Connect with us

Ongoing News

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം; ജഡേജയ്ക്ക് ഏഴ് വിക്കറ്റ്‌

Published

|

Last Updated

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച വിജയം. ഇംഗ്ലണ്ടിനെ ഇന്നിംഗ്‌സിനും 75 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. ഇതോടെ ഇന്ത്യ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ 4-0ത്തിന് സ്വന്തമാക്കി. ഒരു ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന്റെ ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ താരമായത് .

282 റണ്‍സ് ലീഡ് വഴങ്ങി അഞ്ചാം ദിനം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ അലിസ്റ്റര്‍ കുക്കും കീറ്റണ്‍ ജെന്നിങ്‌സും ചേര്‍ന്ന സഖ്യം ആദ്യ വിക്കറ്റില്‍ 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കുക്ക് 49 റണ്‍സും ജെന്നിങ്‌സ് 54 റണ്‍സും നേടി പുറത്തായി. ആറു റണ്‍സെടുത്ത ജോ റൂട്ടും ഒരു റണ്ണെടുത്ത ബെയര്‍സ്‌റ്റോക്കും നിലയുറപ്പിക്കും മുമ്പ് മടങ്ങി. ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറി നേട്ടക്കാരന്‍ മോയിന്‍ അലിയുടെ ഇന്നിങ്‌സ് 44 റണ്‍സിനവസാനിച്ചപ്പോള്‍ സ്്‌റ്റോക്ക്‌സ് 23 റണ്‍സിനും ഡ്വാവ്‌സണ്‍ റണ്ണെടുക്കും മുമ്പും പുറത്തായി.

ഇന്നലെ മലയാളി താരം കരുണ്‍ നായര്‍ നേടിയ ട്രിപ്പിള്‍ സെഞ്ചുറിയുടെയും 199 റണ്‍സടിച്ച ലോകേഷ് രാഹുലിന്റെയും മികവില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 759 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു. ഇന്ത്യടെസ്റ്റില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മോയിന്‍ അലിയുടെ ശതക മികവില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 477 റണ്‍സാണ് നേടിയത്.

Latest