Kerala
ജിഷ്ണുവിന്റെ മരണം; കോളേജിലേക്കുള്ള വിദ്യാര്‍ഥി മാര്‍ച്ചില്‍ സംഘര്‍ഷം

പാലക്കാട്: പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ് മാര്‍ച്ചുകള്‍ അക്രമാസക്തമായി. പോലീസ് വലയം ഭേദിച്ച് കോളേജിനുള്ളില്‍ പ്രവേശിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ജനല്‍ ചില്ലുകളും ചെടിച്ചട്ടികളും തകര്‍ത്തു. പോലിസിന് നേരെയും കല്ലേറുണ്ടായി.
വെള്ളിയാഴ്ച വൈകുന്നേരമാണ് കോഴിക്കോട് സ്വദേശിയായ ജിഷ്ണു പ്രണോയി (18)യെ കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് മരിച്ച ജിഷ്ണു.
കോളേജ് അധികൃതരുടെ ക്രൂരമായ ശാരീരിക മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച് മര്‍ദിച്ചതായും ഇതിന്റെ പാടുകള്‍ ജിഷ്ണുവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഗുരുതരാവസ്ഥയിലായ ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.