Connect with us

National

പനീര്‍ ശെല്‍വം ഇനി പകരക്കാരനില്ലാത്ത മുഖ്യമന്ത്രി

Published

|

Last Updated

പനീര്‍ ശെല്‍വം പലതവണ പകരക്കാരനായിട്ടുണ്ട്. ഒടുവിലിപ്പോള്‍ പുരട്ചി തലൈവി ഒഴിച്ചിട്ട നികത്താകാനാത്ത ഒഴിവില്‍ മുഖമന്ത്രിപദത്തിലെത്തിയിരിക്കുകയാണ് അദ്ദേഹം. 1951ല്‍ ജനിച്ച പനീര്‍ശെല്‍വത്തിന് അമ്പത് വര്‍ഷം വേണ്ടിവന്നു തമിഴ്‌രാഷ്ട്രീയത്തില്‍ ഒരു മേല്‍വിലാസമുണ്ടാക്കാന്‍. 1996ല്‍ പെരിയാകുളം മുനിസിപ്പല്‍ ചെയര്‍മാന്‍ ആകുന്നതോടെയാണത്. ആ സ്ഥാനത്ത് അഞ്ച് വര്‍ഷം തികച്ച അദ്ദേഹം 2001ല്‍ ആദ്യമായി എം എല്‍ എയും ജയലളിത മന്ത്രിസഭയില്‍ അംഗവുമായി.
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ജയലളിത മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനിന്നപ്പോള്‍ പകരക്കാരനായപ്പോഴാണ് പനീര്‍ശെല്‍വം എന്ന വിനീതവിധേയനായ രാഷ്ട്രീയക്കാരനെ രാജ്യം ശ്രദ്ധിച്ചത്. 2014ലും ജയക്ക് പകരം അദ്ദേഹം മുഖ്യമന്ത്രിയായി. ജയലളിതയിരുന്ന കസേര ഒഴിച്ചിച്ചിട്ട് ഇരിപ്പുറക്കാതെ ഭരിച്ച പനീര്‍ശെല്‍വം ഇന്ന് സ്വതന്ത്ര മുഖ്യമന്ത്രിയായി മാറിയിരിക്കുന്നു.
എം ജി ആറിന്റെ മരണത്തിന് ശേഷം 1987ല്‍ എ ഐ എ ഡി എംകെ പിളര്‍പ്പോള്‍ ജാനകി രാമചന്ദ്രന്‍ പക്ഷത്തായിരുന്നു പനീര്‍ശെല്‍വം. 1989ല്‍ ജയലളിത ആദ്യ നിയമസഭാ പോരാട്ടത്തിന് തിരെഞ്ഞെടുത്തത് പനീര്‍ശല്‍വത്തിന്റെ നാടായ ബോദിനായ്ക്കന്നൂരായിരുന്നു. ജാനകീ പക്ഷത്തെ വെന്നിര ആടൈ നിര്‍മല എന്ന സിനിമാതാര സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പനീര്‍ശെല്‍വത്തിന്റെ വീട്ടിലായിരുന്നു ഏകോപിപ്പിച്ചിരുന്നത്. തിരഞ്ഞെടുപ്പില്‍ ജയലളിത വിജയിച്ചു. തുടര്‍ന്ന് ജാനകീ പക്ഷം ജയലളിതക്കൊപ്പം ചേര്‍ന്നപ്പോള്‍ പനീര്‍ശെല്‍വവും കൂടെക്കൂടി. 1996ലെ തിരഞ്ഞെടുപ്പില്‍ തോല്‍വിക്ക് പിന്നാലെ നേതാക്കള്‍ കൂട്ടത്തോടെ ഡി എം കെയിലേക്ക് ചേക്കേറിയ നേരം പനീര്‍ശെല്‍വം ജയക്കൊപ്പം ഉറച്ചുനിന്നു. ശശികലയുമായുള്ള അടുപ്പം അദ്ദേഹത്തെ ജയലളിതയുടെ വിശ്വസ്തനാക്കി മാറ്റുകയും ചെയ്തു. ജയയെ വിജയിപ്പിച്ച ബോദിനായ്ക്കന്നൂരില്‍ നിന്ന് മൂന്ന് തവണ പനീര്‍ശെല്‍വം നിയമസഭയിലെത്തി. ധനമന്ത്രിയായി. വിധേയത്വവും ക്ഷമയും അദ്ദേഹത്തെ ശശികലക്ക് ശേഷം പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനക്കാരനാക്കി ഉയര്‍ത്തി.
പകരക്കാരനെന്ന വേഷം അണിയാതെ, ജയലളിതയില്ലാത്ത എ ഐ എ ഡി എം കെയില്‍ നിന്ന് ആദ്യ മുഖ്യമന്ത്രിയായാണ് പനീര്‍ശെല്‍വം ചുമതലയേറ്റിരിക്കുന്നത്. ശശികലയുടെ “മന്നാര്‍ഗുഡി മാഫിയ”യെ നേരിടുക എന്നതായിരിക്കും അദ്ദേഹത്തിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.