Connect with us

Articles

സാദാത്തീങ്ങളുടെ പാരമ്പര്യം

Published

|

Last Updated

അഹ്‌ലുബൈത്തിന് ഇസ്‌ലാമിക ലോകത്തിന്റെ ചരിത്രത്തില്‍ മഹത്തായ ഇടമുണ്ട്. പ്രവാചകര്‍ (സ) തങ്ങളുടെ താവഴിയില്‍ പിറന്ന സയ്യിദന്‍മാര്‍ അറിവിന്റെയും ആത്മീയതയുടെയും സാമൂഹിക മുന്നേറ്റത്തിന്റെയുമൊക്കെ വഴിയില്‍ എല്ലാവര്‍ക്കും മാതൃകയായി നിലകൊണ്ടവരാണ്. ഇസ്‌ലാമിക ലോകം ഇന്നുവരെ സയ്യിദന്‍മാരെ ആ അര്‍ഥത്തില്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹത്തെ ചലനാത്മകമാക്കുന്നതില്‍ സയ്യിദന്‍മാര്‍ നിരന്തരം പ്രയത്‌നിക്കുകയും ചെയ്തിട്ടുണ്ട്.
മുസ്‌ലിം ലോകത്ത് സാദാത്തീങ്ങള്‍ നിര്‍വഹിച്ച ഐതിഹാസികമായ മുന്നേറ്റത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട്. ആനി കെ. ബാങ്കിന്റെ “സൂഫീസ് ആന്‍ഡ് സ്‌കോളേഴ്‌സ് ഓഫ് ദ സീ” എന്ന പുസ്തകം അപഗ്രഥിക്കുന്നത്, യമനില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ച് ഇസ്‌ലാമിക പ്രബോധനത്തിന്റെ വഴിയില്‍ തിളക്കമാര്‍ന്ന സേവനം കാഴ്ചവെച്ച സയ്യിദന്‍മാരുടെ ജീവിതത്തെയാണ്. യമനീ സാദാത്തീങ്ങള്‍ കേരളത്തിലെത്തിയിട്ടുണ്ട്. യമനിലെ ഹള്‌റമൗത്തിലെ സയ്യിദന്‍മാരുടെ പാരമ്പര്യം വിശദീകരിക്കുന്ന നരവംശശാസ്ത്ര പഠനങ്ങളിലൊക്കെ പറയുന്നത് നാടുവിട്ടുള്ള അവരുടെ സഞ്ചാരങ്ങളെക്കുറിച്ചാണ്. എങ്‌സംഗ് ഹോയുടെ “ദ ഗ്രേവ്‌സ് ഓഫ് തരീം” എന്ന കൃതിയും ഈ സഞ്ചാരങ്ങളെയും അവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാക്കിയ മതകീയവും സാമൂഹികവുമായ നവോത്ഥാന ഉണര്‍വുകളെ പരാമര്‍ശിക്കുന്നു..
അനേകം ഖബീലകളിലുള്ള സയ്യിദന്‍മാര്‍ കേരളത്തിലുണ്ട്. ഓരോ നാട്ടിലും ഇപ്പോഴും അവര്‍ നിര്‍വഹിക്കുന്ന നേതൃത്വത്തിന്റെ മികവും തികവുമൊക്കെ സൂക്ഷ്മമായി അറിയാന്‍ കേരളത്തിലെ മുസ്‌ലിംകള്‍ താമസിക്കുന്ന ഓരോ പ്രദേശത്തിന്റെയും ചരിത്രവും വര്‍ത്തമാനവും പരിശോധിച്ചാല്‍ മതി. എക്കാലവും സംയമനത്തിന്റെയും സമാധാനത്തിന്റെയും പാതയിലാണ് ഈ സയ്യിദന്‍മാര്‍ നിലകൊണ്ടിട്ടുള്ളത്. അതേ സമയം, ബ്രിട്ടീഷുകാരെപ്പോലുള്ളവര്‍ നമ്മുടെ നാട്ടില്‍ വന്ന് അധിനിവേശം നടത്തിയപ്പോള്‍ അതിശക്തമായി പ്രതിരോധിക്കുകയും ജനങ്ങളെ സമരോത്സുകമാക്കുകയും ചെയ്ത പാരമ്പര്യവും സയ്യിദന്‍മാര്‍ക്കുണ്ട്. മമ്പുറം തങ്ങളുടെയും മകന്‍ സയ്യിദ് ഫസല്‍ തങ്ങളുടെയുമൊക്കെ ചരിത്രം ഇത് പറയുന്നുമുണ്ടല്ലോ. ആനി കെ ബാങ്കിന്റെ പുസ്തകത്തില്‍ സയ്യിദ് ഫസല്‍ തങ്ങള്‍ നിര്‍വഹിച്ച അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെയും അതിന്റെ പേരില്‍ അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ നാടുകടത്തിയതിനെയും പരാമര്‍ശിക്കുന്നുണ്ട്.
സമസ്തയുടെ സ്ഥാപക നേതാവും പ്രസിഡണ്ടുമായിരുന്ന വരക്കല്‍ മുല്ലക്കോയ തങ്ങള്‍, ഹളറമൗത്തില്‍ നിന്ന് കേരളത്തിലെത്തിയ സയ്യിദ് ബാഅലവീ മുഹമ്മദ്‌ലി ഹാമിദ് തങ്ങളുടെ സന്താന പരമ്പരയില്‍പെട്ട ഒരാളാണ്. വലിയ ജ്ഞാനിയും സാമൂഹിക ഇടപെടലുകളുടെ മുന്‍പന്തിയില്‍ നിന്ന ആധ്യാത്മിക നേതാവുമായിരുന്നു തങ്ങള്‍. 1932ല്‍ വഫാത്താകുന്നത് വരെയുള്ള 92 വര്‍ഷക്കാലത്തെ ജീവിതത്തിനിടയില്‍ മതപരവും ധാര്‍മികവുമായി മലബാര്‍ മുസ്‌ലിംകളെ നയിക്കുന്നതില്‍ വരക്കല്‍ തങ്ങള്‍ വലിയ പങ്കുവഹിച്ചു. ബഹുഭാഷാ പണ്ഡിതനായിരുന്ന തങ്ങള്‍ മുസ്‌ലിംകളുടെ വേദനകളെക്കുറിച്ച് ബ്രിട്ടീഷുദ്യോഗസ്ഥന്‍മാരെ സമീപിച്ച് പരിഹാരം നിര്‍ദേശിച്ചിരുന്നു. 1920കളില്‍ ഐക്യ സംഘം എന്ന പേരില്‍ കേരളീയ മുസ്‌ലിംകളെ ഭിന്നിപ്പിക്കാന്‍ പിഴച്ച ചിന്തകളുമായി ആധുനിക വാദികളായ ചിലര്‍ രംഗത്ത് വന്നപ്പോള്‍ പണ്ഡിതന്‍മാരെ ഒരുമിപ്പിച്ച് സമസ്തക്ക് രൂപം നല്‍കാനും തങ്ങള്‍ മുന്‍പന്തിയില്‍ നിന്നു.
പണ്ഡിതന്‍മാരും സയ്യിദന്‍മാരും ഒരുമിച്ച് നിന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ ചാലക ശക്തിയായി നിന്നത്. ഉമര്‍ഖാളിയും മമ്പുറം തങ്ങളുമൊക്കെ ഉണ്ടാക്കിയ അറിവിന്റെയും ആധ്യാത്മികതയുടെയും വിപ്ലവവും സാമൂഹിക സൗഹാര്‍ദത്തിന്റെ മാതൃകകളും അനുപമമാണ്. മത ജാതി ഭേദമന്യേ എല്ലാ വിഭാഗം ആളുകളുടെയും നേതൃത്വമായിരുന്നു കേരളത്തിലെ സയ്യിദന്‍മാര്‍.
സയ്യിദ് അബ്ദുര്‍റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങളുടെ ജീവിതത്തിലും കാണാം ഉന്നതമായ നേതൃത്വം നല്‍കിയ നേതാവിനെ. ആഴമുള്ള അറിവിലൂടെയും ആത്മീയ പാരമ്പര്യത്തിലൂടെയും ഉള്ളാള്‍ തങ്ങള്‍ ഉണ്ടാക്കിയ വിപ്ലവത്തെ പുതിയ തലമുറ നന്നായി പഠിക്കേണ്ടതുണ്ട്. മംഗലാപുരത്തെ പ്രധാന ആശുപത്രികളില്‍ നിന്നെല്ലാം ഡോക്ടര്‍മാര്‍ പോലും അവസാന ഘട്ട അതിജീവനത്തിന് രോഗികളെ പറഞ്ഞ് വിടാറ് ഉള്ളാള്‍ തങ്ങളുടെ അടുത്തേക്കായിരുന്നു.
മര്‍കസിന്റെ വളര്‍ച്ചയില്‍ എക്കാലത്തും സയ്യിദന്‍മാരുടെ നേതൃത്വം വലിയ താങ്ങും തണലുമായിട്ടുണ്ട്. ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ സയ്യിദ് അലവി മാലികി മക്കയാണ് മര്‍കസിന് ശില പാകിയത്. കാന്തപുരം ഉസ്താദിന്റെ ജീവിതത്തിലും സയ്യിദന്‍മാരോടുള്ള അപാരമായ ആദരവും ബഹുമാനവും കാണാന്‍ കഴിയും. സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ അവേലത്ത് തങ്ങള്‍ കാന്തപുരം ഉസ്താദിന്റെ കൂടെ നിന്ന് മര്‍കസിന്റെ വൈജ്ഞാനിക പുരോഗതിക്കും ആത്മീയ മുന്നേറ്റത്തിനും വലിയ സംഭാവനകള്‍ നല്‍കിയ നേതാവാണ്. സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളും മര്‍കസിന്റെ പ്രസിഡന്റായ നേതാവാണ്. ഇപ്പോള്‍ മര്‍കസിന്റെ പ്രസിഡന്റായ സയ്യിദ് അലി ബാഫഖി തങ്ങളും പ്രവാചക കുടുംബ പരമ്പരയില്‍ ശ്രേഷ്ഠമായ സാന്നിധ്യമാണ്. നിലവില്‍ മര്‍കസിന്റെ വൈസ് പ്രസിഡന്റുമാരായ യൂസുഫുല്‍ ജീലാനി സി എം വലിയുള്ളാഹിയുടെ പ്രധാനപ്പെട്ട ആധ്യാത്മിക സഹചാരികളിലൊരാളാണ്. മഹാനായ അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ പുത്രനായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങളാണ് മറ്റൊരു വൈസ് പ്രസിഡന്റ്. പാണക്കാട് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങളും സയ്യിദ് ജമലുല്ലൈലി തങ്ങളുമൊക്കെ മര്‍കസിന്റെയും സുന്നിപ്രസ്ഥാനത്തിന്റെയും മുന്നേറ്റത്തിന് നല്‍കിയ പിന്തുണകള്‍ വിവരണാതീതമാണ്.
സയ്യിദന്‍മാരെ ആദരിക്കുന്നതിന് ഇസ്‌ലാമില്‍ ശ്രേഷ്ഠതയുണ്ട്. റസൂല്‍ (സ) തങ്ങളോടുള്ള ബഹുമാനം എല്ലാ വിഭാഗം ജനങ്ങളിലും നിലനിര്‍ത്തുന്നതില്‍ സയ്യിദന്‍മാരുടെ വിശിഷ്ട ജീവിതം നിമിത്തമായിട്ടുണ്ട്. അതുകൊണ്ടു തന്നെ മര്‍കസ് മുഹര്‍റം ഒമ്പതിന് സാദാത്ത് ഡേ ആയി കഴിഞ്ഞ വര്‍ഷം മുതല്‍ ആചരിച്ചുവരുന്നു. കേരളത്തിലെ എല്ലാ ഖബീലകളിലെയും സയ്യിദന്‍മാരെ മര്‍കസിലേക്ക് കൊണ്ടുവന്ന് അവര്‍ക്ക് ആദരവ് നല്‍കുകയും പുതിയ കാലത്ത് അവര്‍ നിര്‍വഹിക്കുന്ന സാമൂഹിക മുന്നേറ്റത്തിന്റെ വ്യത്യസ്ത തലങ്ങളെ ചര്‍ച്ച ചെയ്യുകയുമാണ് ഈ പരിപാടിയിലൂടെ നടത്തുന്നത്. ഇന്ന് മുഹര്‍റം ഒമ്പത് ഉച്ച മുതല്‍ മഗ്‌രിബ് നോമ്പ് തുറവരെ രണ്ടാം സാദാത്ത് ഡേ മര്‍കസില്‍ നടക്കുകയാണ്.

Latest