National
കശ്മീര്‍: ചര്‍ച്ചക്ക് തയ്യാറാവാത്തവര്‍ മനുഷ്യത്വമില്ലാത്തവരെന്ന് രാജ്‌നാഥ് സിംഗ്

ശ്രീനഗര്‍: കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാവാത്തവര്‍ മനുഷ്യത്വമില്ലാത്തവരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ചര്‍ച്ച നടത്താനുള്ള സര്‍വകക്ഷി സംഘത്തിലെ ഇടത് അംഗങ്ങളുടെ ശ്രമത്തോട് മുഖം തിരിച്ച വിഘടനവാദികളുടെ നടപടി കശ്മീരിയത്തിനും ഇന്‍സാനിയത്തിനും എതിരാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീര്‍ സന്ദര്‍ശിച്ച സര്‍വകക്ഷി സംഘം മടങ്ങുന്നതിന്റെ മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാജ്‌നാഥ് സിംഗ് വിഘടനവാദികളുടെ നടപടി രൂക്ഷമായി വിമര്‍ശിച്ചത്.
കശ്മീര്‍ വിഷയത്തില്‍ ആരുമായും ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാണ്. ചര്‍ച്ചയുടെ വാതിലുകള്‍ എല്ലായിപ്പോഴും തുറന്നിട്ടിരിക്കുകയായിരിക്കും. കശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായിരുന്നു. അത് ഇനിയും അങ്ങനെത്തന്നെ ആയിരിക്കും.
കഴിഞ്ഞ തവണ കശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ പെല്ലറ്റ് തോക്കുകള്‍ക്ക് മൂന്ന് മാസത്തിനകം ബദല്‍ മാര്‍ഗം കണ്ടെത്തുമെന്ന് പറഞ്ഞിരുന്നു. പറഞ്ഞസമയത്തിന് മുമ്പ് തന്നെ വാഗ്ദാനം നിറവേറ്റിയിട്ടുണ്ട്. ഇനി മുതല്‍ മുളകുപൊടി ഉപയോഗിക്കുന്ന പാവ ഷെല്ലുകളാവും കശ്മീരില്‍ ഉപയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു.