Connect with us

Kerala

റേഷന്‍ പ്രതിസന്ധിക്ക് കാരണം സര്‍ക്കാരാണെന്ന പ്രചാരണം ശരിയല്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധി എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയതാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അരിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് സംസ്ഥാനത്തിന് പ്രത്യേക പരിഗണന ലഭിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യമൊട്ടാകെ നിലവില്‍ വന്ന ഭക്ഷ്യസുരക്ഷാ നിയമം കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് തന്നെ നടപ്പാക്കേണ്ടതായിരുന്നെന്നും എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങളൊന്നും ചെയ്യാതെ പലകാരണങ്ങള്‍ പറഞ്ഞ് അവധി നീട്ടിവാങ്ങുകയായിരുന്നെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….
സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധി എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉണ്ടാക്കിയതാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ശരിയല്ല.
രാജ്യമൊട്ടാകെ നിലവില്‍വന്ന ഭക്ഷ്യസുരക്ഷാ നിയമം
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് തന്നെ നടപ്പാക്കേണ്ടതായിരുന്നു . എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങളൊന്നും ചെയ്യാതെ പലകാരണങ്ങള്‍ പറഞ്ഞ് അവധി നീട്ടിവാങ്ങി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴേക്കും കേരളമല്ലാത്ത മറ്റെല്ലാ സംസ്ഥാനങ്ങളും നിയമം നടപ്പാക്കിക്കഴിഞ്ഞിരുന്നു. നിയമം ഇനിയും നടപ്പാക്കാത്ത കേരളത്തിന് അരി തരാന്‍ നിര്‍വാഹമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം റേഷന്‍ പ്രതിസന്ധിയുണ്ടായി എന്ന രീതിയിലാണ് പ്രചാരണങ്ങള്‍.

രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന ഒട്ടേറെ നാണ്യവിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമെന്ന നിലക്ക് കേരളത്തിനാവശ്യമായ അരി കേന്ദ്രം നല്‍കാമെന്നായിരുന്നു ഇതുവരെയുള്ള കരാര്‍. എ.കെ.ജി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ കേരളം ഒറ്റക്കെട്ടായി നിന്ന് സമരം നയിച്ചതിന്റെ ഭാഗമായിട്ടായിരുന്നു സ്റ്റാറ്റിയൂട്ടറി റേഷനിങ്ങ് സമ്പ്രദായം നിലവില്‍ വന്നത്. എന്നാല്‍ പുതിയ ഭക്ഷ്യസുരക്ഷാ നിയമം വന്നതോടെ മുന്‍ഗണനാ പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് മാത്രം സൗജന്യ അരിയെന്ന തീരുമാനത്തില്‍ കേരളത്തിന് മാത്രം ഇളവ് നല്‍കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രം. അതോടെ നേരത്തേ ബി.പി.എല്‍ പട്ടികയിലുണ്ടായിരുന്ന ഒട്ടേറെ കുടുംബങ്ങള്‍ക്ക് ആവശ്യത്തിന് അരി കിട്ടാത്ത അവസ്ഥ വന്നിരിക്കുകയാണ്.

നിലവില്‍ സൗജന്യ അരിക്ക് അര്‍ഹതയില്ലാത്തതും നേരത്തേ സംസ്ഥാന മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നതുമായ കുടുംബങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന രണ്ട് കിലോ അരി മൂന്നാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതോടൊപ്പം അരിയുടെ കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് പ്രത്യേക പരിഗണന ലഭിക്കുന്നതിന് ആവുന്നതെല്ലാം ചെയ്യും.

---- facebook comment plugin here -----

Latest