Connect with us

Gulf

കുവൈത്തില്‍ പ്രധാനമന്ത്രിക്ക് എതിരെ എംപിമാരുടെ കുറ്റവിചാരണാ പ്രമേയം

Published

|

Last Updated

കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹിനെതിരെ പാര്‍ലമെന്റില്‍ കുറ്റവിചാരണാ പ്രമേയം സമര്‍പ്പിച്ചു. എം.പിമാരായ ഡോ. വലീദ് അല്‍ തബ്തബാഇ, മര്‍സൂഖ് അല്‍ ഖലീഫ, മുഹമ്മദ് അല്‍ മുതൈര്‍ എന്നി എം പിമാര്‍ ബുധനാഴ്ച രാവിലെ പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമിന്റെ ഓഫിസിലെത്തിയാണ് കുറ്റവിചാരണക്കുള്ള നോട്ടീസ് കൈമാറിയത്. പ്രതികാരബുദ്ധിയോടെ സ്വദേശികളുടെ പൗരത്വം പിന്‍വലിക്കുന്നതുള്‍പ്പെടെ അഞ്ചു കാര്യങ്ങളാണ് കുറ്റവിചാരണയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.

അന്താരാഷ്ട്ര ഉടമ്പടികള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായ നയങ്ങള്‍ നടപ്പാക്കല്‍, തന്ത്രപ്രധാനമായ തസ്തികകളില്‍ യോഗ്യതയും അര്‍ഹതയുമില്ലാത്തവരെ നിയമിക്കല്‍, രാജ്യത്തിന്റെ യഥാര്‍ഥ താല്‍പര്യം മനസ്സിലാക്കാതെയുള്ള സര്‍ക്കാറിന്റെ തീരുമാനങ്ങള്‍, പിടിപ്പുകേടുകൊണ്ട് പൊതുമുതല്‍ നശിക്കുമ്പോള്‍ തന്നെ ജല-വൈദ്യുതി ബില്‍ വര്‍ധിപ്പിക്കുമെന്ന സര്‍ക്കാറിന്റെ ഉറച്ച നിലപാട് എന്നീ കാര്യങ്ങളാണ് പ്രമേയത്തില്‍ എടുത്ത് പറഞ്ഞത്.

ഇതോടെ, 15ാം പാര്‍ലമെന്റും ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭയും നിലവില്‍വന്ന ശേഷം സമര്‍പ്പിക്കപ്പെടുന്ന രണ്ടാമത്തെ കുറ്റവിചാരണയും പ്രധാനമന്ത്രിക്കെതിരെയുള്ള ആദ്യ കുറ്റവിചാരണയുമായി ഇതുമാറി. അന്താരാഷ്ട്ര തലത്തില്‍ കുവൈത്ത് നേരിടുന്ന കായിക വിലക്ക് മറികടക്കാനുള്ള നടപടികളിലെ പോരായ്മ ചൂണ്ടിക്കാട്ടി കായികമന്ത്രി ശൈഖ് സല്‍മാന്‍ അല്‍ ഹമൂദ് അസ്സബാഹിനെതിരെയാണ് ആദ്യത്തെ കുറ്റവിചാരണ സമര്‍പ്പിക്കപ്പെട്ടത്.

പ്രമേയം പാര്‍ലമെന്റില്‍ ചര്‍ച്ചക്കുവരുന്നതിന് മുമ്പ് മന്ത്രി രാജിവെച്ചതിനാല്‍ പ്രതിസന്ധി ഒഴിവാകുകയായിരുന്നു. പ്രധാനമന്ത്രിക്കെതിരെ സമര്‍പ്പിച്ച കുറ്റവിചാരണാ പ്രമേയം ഈമാസം 25ന് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യുമെന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം വ്യക്തമാക്കി.

Latest