Connect with us

Gulf

ഔഷധ മൂല്യമുള്ള കിണറുകള്‍ അന്യാധീനപ്പെടുന്നു

Published

|

Last Updated

ആമിരിയ്യയിലെ വെള്ളക്കിണര്‍

ദോഹ: രാജ്യത്തെ ഔഷധ മൂല്യമുള്ള വെള്ളക്കിണറുകള്‍ സംരക്ഷിക്കപ്പെടാത്തതു മൂലം നാശമാകുന്നതായി ആക്ഷേപം. ആമിരിയ്യയിലെ ഇത്തരമൊരു കിണര്‍ അശ്രദ്ധമൂലം അന്യാധീനപ്പെട്ടു കൊണ്ടിരിക്കുന്നതായി സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം നായിഫ് അലി മുഹമ്മദ് അല്‍ അഹ്ബാബി പരാതിപ്പെട്ടു. അദ്ദേഹത്തെ ഉദ്ധരിച്ച് അല്‍ അറബ് പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ഔഷധഗുണമുള്ള വെള്ളക്കിണറുകളുള്ള ഖത്വര്‍, മെഡിക്കല്‍ ടൂറിസത്തിനു വര്‍ധിച്ച പ്രാധാന്യം കല്പിക്കേണ്ടതുണ്ടെന്നും ഇത്തരം പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും ഫലപ്രദമായി ഉപയോഗിക്കുന്നതിനും പദ്ധതി വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആമിരിയ്യയിലെ ഔഷധ ഗുണമുള്ള കിണറുകള്‍ തേടി വിവിധ അറബ് രാജ്യങ്ങളില്‍ നിന്നും ടൂറിസ്റ്റുകള്‍ എത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗകര്യങ്ങള്‍ ഒരുക്കാതിരിക്കുകയും ആവശ്യമായ പ്രചാരണം നടത്താതിരിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും മറ്റു രാജ്യങ്ങള്‍ ഇതുപോലെയുള്ള സ്രോതസ്സുകള്‍ വരുമാന മാര്‍ഗങ്ങളാക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രഥമ പടിയായി കിണറിനു ചുറ്റും സംരക്ഷണ വേലിയും ആവശ്യമായ സൗകര്യങ്ങളും ഒരുക്കണം. ശേഷം വിവിധ രാഷ്ട്രങ്ങളില്‍ നിന്നും വരുന്ന മെഡിക്കല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നവിധം പ്രചാരണം നടത്തണം. നിരവധി ടൂറിസ്റ്റുകള്‍ ത്വക്ക്‌രോഗ ചികിത്സക്കായി ഇപ്പോള്‍ ഔഷധ മൂല്യമുള്ള ജലം തേടി എത്തുന്നുണ്ട്. ഇത്തരം കിണറുകളിലെ വെള്ളം പരിശോധിക്കുന്നതിനും അവയുടെ ഔഷധ മൂല്യങ്ങള്‍ കണ്ടുപിടിക്കുന്നതിനും ഗവേഷകരെയും സാങ്കേതിക വിദഗ്ധരെയും ഉപയോഗപ്പെടുത്തണം. ഇത് കിണറുകളുടെ പ്രാധാന്യം വര്‍ധിക്കാനും കാരണമാകും.

ചികിത്സ തേടിയും മെഡിക്കല്‍ ടൂറിസം സാധ്യതകള്‍ അന്വേഷിച്ചും വരുന്ന വിദേശികള്‍ വര്‍ധിക്കാനും ഇത് വഴിവെക്കും. ദൈവികമായ അനവധി പ്രത്യേകതകളും സവിശേഷതകളും ഖത്വറിനുണ്ടെന്നും അല്‍പ്പം ശ്രദ്ധിച്ചാല്‍ രാഷ്ട്രത്തിന്റെ നന്മക്കായി അവ നന്നായി ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest