Connect with us

Sports

സര്‍വീസസിനെ കീഴടക്കി ഗോവ സെമിയില്‍

Published

|

Last Updated

ഗോവ സര്‍വീസസ് മത്സരത്തില്‍ നിന്ന്‌

മഡ്ഗാവ്: നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസിനെ നിര്‍ണായക മത്സരത്തില്‍ പരാജയപ്പെടുത്തിയ ഗോവ സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു.

ഹാട്രിക്ക് കിരീടമെന്ന സര്‍വീസസിന്റെ സ്വപ്‌നം തകര്‍ത്തുകൊണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആതിഥേയര്‍ വിജയം കുറിച്ചത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ഗോവയുടെ തിരിച്ചുവരവ്. വ്യാഴാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന സെമിയില്‍ ഗോവ കേരളത്തെ നേരിടും.
ഏഴാം മിനുട്ടില്‍ അര്‍ജുന്‍ ടുഡുവിലൂടെ സര്‍വീസസാണ് ആദ്യം മുന്നിലെത്തിയത്. 69ാം മിനുട്ടില്‍ ക്യാപ്റ്റന്‍ എസ് രാജ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതോടെ സര്‍വീസസ് പത്ത് പേരായി ചുരുങ്ങി.

82ാം മിനുട്ടില്‍ അഖേരാജ് മാര്‍ട്ടിനസ് ഗോവയുടെ സമനില ഗോള്‍ നേടി. മത്സരം സമനിലയിലേക്ക് നീങ്ങവേ 89ാം മിനുട്ടില്‍ കജേറ്റന്‍ ഫെര്‍ണാണ്ടസിലൂടെ ഗോവ വിജയം സ്വന്തമാക്കി. മത്സരം സമനിലയിലായാലും ഗോവക്ക് സെമിയില്‍ പ്രവേശിക്കാമായിരുന്നു.
ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ബംഗാള്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മേഘാലയയെ പരാജയപ്പെടുത്തി. നാല് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായ ബംഗാള്‍ നേരത്തെ തന്നെ സെമിയില്‍ പ്രവേശിച്ചിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഗോവക്ക് നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും രണ്ട് സമനിലകളുമായി എട്ട് പോയിന്റാണുള്ളത്. നാല് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള സര്‍വീസസ് അവസാന സ്ഥാനക്കാരായാണ് ചാമ്പ്യന്‍ഷിപ്പ് അവസാനിപ്പിച്ചത്.

Latest