിരുദ്ധമായി ചികിത്സ ചെലവില്‍ ഒരു ഭാഗം സ്വദേശികള്‍ വഹിക്കണമെന്ന അഭിപ്രായം തള്ളിക്കളയേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വദേശികള്‍ക്ക് എല്ലാ ചികിത്സയും സൗജന്യമായാണ് ലഭിക്കേണ്ടതെന്നും ഇതിന് വിരുദ്ധമായ നിലപാടിനെ എതിര്‍ക്കുമെന്നും ഉസാമ അല്‍ ഷാഹീന്‍ എം.പിയും വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആതുരാലയമായി മാറിയേക്കാവുന്ന ശൈഖ് ജാബിര്‍ ആശുപത്രി സൗത്ത് സുര്‍റയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. ലോകോത്തര നിലവാരത്തില്‍ അത്യാധുനിക സംവിധാനങ്ങളും സജ്ജീകരണങ്ങളുമാണ് ആശുപത്രിയിലുണ്ടാവുക. ആശുപത്രി പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ ചില രോഗങ്ങളുടെ ചികിത്സാര്‍ഥം വിദേശത്തുപോകേണ്ട സാഹചര്യം സ്വദേശികള്‍ക്കുണ്ടാവില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. വിദേശികള്‍ക്ക് ജാബിര്‍ ഹോസ്പിറ്റലിലെ സേവനം ലഭ്യമാവുകയില്ല എന്ന് ആരോഗ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest