Connect with us

Kerala

ജിഷ്ണുവിന്റെ മരണം: പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Published

|

Last Updated

തൃശൂര്‍: പാമ്പാടി നെഹ്‌റു കേളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തൃശൂര്‍ കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. നെഹ്‌റു ഗ്രൂപ്പ് ഓഫ് കോളജ് ചെയര്‍മാന്‍ പി കൃഷ്ണദാസ് ഒന്നാംപ്രതിയായാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കോളജ് വൈസ് പ്രിന്‍സിപ്പല്‍, പിആര്‍ഒ എന്നിവരടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് മാനേജ്‌മെന്റ് നിരത്തിയ വാദങ്ങളെല്ലാം പൊലീസ് തള്ളി. ജനുവരി ആറിന് നടന്ന ഫിസിക്‌സ് പരീക്ഷയില്‍ ജിഷ്ണു രണ്ടുതവണ തൊട്ടടുത്ത വിദ്യാര്‍ഥിയുടെ പേപ്പറില്‍ നോക്കിയെഴുതിയെന്നായിരുന്നു കോളജ് അധികൃതരുടെ വാദം. പ്രാഥമിക അന്വേഷണത്തിലും തെളിവ് ശേഖരണത്തിലും മൊഴി ശേഖരണത്തിലും കോപ്പിയടി സാധ്യത കണ്ടത്തൊന്‍ കഴിഞ്ഞില്ല. വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരടക്കം 230ഓളം പേരില്‍നിന്നാണ് മൊഴിയെടുത്തത്. ഇതൊന്നും കോപ്പിയടി സംബന്ധിച്ച മാനേജ്‌മെന്റ് വാദത്തെ സാധൂകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ജിഷ്ണുവിനെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നുവെന്ന വിലയിരുത്തലിലേക്ക് എത്തി, എഫ്‌ഐആറില്‍ 306ാം വകുപ്പ് ഉള്‍പ്പെടുത്തി പ്രതികള്‍ക്കെതിരെ പ്രേരണക്കുറ്റം ചുമത്താന്‍ തീരുമാനിച്ചത്.

ആത്മഹത്യാ പ്രേരണയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇതിന് പുറമെ മര്‍ദ്ദനം, ഗൂഢാലോചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അതിനിടെ പ്രതികള്‍ ഒളിവില്‍ പോയതിനെ തുടര്‍ന്ന് പോലീസ് ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്ന് അറസ്റ്റുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികള്‍ ഒളിവില്‍ പോയതെന്നാണ് സൂചന.

---- facebook comment plugin here -----

Latest