Connect with us

International

വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ പണിതത് 2000 കുടിയേറ്റ ഭവനങ്ങള്‍

Published

|

Last Updated

ജറൂസലം: വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ കഴിഞ്ഞ വര്‍ഷം പണിത അനധികൃത കുടിയേറ്റ ഭവനങ്ങള്‍ 2630. 2015നെ അപേക്ഷിച്ച് നാല്‍പ്പത് ശതമാനം അധികമാണിത്. ഇസ്‌റാഈല്‍ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോയാണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ, 2013 മാറ്റി നിര്‍ത്തിയാല്‍, ഏറ്റവും കൂടുതല്‍ നിയമവിരുദ്ധ വീടുകള്‍ പണിതിരിക്കുന്നത് കഴിഞ്ഞ വര്‍ഷമാണ്. 2013ല്‍ അത് 2874 ആയിരുന്നു. 2009ല്‍ ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തില്‍ വന്ന ശേഷം 14,017ല്‍ കൂടുതല്‍ കുടിയേറ്റ നിര്‍മാണങ്ങളാണ് ആരംഭിച്ചത്. പിന്നീട് വന്ന നേതാക്കളെല്ലാം നിര്‍മാണം അതിദ്രുതം തുടരുകയായിരുന്നുവെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ അവലോകനം ചെയ്ത സന്നദ്ധ സംഘടന പീസ് നൗ വ്യക്തമാക്കി.

ദ്വിരാഷ്ട്ര പരിഹാരത്തിന് ഇസ്‌റാഈലിന് താത്പര്യമില്ലെന്ന സന്ദേശമാണ് കുടിയേറ്റ ഭവനങ്ങളുടെ എണ്ണം പെരുകുന്നുവെന്ന കണക്കുകള്‍ നല്‍കുന്നതെന്ന് അന്താരാഷ്ട്ര സമൂഹവും ഫലസ്തീന്‍ അനുകൂല രാജ്യങ്ങളും മനസ്സിലാക്കണമെന്ന് പീസ് നൗ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇസ്‌റാഈല്‍ കുടിയേറ്റ ഭവനങ്ങള്‍ക്കെതിരെ യു എന്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും ജൂതരാഷ്ട്രം അതെല്ലാം അവഗണിക്കുകയാണ്. നിര്‍ദിഷ്ട ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഭാഗമാകേണ്ട പ്രദേശങ്ങളാണ് ഇസ്‌റാഈല്‍ ഇത്തരത്തില്‍ കൈക്കലാക്കുന്നത്. ദ്വിരാഷ്ട്ര പരിഹാരം അസാധ്യമാക്കുകയെന്ന ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് കുടിയേറ്റ ഭവന സമുച്ചയങ്ങള്‍. ഇവയുടെ നിര്‍മാണ സമയത്തും കുടിയേറ്റ സമയത്തും ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ പോലും ഫലസ്തീനെതിരായ ആയുധമാക്കി ഇസ്‌റാഈല്‍ മാറ്റുകയാണെന്നും വിലയിരുത്തപ്പെടുന്നു.
കുടിയേറ്റം തുടരുമെന്ന് നെതന്യാഹു നിരന്തരം പ്രഖ്യാപിക്കുകയാണ്. 2015ല്‍ അധികാരമേറ്റയുടന്‍ നെതന്യാഹു നടത്തിയ പ്രധാന പ്രഖ്യാപനം ഫലസ്തീന്‍ രാഷ്ട്രം രൂപവത്കരിക്കാന്‍ ഏത് വിധേനയും തടയുമെന്നായിരുന്നു. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം ഇസ്‌റാഈല്‍ കൂടുതല്‍ അക്രമാസക്തമായിട്ടുണ്ട്. ട്രംപ് വന്ന ശേഷം കിഴക്കന്‍ ജറൂസലമില്‍ 566 കുടിയേറ്റ സമുച്ചയങ്ങളുടെ നിര്‍മാണമാണ് ആരംഭിച്ചത്. വെസ്റ്റ്ബാങ്കില്‍ പുതിയ 2502 കെട്ടിടങ്ങള്‍ പണിയുമെന്ന് പ്ര്യഖ്യാപിക്കുകയും ചെയ്തു.

 

Latest