Connect with us

Kerala

ജിഷ്ണുവിന്റെ മരണം: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തു

Published

|

Last Updated

തൃശൂര്‍: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തു. എഞ്ചീനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണദാസ്. കൃഷ്ണദാസിനെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപെടുത്തി ഇയാളെ വിട്ടയക്കും.

കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് പൊലീസ് നടപടി നാടകമാണെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ മാധ്യമങ്ങളോട് പറഞ്ഞു.
പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജികള്‍ തളളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിശദീകരണം. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാകില്ല. മറ്റു പ്രതികളുടെ മൊഴികള്‍ മാത്രമാണ് അദ്ദേഹത്തിനെതിരെയുളളത്. കൂടാതെ കോളെജില്‍ ഇടിമുറികള്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയാണ് സുപ്രീം കോടതി ഉത്തരവ്.

ലക്കിടി കോളേജില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ പൊലീസ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. അറസ്റ്റ് നിയമപരമല്ലെന്നും ചൂണ്ടിക്കാണിച്ച് ജാമ്യം നല്‍കിയ കോടതി കൃഷ്ണദാസിനെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടിരുന്നു.
തെളിവുകള്‍ പരിശോധിക്കാതെയാണ് കൃഷ്ണദാസിന് ജാമ്യം അനുവദിച്ചതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനവാദം. കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം തേടിയത് ഹൈകോടതിയെ തെറ്റിധരിപ്പിച്ചാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.