Connect with us

International

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: രണ്ടാം സംവാദം വീക്ഷിച്ചവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്‌

Published

|

Last Updated

സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ നടന്ന തിരഞ്ഞെടുപ്പ് സംവാദം കഴിഞ്ഞതിന് ശേഷം  അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ഡൊണാള്‍ഡ് ട്രംപും ഹിലരി ക്ലിന്റനും ഹസ്തദാനം ചെയ്യുന്നു

സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ നടന്ന തിരഞ്ഞെടുപ്പ് സംവാദം കഴിഞ്ഞതിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ഡൊണാള്‍ഡ് ട്രംപും ഹിലരി ക്ലിന്റനും ഹസ്തദാനം ചെയ്യുന്നു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന സ്ഥാനാര്‍ഥികളുടെ തത്സമയ ടെലിവിഷന്‍ സംവാദം ടി വിയിലൂടെ കണ്ടവരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഈ മാസം രണ്ടിന് നടന്ന ആദ്യ സംവാദം 8.4 കോടി ജനങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് സ്ത്രീകളെ മോശമായി പരാമര്‍ശിക്കുന്ന വീഡിയോ പുറത്തു വന്നതിന് ശേഷം നടന്ന രണ്ടാമത്തെ സംവാദം ആറ് കോടി ജനങ്ങള്‍ കണ്ടതായി കണക്കുകള്‍ പറയുന്നു. ഈ മാസം ഒമ്പതിനാണ് ഒന്നര മണിക്കൂര്‍ നീണ്ട രണ്ടാമത്തെ സംവാദം നടന്നത്.
ഓണ്‍ലൈനിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ബാറുകള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ചു കണ്ടവരുടെയും കണക്കുകള്‍ ലഭ്യമായിട്ടില്ല. വിവാദ വീഡിയോ പുറത്തു വന്നതിന് ശേഷം മുതിര്‍ന്ന റിപ്പബ്ലിക്കന്‍ നേതാക്കള്‍ ട്രംപിനെ തള്ളിപ്പറഞ്ഞതിന് ശേഷമാണ് സംവാദം നടന്നത്. ഇത് പ്രേക്ഷകരെ സംവാദം കാണുന്നതില്‍ നിന്ന് അകറ്റാന്‍ കാരണമായി. പ്രമുഖ ചാനലായ എന്‍ ബി സിയില്‍ ഞായറാഴ്ച രാത്രി നടക്കുന്ന ഫുട്‌ബോള്‍ മത്സരം സംപ്രേഷണം ചെയ്ത സമയത്തായിരുന്ന സംവാദം നടന്നത്. ചാനല്‍ സംവാദം സംപ്രേഷണം ചെയ്തിരുന്നില്ല. ഫുട്‌ബോള്‍ മത്സരം 15 കോടി ജനങ്ങള്‍ കണ്ടതായും കണക്കുകള്‍ പറയുന്നു.
ദേശീയ ഫുട്‌ബോള്‍ ലീഗ്, ബേസ്‌ബോള്‍ മത്സരങ്ങള്‍ക്ക് ഞായറാഴ്ച അവധിയായിരുന്നു. വോട്ടര്‍മാരില്‍ അധികവും തങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഇപ്പോള്‍ തന്നെ തീരുമാനിച്ചിട്ടുണ്ടെന്നും അതിനാലാണ് സംവാദം ടി വിയില്‍ കാണാതിരുന്നതെന്നും തെക്കന്‍ കാലിഫോര്‍ണിയയിലെ പ്രമുഖ പ്രൊഫസര്‍ പറഞ്ഞു. ഹിലരി ക്ലിന്റന്റെ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റനെതിരെ ലൈംഗിക അപവാദം നിറഞ്ഞ വീഡിയോ പുറത്തായതും ആളുകളെ സംവാദം കാണുന്നതില്‍ നിന്നും അകറ്റിയെന്നും വിദഗ്ധര്‍ പറയുന്നു.