Connect with us

National

കര്‍ണാടക സര്‍ക്കാറിന് നന്ദി അറിയിച്ച് പിണറായിയുടെ കത്ത്‌

Published

|

Last Updated

ബെംഗളൂരു: മംഗളൂരുവില്‍ സി പി എം സംഘടിപ്പിച്ച പരിപാടികള്‍ സമാധാനപരമായി നടത്താന്‍ പൂര്‍ണ പിന്തുണ നല്‍കിയ കര്‍ണാടക സര്‍ക്കാറിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. ഇംഗ്ലീഷില്‍ തയ്യാറാക്കിയ കത്ത് ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസില്‍ ലഭിച്ചത്.

സംഘ്പരിവാര്‍ സംഘടനകളുടെ കനത്ത ഭീഷണിയെ അതിജീവിച്ച് കന്നഡ പത്രമായ വാര്‍ത്താഭാരതിയുടെയും വൈകീട്ട് നടന്ന മതസൗഹാര്‍ദ്ദ റാലിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കാന്‍ സാധിച്ചത് കര്‍ണാടക പോലീസ് ഒരുക്കിയ കനത്ത സുരക്ഷയെ തുടര്‍ന്നാണെന്ന് പിണറായി വിജയന്‍ കത്തില്‍ വിശദീകരിക്കുന്നുണ്ട്. സമ്മേളന നഗരിയുടെ സുരക്ഷാ ചുമതലക്കായി ആറ് എസ് പിമാരുടെ നേതൃത്വത്തില്‍ 10 എ എസ് പി, 20 എസ് ഐ, 20 കമ്പനി കര്‍ണാടക റാപിഡ് ആക്ഷന്‍ ഫോഴ്‌സ്, 2000 പോലീസ് സേന എന്നിവരടങ്ങിയ സംഘത്തെയാണ് നിയോഗിച്ചത്.
ഇതിന് പുറമെ രണ്ട് എസ് പി, രണ്ട് എ എസ് പി, നാല് ഡി വൈ എസ് പി, ആറ് കമ്പനി കര്‍ണാടക റാപിഡ് ഫോഴ്‌സ്, 20 ഡി എ ആര്‍ സ്‌ക്വാഡ് എന്നിവരെ ദക്ഷിണ കന്നഡ ജില്ലയുടെ സുരക്ഷക്കായും വിന്യസിപ്പിച്ചിരുന്നു.
സുരക്ഷയുടെ ഭാഗമായി 600 സി സി ടി വി ക്യാമറകളും ആറ് ഡ്രോണ്‍ ക്യാമറകളും മംഗളൂരു സിറ്റിയില്‍ സ്ഥാപിച്ചിരുന്നു. മംഗളൂരു മണ്ഡലത്തിന്റെ എം എല്‍ എ കൂടിയായ മന്ത്രി യു ടി ഖാദര്‍ സ്ഥലത്ത് ദിവസങ്ങളോളം ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രി പിണറായി വിജയന് പഴുതടച്ച സുരക്ഷ ഒരുക്കിയത്. മംഗളൂരൂ ഇതുവരെ ദര്‍ശിക്കാത്ത പോലീസ് സുരക്ഷയാണ് പിണറായിയുടെ പരിപാടിക്ക് വേണ്ടി ഒരുക്കിയിരുന്നത്.

 

Latest