Gulf
കുവൈത്തില്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ പെട്രോളിയം ജീവനക്കാരുടെ പ്രതിഷേധം

കുവൈത്ത് സിറ്റി: പെട്രോളിയം സെക്ടറില്‍ സ്വകാര്യ വല്‍ക്കരണം കൊണ്ടുവരാനുള്ള കുവൈത്ത് പെട്രോളിയം മന്ത്രി ഡോ. ഇസാം അല്‍ മര്‍സൂക്കിന്റെ നയത്തിനെതിരെ കുവൈത്ത് ഓയില്‍ കമ്പനി (KOC)ജീവനക്കാരുടെ യൂണിയന്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
യൂണിയന്റെ അഹമ്മദി ഓഫീസില്‍ ചേര്‍ന്ന സംഗമത്തില്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്ക് പുറമെ എം പി മാരായ ഖാലിദ് അല്‍ ഉതൈബി, നായിഫ് അല്‍ മിര്‍ദാസ്, ഫൈസല്‍ അല്‍കന്തരി എന്നിവരും സംബന്ധിച്ചു. സ്വകാര്യവല്‍ക്കരണ വിഷയത്തില്‍ കുവൈത്തും മറ്റു രാജ്യങ്ങളും വ്യത്യസ്ഥമാണെന്നു പറഞ്ഞ എം പിമാര്‍ കുവൈത്തിന് എണ്ണ വരുമാനമല്ലാത്ത മറ്റൊന്നും ഇല്ല എന്ന് മന്ത്രി മനസ്സിലാക്കണമെന്നും സ്വകാര്യ വല്‍ക്കരണവുമായി മുന്നോട്ട് പോവാനാണ് പരിപാടിയെങ്കില്‍ പാര്‍ലമെന്റില്‍ മന്ത്രിക്കെതിരെ ഗ്രില്ലിങ് അടക്കമുള്ള നീക്കങ്ങള്‍ക്കു മടിക്കില്ലെന്നും ഓര്‍മ്മപ്പെടുത്തി.
അതേസമയം എണ്ണ പര്യവേക്ഷണവിഭാഗവും ഉത്പാദന മേഖലയും സ്വകാര്യ വല്‍ക്കരിക്കാന്‍ പദ്ധതിയില്ലെന്ന് പെട്രോളിയം മന്ത്രി ഇസാം അല്‍ മര്‍സൂഖ് വ്യക്തമാക്കി.
എന്നാല്‍ റിഫൈനറി പെട്രോകെമിക്കല്‍ മേഖല തുടങ്ങിയവയില്‍ 2020 ഓടെ 120 ബില്ലിന്‍ ദീനാറിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പറഞ്ഞു. എമന്നാല്‍ ഇത്രയും ഭീമമായ മൂലധന നിക്ഷേപത്തിന് നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ സര്‍ക്കാരിന് കഴിയില്ലെന്നും അതിനാല്‍ സ്വകാര്യ മൂലധന നിക്ഷേപം സ്വീകരിക്കലല്ലാതെ സര്‍ക്കാരിന്റെ മുന്നില്‍ വേറെ വഴിയില്ലെന്നും പറഞ്ഞു.
സ്വകാര്യ നിക്ഷേപം സ്വീകരിച്ചില്ലെങ്കില്‍ വികസന സാധ്യതകള്‍ വേണ്ടെന്നു വെക്കേണ്ടി വരും അത്, പെട്രോളിയം മേഖലയിലെ നമ്മുടെ വളര്‍ച്ചയെയും, സാധ്യതയേയും സാരമായി ബാധിക്കുകയും ചെയ്യും ഒരു സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തില്‍ ഇസാം അല്‍ മര്‍സൂഖ് വ്യക്തമാക്കി.