National
പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കെജെ യേശുദാസിന് പത്മവിഭൂഷണ്‍

ന്യൂഡല്‍ഹി: ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന് പത്മവിഭൂഷണ്‍. കേരളത്തില്‍ നിന്ന് ആറുപേര്‍ക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചു. ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പിആര്‍ ശ്രീജേഷ്, കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി, കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കര്‍ണാടിക് സംഗീതജ്ഞ പാറശാല ബി പൊന്നമ്മാള്‍, വടകര കടത്തനാടന്‍ കളരി സംഘത്തിലെ മീനാക്ഷി ഗുരുക്കള്‍ എന്നിവരാണ് പത്മശ്രി പുരസ്‌കാരത്തിന് അര്‍ഹരായത്.
യേശുദാസ് ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് ഇത്തവണ പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്. ഏഴുപേര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരവും 75 പേര്‍ക്ക് പത്മശ്രീ പുരസ്‌കാരവും നല്‍കും. ഗായകന്‍ കൈലാഷ് ഖേര്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി, ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്ക്, പാരാലിമ്പിക്‌സ് മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു, റിയോ ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ നാലാം സ്ഥാനം നേടിയ ദീപ കര്‍മാര്‍ക്കര്‍, ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ എന്നിവര്‍ പത്മശ്രീ ലഭിച്ചവരില്‍ പെടുന്നു.
പത്മവിഭൂഷണ്‍ ജേതാക്കള്‍: കെജെ യേശുദാസ്, സദ്ഗുരു ജഗ്ഗി വാസുദേവ്, ശരത് പവാര്‍, മുരളി മനോഹര്‍ ജോഷി, പ്രൊഫ. ഉഡിപ്പി രാമചന്ദ്ര റാവു, സുന്ദര്‍ ലാല്‍ പത്വ, പിഎ സാങ്മ (രണ്ടുപേര്‍ക്കും മരണാനന്തരം)
പത്മഭൂഷണ്‍ ജേതാക്കള്‍: വിശ്വ മോഹന്‍ ഭട്ട്, പ്രൊഫ. ദേവി പ്രസാദ് ദ്വിവേദി, തെഹെമെന്റണ്‍ ഉദ്വാദിയ, രത്‌ന സുന്ദര്‍ മഹാരാജ്, സ്വാമി നിരഞ്ജന നന്ദ സരസ്വതി, പ്രിന്‍സസ് മഹാ ചക്രി സിരിന്ധോണ്‍, ചോ രാമസ്വാമി.