Connect with us

Gulf

അസാധുവാക്കിയ നോട്ടുകള്‍ മാറ്റാന്‍ അവസരം വേണമെന്ന്

Published

|

Last Updated

ദോഹ: അസാധുവാക്കിയ ഇന്ത്യന്‍ കറന്‍സികള്‍ മാറ്റാന്‍ പ്രവാസികള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മുന്‍ പ്രസിഡന്റ് ഗിരീഷ്‌കുമാര്‍ പാര്‍ലമെന്റിലെ വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും പാര്‍ലമെന്റ് ബോര്‍ഡ് വൈസ് വിപ്പുമായ ശരദ് ത്രിപാഠിയോട് ആവശ്യപ്പെട്ടു. ഫ്രന്‍ഡ്‌സ് ഓഫ് ഇന്ത്യയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ മന്ത്രിയെ സന്ദര്‍ശിച്ചാണ് ഗിരീഷ്‌കുമാര്‍ ആവശ്യമുന്നയച്ചത്. ഡിസംബര്‍ 31 വരെയാണ് സര്‍ക്കാര്‍ തിയ്യതി നിശ്ചയിച്ചിട്ടുള്ളതെങ്കിലും പ്രവാസികള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്ന കാര്യത്തില്‍ പരിഗണനയുണ്ടാകുമെന്ന് ശരദ് ത്രിപാഠി പറഞ്ഞു.

വിദ്യാലയങ്ങളിലെ അവധിക്കാലവുമായി ബന്ധപ്പെട്ട് ജൂണ്‍ മാസത്തിലാണ് പ്രവാസികളില്‍ ഭൂരിപക്ഷവും ഇന്ത്യയിലേക്ക് മടങ്ങുകയെന്നും അസാധുവാക്കിയ ഇന്ത്യന്‍ രൂപ കൈയ്യിലുള്ള പ്രവാസികള്‍ക്ക് സര്‍ക്കാറിന്റെ തീരുമാനം പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും ഗിരീഷ് കുമാര്‍ എം പിയെ അറിയിച്ചു. പ്രവാസികളുടെ തിരിച്ചു പോക്കിനെ കുറിച്ചും അത്തരക്കാര്‍ക്ക് ഇന്ത്യയില്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുന്നതിനെ കുറിച്ചും ഇന്ത്യാ ഗവണ്‍മെന്റ് ഗൗരവത്തോടെ ആലോചിക്കുന്നുണ്ടെന്ന് ശരദ് ത്രിപാഠി പറഞ്ഞു.
പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ പ്രവാസികള്‍ക്ക് നിക്ഷേപ അവസരം, ആധാര്‍- പാന്‍ കാര്‍ഡുകളുടെ പ്രവാസ ലോകത്തെ വിതരണം, അന്തര്‍ദേശീയ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയവയില്‍ സര്‍ക്കാര്‍ അടുത്ത ഘട്ടത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്ന് ഗിരീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

ബംഗളൂരുവില്‍ നടക്കുന്ന പതിനാലാമത് പ്രവാസി ഭാരതീയ ദിവസില്‍ ഖത്തറില്‍ നിന്നും വലിയ പ്രാതിനിധ്യം ഉണ്ടായതിനെ ത്രിപാഠി അഭിനന്ദിച്ചു. ഖത്വറിലെ ഇന്ത്യന്‍ പ്രവാസികളില്‍ ഭൂരിപക്ഷവും മലയാളികളായതിനാല്‍ ഇന്ത്യന്‍ എംബസിയില്‍ ഒരു മലയാളി ഉദ്യോഗസ്ഥനുണ്ടാകുന്നത് നന്നായിരിക്കുമെന്ന ഗിരീഷ് കുമാറിന്റെ ആവശ്യത്തെ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Latest