Connect with us

International

ഹുസ്‌നി മുബാറക്ക് ജയില്‍ മോചിതനായി

Published

|

Last Updated

കൈറോ: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഈജിപ്തിന്റെ മുന്‍ ഏകാധിപതി ഹുസ്‌നി മുബാറക്ക് ജയില്‍ മോചിതനായി. ഹുസ്‌നി മുബാറക്കിന്റെ ഭരണത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്തി 850 പേരെ കൊന്നുവെന്ന ഗുരുതരമായ കേസിലാണ് ഹുസ്‌നി മുബാറക്ക് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്നത്. 18 ദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തെ ക്രൂരമായ രീതിയിലാണ് ഹുസ്‌നി മുബാറക്കിന്റെ ഭരണകൂടം അടിച്ചമര്‍ത്തിയത്. 88കാരനായ ഹുസ്‌നി മുബാറക്ക് ആറ് വര്‍ഷത്തിന് ശേഷമാണ് ജയില്‍ മോചിതനാകുന്നത്. 1981ല്‍ അധികാരത്തിലേറിയ ഹുസ്‌നി മുബാറക്ക് 2011ലാണ് ജയിലിലാകുന്നത്.

സൈനിക ആശുപത്രിയില്‍ കഴിയുകയായിരുന്ന ഹുസ്‌നി മുബാറക്ക് ഇന്നലെ ജയില്‍ മോചിതനായതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. 850 പേരെ കൊന്നൊടുക്കിയ കേസില്‍ അറസ്റ്റിലായ ഹുസ്‌നി മുബാറക്ക് മുഹമ്മദ് മുര്‍സിയുടെ കാലത്താണ് ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടത്.

എന്നാല്‍ സൈനിക അട്ടിമറിക്ക് ശേഷം ഭരണമാറ്റമുണ്ടായതോടെ ഹുസ്‌നി മുബാറക്കിന് അനുകൂലമായ വിധികള്‍ വരികയായിരുന്നു. പ്രധാന കേസില്‍ നിന്നെല്ലാം കോടതി ഹുസ്‌നി മുബാറക്കിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഹുസ്‌നി മുബാറക്കിന്റെ ജയില്‍ മോചനത്തിനായി പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സിസിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടക്കം മുതലേ ശ്രമം നടത്തിയിരുന്നു. ജനവികാരം കണക്കിലെടുക്കാതെയാണ് അല്‍സിസി ഭരണകൂടം മുബാറക്കിനെ മോചിപ്പിക്കുന്നത്. ഹുസ്‌നി മുബാറക്കിന്റെ ഭരണകാലത്ത് സൈനിക രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരുന്നു അല്‍ സിസി.
വിചിത്രമായ ന്യായങ്ങള്‍ ഉയര്‍ത്തിയാണ് കോടതി ഹുസ്‌നി മുബാറക്കിന് അനൂകൂലമായ വിധി പുറപ്പെടുവിച്ചത്. അഴിമതിയടക്കമുള്ള കേസിലും ഹുസ്‌നി മുബാറക്കിനും മക്കള്‍ക്കും അനുകൂലമായ നിലപാടാണ് കോടതി സ്വീകരിച്ചത്.

 

Latest